ആയിരമസ്ഥികൾ നുറുങ്ങുംവേദന
ആനന്ദമോടെയേറ്റമ്മ
ആദ്യകൺമണിക്കുയിരേകി
ആനന്ദാശ്രുക്കൾ പൊഴിച്ചമ്മ

ആരുംകൊതിക്കുമാപ്പൊൻകുരുന്നിനെ
ആമോദമോടെയരികത്തണച്ചമ്മ
അലിവോടെയമ്മിഞ്ഞപ്പാലേകി
അറിയാത്തരുചിനുണഞ്ഞുപൈതൽ

അലിവിൻ്റെ ചൂടേറ്റവൻ
അള്ളിപ്പിടിച്ചു കുരുന്നുകയ്യാൽ
ആ കരുതലിൽ മുഖം പൂഴ്ത്തി
അമൃതുണ്ടു പുളച്ചവൻ

അരവയർ പട്ടിണിയെങ്കിലും
ആത്മ നിർവൃതിയാൽ
അരുമക്കിടാവിനന്നമൂട്ടി
അമ്പിളിമാമനെക്കാട്ടിയുറക്കി

അരമണി കിങ്ങിണികെട്ടി
അവനൊരുകിടാവായ്
അമ്മതൻ രക്തമൂറ്റിക്കുടിച്ചവൻ
ആരിലും കേമനായ് വളർന്നു

അല്ലലറിയിച്ചിടാതെ
ആഗ്രഹമേതുമേ
അവനായ് ചൊരിഞ്ഞമ്മ
അവനിയിലവനു വെളിച്ചമായ്

അന്തസ്സോടെ വാഴുവാനായ്
അന്തമില്ലാതെ പാഞ്ഞിന്ന്
അവശതയേറിത്തളർന്ന്
അശ്രുപൊഴിക്കയല്ലോ

ആണ്ടുകൾ താണ്ടിയോരമ്മ
ആണ്ടവനോടിന്നു കേഴുന്നു
അലിവൊന്നുകാട്ടിയില്ലെങ്കിലും
അകലേക്കയച്ചീടരുതേ

ആശകളറ്റുപോയിന്ന്
അകമുറിക്കോണിലൊടുങ്ങാം
ആദ്യകൺമണീ കരളേ നീ
അകലെത്തെ സദനമേകരുതേ

ബി.സുരേഷ് കുറിച്ചിമുട്ടം

By ivayana