ഒന്നിച്ചു പറക്കുന്നൊരു
പക്ഷിയുടെ ചെറു തൂവൽ
അടർന്നു വിഴുന്നത്
കാണുമ്പോഴുള്ള വേദന
നെഞ്ചിലങ്ങിനെ കെട്ടിക്കിടക്കും
വാക്കുകളിടമുറിഞ്ഞ്
തന്നിൽ നിന്നൊരു തൂവലിൻ്റെ
വേർപാടിലനുഭവിച്ചറിയും.
ഇലകളിതളടരുമ്പോൾ
മരം സന്തോഷിക്കാറില്ല
കാറ്റുലയ്ക്കുമ്പോൾ
ചേർത്തുപിടിച്ചിലകളോടൊപ്പം
ചങ്കു പിടച്ചിലാവും.
നോവിൻ്റെ ഭാഷ
വർണ്ണനാതീതമാണ്
വലിഞ്ഞുമുറുകുമ്പോഴും
ഒറ്റ ശ്വാസത്തിൽ
ചിലതൊക്കെ പറഞ്ഞു വെക്കും
വേർപാടിന്
കൊടുക്കുവാൻ കഴിയുന്ന
ഒറ്റപ്പേരാണ് മരണം
തിരിച്ചു വരാനാകാത്ത വിധം
നോവിൻ്റെ കടലാസുകളിൽ
കുറിച്ചിടുന്ന ഹൃദയത്തിൻ്റെ ഭാഷ
അനുഭവത്തിൻ്റെ
തീച്ചൂളയിൽ നിന്നൊരു
ബാവാലിപ്പുഴ ഒഴുകി പോകുന്നു
അതിന്നടിത്തട്ടിലപ്പോഴും
രണ്ടു പേരുടെ സൗഹൃദ ഭാഷണം
ഒരാൾ സംസാരിച്ചിരിക്കുന്നു
പ്രതികരിക്കാനാവാതെ മറ്റൊരാൾ
തമ്മിൽ നോവിൻ്റെ ഭാഷ
വശമുള്ളത് കൊണ്ടാവാം
കാത്തിരിപ്പിനെത്രമേൽ
ദൈർഘ്യമുണ്ടായതും വിതുമ്പിപ്പോയതും !!

റഫീക്ക് ആറളം

By ivayana