രചന : കുന്നത്തൂർ ശിവരാജൻ✍
മഞ്ഞും തണുപ്പും നേർത്ത വെയിലും വെന്റിലേഷനിലൂടെ അരിച്ചെത്താൻ തുടങ്ങി. ചകോരപ്പക്ഷികളുടെ ഉണർത്തുപാട്ട് കഴിഞ്ഞു. ഇനി കാക്കകളുടെ ഊഴമാണ്.
മുറ്റത്ത് പത്രക്കാരൻ സേതുവിന്റെ ബൈക്ക് വന്ന് നിൽക്കുന്നത് അയാൾ അറിഞ്ഞു.
എന്തിനാണ് അവൻ ഹോൺ അടിക്കുന്നത്?
ജനാല തുറന്ന് പുറത്തേക്ക് നോക്കി അല്പം നീരസത്തോടെ അയാൾ ആരാഞ്ഞു.
‘ എന്തെടേ?’
‘ ഭാർഗവേട്ടൻ അറിഞ്ഞോ? നമ്മുടെ അപ്പുണ്ണി സാറ് തൂങ്ങിമരിച്ചു ‘
‘ അയ്യോ! ഇന്നലെ സന്ധ്യയ്ക്കും ഞാൻ കണ്ടതാ’
‘ നാട്ടുകാർക്കൊക്കെ ചിട്ടിക്കും വണ്ടിക്കും ജാമ്യം നിന്നു. കുറെ നാളായി വീട്ടിൽ മുഴു പട്ടിണിയും വഴക്കും. അരിക്കും തുണിക്കും പണമില്ല. ശമ്പളത്തിൽ നിന്നല്ലേ പിടുത്തം. പിന്നെ കയ്യിൽ കിട്ടാൻ ഒന്നും ബാക്കിയില്ല.’
‘ എന്നാലും കഷ്ടമായിപ്പോയി.
ചാകണ്ടായിരുന്നു. എന്തിനും ഒരു പരിഹാരം ഇല്ലേ? നാട്ടിലെ മധ്യസ്ഥന്മാർ എല്ലാം തീർന്നു പോയോ? അതല്ലേ കോടതിയില്ലേ?’
‘ എല്ലാം കണക്കാ… ഇനി സാറ് മുട്ടാൻ ഒരു വഴിയില്ല.ഭാര്യയും മക്കളും പിണങ്ങി പോയത് ഇന്നലെ രാവിലെ. രാത്രി തന്നെ അങ്ങേര് തൂങ്ങി. പത്രമിടാൻ ചെന്നപ്പോഴേക്കും ആൾക്കാരൊക്കെ അറിഞ്ഞു വന്നിരുന്നു. രണ്ടുമൂന്ന് ബന്ധുക്കളെ ഫോണിൽ മെസ്സേജ് ഇട്ട് തൂങ്ങും മുൻപേ സാറ് അറിയിച്ചിരുന്നു . അങ്ങനെ…’
‘ എനിക്കും നിന്നതാ ജാമ്യം.
അഞ്ചുമാസമായി ഞാനും മുടക്കത്തിലാ. ഓർക്കാപ്പുറത്തല്ലേ ഓരോ ചെലവ്? മൂത്തവൻ ബൈക്കിൽ നിന്ന് ഒന്ന് മറിഞ്ഞു. രണ്ടാഴ്ച ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി. രൂപ അമ്പതിനായിരം പോയി.’
‘ ഞാൻ പോട്ടെ… ഇനി പോന്നെ ടുത്തെല്ലാം പറയണ്ടേ?’
‘ ആട്ടെ പത്രത്തിനൊപ്പം അതും ഇരിക്കട്ടെ. നീ ഉള്ളതുകൊണ്ടാ നാട്ടുകാര്യങ്ങൾ അറിയുന്നത്. അല്ലെങ്കിൽ ഇതൊക്കെ ആരറിയാൻ? ഒരാൾ ചത്താൽ അയൽക്കാരൻ പോലും ഏഴിന്റന്നേ അറിയൂ ‘
അത് മുഴുവൻ കേൾക്കാൻ സേതു നിന്നില്ല. അവന്റെ വണ്ടിയുടെ ഹോൺശബ്ദം അടുത്ത വീട്ടിൽ കേട്ടു.
അയാൾ മൂടൽമഞ്ഞ് ഏറ്റ് തുമ്മുകയും ചീറ്റുകയും ചെയ്തു.
ജനാല അടച്ചിട്ട് വീണ്ടും കിടക്കയിൽ അമർന്നു.
പങ്കജം ചായ കൊണ്ടുവരും വരെ മൂടിപ്പുതച്ച് കിടക്കാം.
അയാൾ ഓർത്തു.
അപ്പുണ്ണി സാറിന്റെ അമ്മ ആ വീട്ടിൽ ഇനി തനിച്ചാകും. അവരെന്ത് കഷ്ടപ്പെട്ടാണ് മകനെ പഠിപ്പിച്ചതും സാർ ആക്കിയതും. അപ്പുണ്ണി സാറിന് സൗഹാർദവും സഹാനുഭൂതിയും കൂടിപ്പോയി.
അപ്പുണ്ണിയുടെ അയൽവാസി
ഭഗീരഥൻ സാറ് അറുത്ത കൈക്ക് ഉപ്പ് തേയ്ക്കില്ല. എതിരെ നടന്നു വന്നാൽ മുഖമുയർത്തി ഒന്ന് നോക്കില്ല. അങ്ങോട്ട് ചിരിച്ചാൽ പോലും മൈൻഡ് ചെയ്യില്ല. ഒരർത്ഥത്തിൽ അങ്ങേരാണ് മിടുക്കൻ.
അപ്പുണ്ണി സാറിന്റെ അമ്മ തന്റെ വീട്ടിലും പണിക്കു വന്നിട്ടുണ്ട്.
ഞാറു നടാനും കള പറിക്കാനും കൊയ്യാനും ചവിട്ടാനും.
‘ടാ.. വ്വേ.എന്റെ കണ്ണിന് കാഴ്ച തീരെ പോരാ. തിമിരമാണ് ഓപ്പറേഷൻ വേണമെന്നാ ഡോക്ടർ പറഞ്ഞേ. അപ്പുണ്ണിയോട് പറഞ്ഞിട്ട് ഒരു ഫലവുമില്ല ‘.
‘ ഞാൻ കാണട്ടെ പറയാം. വീട്ടിൽ എങ്ങാനും ഇരിക്ക്. ഇങ്ങനെ കറങ്ങി നടന്ന് വല്ല വണ്ടിയും തട്ടി ഇട്ടാലോ?’
‘ ഇന്ന് ഒന്നാം തീയതിയല്ലിയോ?
എനിക്ക് അമ്പലത്തിൽ പോകാതിരിക്കാനാവില്ല. ചെറുതിലെ ശീലിച്ചതല്ലേ? കാലിന്റെ കാര്യവും കഷ്ടാണേ. ഒന്നിനും ഒരു ബലോം ഇല്ലെന്നായി.’
‘ കുട്ടിയമ്മയ്ക്ക് വയസ്സെത്ര ആയി?
‘ ഈ കർക്കിടകത്തില് അറുപത്തെട്ടാകും ആകും. ഇനി എത്രകാലത്തേക്കാ? അല്ലെങ്കിൽ അപ്പുണ്ണിയോട് ഒന്നും പറയണ്ട. അവന് വിഷമമാവും. ഒക്കെ എനിക്ക് പറഞ്ഞേക്കണതല്യൊ.’
അയാളുടെ മനസ്സ് അസ്വസ്ഥമായി. തന്റെ ജാമ്യത്തിന്റെ നോട്ടീസും അപ്പുണ്ണി സാറിനു കിട്ടിയിട്ടുണ്ടാവും. ഇന്നലെ നേരിൽ കണ്ടിട്ടും അക്കാര്യം ഒന്നും തന്നോട് പറഞ്ഞില്ല.
മകന് ആക്സിഡന്റ് പറ്റിയ കാര്യവും ബുദ്ധിമുട്ടും സാറിനോട് താൻ പറഞ്ഞിട്ടുണ്ടായിരുന്നു. അതിനാൽ ആകാം.
ആ മരണത്തിൽ തനിക്കും ഒരു പങ്കുണ്ട്. പത്തു ലക്ഷത്തിന്റെ ചിട്ടി പിടിച്ച് വീടൊന്ന് മെയിന്റനൻസ് നടത്തിയതാണ്.
തറ ടൈൽ ഇടാഞ്ഞ് നിരന്തരം പങ്കജത്തിന്റെ കുറ്റപ്പെടുത്തൽ. അവളുടെ പാഴാങ്കവും പരിഭവവും.
പഴയ സിമന്റ് തറയുമായി ഇക്കാലത്ത് മറ്റാരും കഴിയുന്നില്ലെന്ന്.
. പിള്ളേരൊക്കെ വലുതായി വരികയല്ലേ? ആൾക്കാരൊക്കെ ഓരോ കാര്യങ്ങളുമായി കയറി വരില്ലേ? കൊല്ലങ്ങൾ എളുപ്പമങ്ങ് പോകും. തുടങ്ങി അവൾ എന്തൊക്കെ പറഞ്ഞു? അവരുടെ കല്യാണം ഉറപ്പിച്ച മട്ടിലാ.എന്നാൽ ഒരു പവൻ മാല പോലും ഇതുവരെ മകൾക്ക് വാങ്ങാൻ പറ്റിയതുമില്ല.
അതിന് അവൾ പറയും മാലയൊക്കെ കല്യാണ സമയത്ത് എടുത്താൽ പോരേ എന്ന്? പെണ്ണുങ്ങൾ കാര്യം കാണാൻ മിടുക്കരാണ്. കുരുട്ട് ബുദ്ധികൾ ആണ്.
അയാൾ ഓരോന്ന് ചിന്തിച്ചു കൂട്ടി.
തണുപ്പ് ഒക്കെ മാറി ശരീരം വിയർക്കാൻ തുടങ്ങി. അപ്പുണ്ണി സാറിന്റെ ആത്മാവ് തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടാവാം.
അപ്പോഴേക്കും പങ്കജം ചായ കൊണ്ടുവന്ന് മേശപ്പുറത്ത് വച്ചു.
‘ എണീക്ക് നേരം ഒത്തിരിയായി ‘
‘ അടക്കം എപ്പോഴാണെന്ന് അറിയിച്ചുകൊണ്ട് അനൗൺസ്മെന്റ് വരും. പക്ഷേ പോസ്റ്റുമോർട്ടത്തിന് താമസം വരും.’
‘ നിങ്ങൾ എന്താ പിച്ചും പേയും പറയണത്?’
‘ നീയാ അപ്പുണ്ണിസാറിനെ കൊന്നത്. ജാമ്യക്കാർ എല്ലാംകൂടി കൊന്നത്.’
‘ അയ്യോ!’
അവർ തേങ്ങി!!