ഓട്ടൻ തുള്ളലിൽ പലതും പറയും
അതു കൊണ്ടാരും പരിഭവമരുത്
അഥവാ പരിഭവമുണ്ടെന്നാകിൽ
കുഞ്ചൻ നമ്പ്യാർ പാടിയ പോലെ
നമ്പ്യാർ പാടിയതെന്തെന്നറിയാം
ഞാനതു ചൊല്ലാം കഥ തീരട്ടെ…
ഒരുവനെയിപ്പോൾ പാടി വരക്കാം
കിട്ടിയതിങ്ങനെ വാങ്ങ്മയ ചിത്രം.
ഞാനിവിടുര ചെയ്യുന്നതു കേട്ട്
നാണക്കേടവനുണ്ടാവില്ല.
നാണോം മാനോം അവനില്ലെന്ന്
നാട്ടാരെല്ലാമറിയണകാര്യം.
അഴകനെയിപ്പൊ കണ്ടാലവനും
അപ്പാ… അപ്പാ… എന്നു വിളിക്കും
പണ്ടിവനി വനൊരു വിപ്ലവകാരി
തോക്കിൻ കുഴലിസമോതിയ മാന്യൻ
ഇവനുര ചെയ്തതു കേട്ടീട്ടന്ന്
ചില പാവങ്ങൾ പിറകെയിറങ്ങി .
വസന്തകാലം വരുമെന്നോർത്ത്
ഒളി യുദ്ധത്തിൻ മുറകൾ പഠിച്ചു.
ആയുധ ശേഖരമുണ്ടെന്നാരോ
ഒറ്റിയ നേരം പോലീസെത്തി .
വയലുക ളുഴുതു മറിച്ചവരൊക്കെ
കയ്യാമത്തി ലൊതുങ്ങിയ കാലം .
ഒറ്റിയതിവനാണെന്ന രഹസ്യം
കാലം പോകെ ലോകമറിഞ്ഞു.
ജീവനു ഭീഷണിയാണെന്നോർത്തീ –
ട്ടവനീ നാടും വീടും വിട്ടു.
അവനോ മാന്യൻ മാപ്പു പറഞ്ഞു
ജന രാജാവിൻ പാദം നക്കി.
പാദം നക്കിയ വകയിൽ കിട്ടി
വടക്കു തൊഴുത്തിൽ കാര്യസ്ഥാനം.
ഗോസായികളുടെ കോണക വാലിൽ
തുങ്ങി നടന്നു പദവികൾ പലതും
കരഗതമാക്കിയ വിപ്ലവ മാന്യൻ
വിശ്വം നിറയും വാനര ശ്രേഷ്ഠൻ.
കാറ്റു വടക്കൻ മാറിയ നേരം
തെക്കോട്ടിവനൊരു വഴിയുണ്ടാക്കി.
പാദുക പൂജയിൽ ‘ സ്വാഹ’ പറഞ്ഞ്
ഇവനിന്നിവിടെ പദവിയിലായി.
തെക്കു തൊഴുത്തിൽ കാര്യക്കാരൻ
നട്ടെല്ലെന്നതു പണ്ടേയില്ല.
കണ്ടതു കേട്ടതു മിണ്ടില്ലെന്ന്
കാരണ ഭുതനു കരളു പകുത്തു .
ഇപ്പോഴിവനെ വാഴ്ത്തിപ്പാടാൻ
ചുറ്റിലുമനുചര കോമാളികള്
കോമാളികളുടെ കേളികളെല്ലാം
വെളിയിട വിസർജ്യ വർജ്ജ്യം പോലെ.
അശ്ലീലതകൾ പലതും കണ്ട്
ദുശ്ശീലങ്ങൾ പഠിച്ചൊരു ജനത
കണ്ണുമടച്ചു കാതുമടച്ചു
ലഹരി നുണഞ്ഞു മയക്കവുമായി.
ഓട്ടൻ തുള്ളലിൽ പലതും പറയും
അതു കൊണ്ടാരും പരിഭവ മരുത്
അഥവാ പരിഭവ മുണ്ടെന്നാകിൽ
നമ്പ്യാർ പാടിയതിങ്ങനെയാണ്.
ഓട്ടൻ തുള്ളലിൽ പലതും പറയും
അതു കൊണ്ടാരും പരിഭവ മരുത്
അഥവാ പരിഭവ മുണ്ടെന്നാകിൽ
ഇവനൊരു ചുക്കും വരുവാനില്ല
ഞാനുര ചെയ്തൊരു കഥയും കേട്ട്
ഏതേലും മുഖമോർമ്മയിലെത്തും
ഞാനീ ദേശത്തുള്ളവനല്ല
ഞാനതിനുത്തര വാദിയുമല്ല.

By ivayana