ആകെ ഞരമ്പു മുറുക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. വെള്ളത്തിൽ തല മാത്രം മുകളിലാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരാൾ. അയാളുടെ തല മുണ്ഡനം ചെയ്തിരിക്കുന്നു. ഇടക്കിടെ കൈകൾ ജലോപരിതലത്തിൽ എത്തി മുകളിലേക്ക് പൊങ്ങാൻ ആവുന്നത്ര ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഏതു നിമിഷവും വെള്ളത്തിന് അടിയിലേക്ക് മുങ്ങിപ്പോകാവുന്ന അവസ്ഥ. ബലം പിടിച്ചു തുഴയുന്നതിന്റെ ഫലമായി അയാളുടെ മുഖത്തെ മാംസപേശികൾ എഴുന്നു വന്നു. ആരും രക്ഷപ്പെടുത്താനില്ലേ…… ഇയാളെ . വെള്ളത്തിലേക്ക് ചാടി അയാളെ പൊക്കിയെടുക്കണം എന്നുണ്ട്. പക്ഷേ കൈകാലുകൾക്ക് ചലന ശേഷി നഷ്ടപ്പെട്ടിരിക്കുന്നു.
” ആരെങ്കിലും ഓടി വരണേ…….. രക്ഷിക്കണേ …….” എന്നു വിളിച്ചു കൂവിയെങ്കിലും ശബ്ദം പുറത്തു വന്നില്ല. നാവും അനങ്ങാതായിരിക്കുന്നു. വിയർത്ത് കുളിച്ച് കരച്ചിലിന്റെ വക്കിലെത്തിയപ്പോൾ ആണ് ഉണർന്നത്. സ്വപ്നമാണെന്ന് തിരിച്ചറിയാൻ കുറച്ച് സമയമെടുത്തു. കിതച്ച് വിയർത്ത് ബെഡിൽ കുറേ നേരം കിടന്നു.

ഇതേ സ്വപ്നം അല്പ സ്വല്പം വ്യത്യാസത്തോടെ പല കുറിയായി കാണുന്നു. മരിച്ചു കൊണ്ടിരിക്കുന്ന മൊട്ട തലയന്റെ രൂപത്തിലും ചെറിയ വ്യത്യാസമുണ്ട്. ഇന്നു കണ്ടതിൽ അയാളുടെ മുഖത്ത് രണ്ടു വെട്ടുപാടുകളുണ്ടായിരുന്നു. കഴിഞ്ഞ തവണ തല യിൽ മുടി കിളിർത്തു തുടങ്ങിയിരുന്നു. രക്ഷപെടാനുള്ള മുറവിളി കൾ എല്ലായിപ്പോഴും ഒന്നു തന്നെ. വിറളി പിടിച്ച് പരിഭ്രാന്തമായ അയാളുടെ കൈകാലിട്ടടിയും എല്ലാ കാഴ്ചകളിലും ഏതാണ്ട് ഒരേ പോലെ തന്നെ.

സ്വപ്നം അതിന്റെ സ്വപ്ന സമയവും വിട്ട് ഇപ്പോൾ എന്നെ നിരന്തരം വേട്ടയാടി തുടങ്ങിയിരിക്കുന്നു. എപ്പോൾ ഉറങ്ങാൻ കിടന്നാലും സ്വപ്നത്തിൽ ആ മൊട്ടത്തലയൻ കടന്നു വരുമോ എന്ന ഭയം. അതു കൊണ്ടു തന്നെ ഉറക്കത്തെ സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പകൽ സമയങ്ങളിലും ജോലികളിൽ വ്യാപൃതമായിരിക്കുന്ന സമയമൊഴികെ എപ്പോഴും എന്നെ തേടിയെത്തി ഈ സ്വപ്ന കാഴ്ച ശല്യപ്പെടുത്തി കൊണ്ടിരിക്കുന്നു.

ഭാര്യയുമായുള്ള ആലോചനയിൽ ഒരു ഡോക്ടറെ , ഒരു സൈക്യാട്രിസ്റ്റിനെ , അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിലെ ഒരു സ്പെഷ്യലിസ്റ്റിനെ കാണുക എന്നൊക്കെയുള്ള ആശയമാണ് ഉരുത്തിരിഞ്ഞു വന്നത്. എങ്കിലും ഒരു ഡോക്ടറെ കാണുക എന്ന കൃത്യമായ തീരുമാനം ഞങ്ങൾക്കു രണ്ടാൾക്കും അപ്പോഴും എടുക്കാൻ കഴിഞ്ഞില്ല.

ഫേസ്ബുക്ക് പരതി ക്കൊണ്ടിരിക്കുമ്പോഴാണ് സജിത്തിന്റെ പേരും ചിത്രവും മനസ്സിലേക്കു വന്നത്. അങ്ങനെയൊന്നും മുഖപുസ്തകത്തിൽ സജീവമല്ലാത്ത ഒരാളാണ് സജിത് . നേരിട്ടു കണ്ടിട്ടും കുറേയധികം നാളായിരിക്കുന്നു . അയാളുടെ ബർത്ത് ഡേ നോട്ടിഫിക്കേഷൻ ആണ് ഇപ്പോൾ കണ്ടത്. സ്കൂൾ പഠനത്തിനും പ്രീഡിഗ്രിക്കും ശേഷം അവൻ ഫൈൻ ആർട്ട്സ് കോളേജിൽ ചേർന്ന് ബിരുദമെടുക്കുകയാണ് ചെയ്തത്. ഇപ്പോൾ നഗരത്തിൽ തന്നെ എവിടെയോ സ്വന്തമായ് ഒരു അഡ്വർടൈസിങ് സ്ഥാപനം നടത്തുകയാണെന്നാണ് അറിഞ്ഞത്. നല്ല ഒരു ചിത്രകാരനാണ്. അഞ്ചാം ക്ലാസ് തൊട്ട് ഹൈ സ്കൂൾ വരെ ഒരുമിച്ചുള്ള പoനം. അവന്റെ അച്ഛനും ഒരു ഡ്രോയിങ്ങ് ടീച്ചർ ആയിരുന്നു. ആ വഴിക്കാണ് അവനിലും ചിത്രകല കുടിയേറിയത്.

ആറാം ക്ലാസ് ഡി ഡിവിഷനിൽ ഒരു സേവനവാര കാലത്ത് നടീലിനായി കൊണ്ട് വന്ന് ക്ലാസ് മൂലയിൽ ചാരി വച്ചിരുന്ന അല്പം വലിയ ഞാലിപ്പുവൻ വാഴ കണ്ണ് എത്ര ഭംഗിയായിട്ടാണ് അവൻ നോട്ട് ബുക്കിന്റെ പേജിൽ പകർത്തിയത്. മുഖത്ത് ഗർഭം ധരിച്ച രീതിയിൽ മുന്നോട്ടു തള്ളിയ പഴയ ആന വണ്ടിയുടെ എത്ര ചിത്രങ്ങളാണ് അവൻ എനിക്ക് വരച്ചു നല്കിയിട്ടുള്ളത്. മൈക്രോസ്കോപിന്റെ പടവും എന്റെ നോട്ട് ബുക്കിൽ എനിക്കായി വരച്ചത് സജിത്തായിരുന്നു.

സ്കൂൾ പഠനത്തിനു ശേഷം അധികമൊന്നും കണ്ടിട്ടില്ല. അഞ്ചാറ് വർഷങ്ങൾക്കു മുമ്പാണ് അവസാനമായി കണ്ടതെന്നാണ് ഓർമ . അപ്പോഴാണ് സ്വന്തമായി നടത്തുന്ന സ്ഥാപനത്തെ കുറിച്ച് അവൻ പറഞ്ഞത് . അന്നു പറഞ്ഞ മറ്റൊരു കാര്യം അവൻ പോലിസ് ഡിപ്പാർട്ട് മെന്റിനെ സഹായിക്കുന്ന വിവരമാണ്. ലഭ്യമായ വിവരങ്ങൾ വച്ച് കുറ്റവാളികളുടെ രേഖാചിത്രം വരച്ചു കൊടുക്കുന്ന കാര്യമാണ് അന്ന് അവൻ സൂചിപ്പിച്ചത്.

രേഖാചിത്രം വരക്കുന്നു എന്ന കാരണം കൊണ്ടാണ് അവന്റെ മുഖം പെട്ടന്ന് എന്റെ മനസിൽ ഉടക്കി നിന്നത്. നിരന്തരം എന്നെ സ്വപ്നത്തിൽ ശല്ലപ്പെടുത്തി കൊണ്ടിരിക്കുന്ന മൊട്ട തലയന്റെ രൂപം ഒന്ന് അവനെ കൊണ്ട് വരപ്പിച്ചാലോ …. മറ്റാരെങ്കിലും അയാളെ തിരിച്ചറിഞ്ഞാൽ ഒരു പക്ഷേ എന്തെങ്കിലും വഴിത്തിരിവ് ഉണ്ടായാലോ ….. ഇത് ഒരു വിചിത്രമായ കാര്യമാണെന്ന് തോന്നാമെങ്കിലും ഞങ്ങൾ രണ്ടു പേരും മാത്രമല്ലേ അറിയുന്നുള്ളു’
ഏറിയാൽ ഭാര്യ കൂടി അറിയുമായിരിക്കും അവിടെ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ.

അങ്ങനെയാണ് സജിത്തിനെ കാണാൻ തീരുമാനിച്ചത് . ആദ്യം ഒന്നു ഫോൺ ചെയ്യുക . ഫോൺ നമ്പർ കണ്ടെത്താൻ തന്നെ വളരെ ബുദ്ധിമുട്ടി. വിളിച്ചു സംസാരിച്ചപ്പോൾ അവനും കൗതുകം ഉള്ളതു പോലെ തോന്നി. അവന്റെ ഓഫീസിലേക്ക് ചെല്ലുവാനും പറഞ്ഞു.

നഗരത്തിന്റെ തിരക്കിൽ നിന്നൊക്കെ ഒഴിഞ്ഞ് ഒരു ഒറ്റപ്പെട്ട കെട്ടിടത്തിലായിരുന്നു സജിത്തിന്റെ ഓഫീസ്. അഞ്ചിലേറെ ഓഫീസുകൾ പ്രവർത്തിക്കുന്ന ഒരു ബഹുനില കെട്ടിടം . ഓഫീസ് സമയം കഴിഞ്ഞ് ചെല്ലുവാനാണ് അവൻ പറഞ്ഞിരുന്നത്

ഞാൻ ചെല്ലുമ്പോൾ സജിത് എന്നെ പ്രതീക്ഷിച്ചു തന്നെ ഇരിക്കുകയായിരുന്നു. മറ്റ് സ്റ്റാഫ് എല്ലാം പോയി കഴിഞ്ഞിരുന്നു. വളരെ നാളുകൾക്കു ശേഷം കാണുന്ന സന്തോഷം ഇരുവർക്കുമുണ്ടായി. എല്ലാം ഒരു കെട്ടിപ്പിടുത്തത്തിൽ ഒതുക്കി. അവൻ ഫ്ലാസ്കിൽ നിന്ന് പകർന്ന് തന്ന ചൂട് ചായ കുടിച്ച ശേഷം ഞങ്ങൾ ഉള്ളിലെ ഒരു മുറിയിലേക്കു പ്രവേശിച്ചു. വരക്കുവാനുള്ള ഒരു ബോർഡ് സ്റ്റാന്റിൽ തയ്യാറാക്കി വച്ചിരുന്നു. എന്നോട് ഒരു കസേരയിൽ ഇരിക്കാൻ പറഞ്ഞ് അവൻ ബോർഡിന് അരികെ ബ്രഷുമായി നിലകൊണ്ടു.എന്റെ സ്വപ്നത്തിലെ മനുഷ്യന്റെ വിവരങ്ങൾ വിശദമായി തന്നെ അവൻ ചോദിച്ചറിഞ്ഞു. കണ്ണെ ങ്ങനെ പുരികമെങ്ങനെ മൂക്കിന്റെ നീളം ….അങ്ങനെ ഒരു മനുഷ്യന്റെ ചിത്രം വരക്കാനാവശ്യമുള്ള എല്ലാം എന്റെ വാക്കുകളിൽ നിന്ന് രൂപത്തിലേക്ക് മാറ്റിക്കൊണ്ടിരുന്നു. മുഖത്തിന് ഒരു ഏകദേശ രൂപം എത്തി കഴിഞ്ഞപ്പോൾ അവൻ കുറച്ചു നേരം എന്നെ തന്നെ നോക്കി കൊണ്ടിരുന്നു

”ജയദേവാ ……. നീ എന്നെ പറ്റിച്ചു കളഞ്ഞല്ലോ …….”
ഉച്ചത്തിലുള്ള ചിരിയുമായി അവൻ ഒരു കസേര വലിച്ചിട്ട് എന്റെ സമീപം ഇരുന്നു.
എനിക്ക് ഒന്നും മനസ്സിലായില്ല.
” എടാ. …… ഇത് നിന്റെ തന്നെ പടമാണ് ….. സ്വപ്നത്തിൽ നീ കണ്ടത് നിന്നെ തന്നെയാണ്…… മൊട്ടത്തല നിന്റെ കഷണ്ടി ബാധിച്ച തല തന്നെയാണ് …….”
എനിക്ക് അപ്പോഴും പൂർണമായി മനസ്സിലായില്ല. അവൻ ഇപ്പോഴും ചിത്രം പൂർത്തിയാക്കിയിട്ടില്ല. പിന്നെ എങ്ങനെ പറയാൻ കഴിയും
” നീ ഇതൊന്ന് വരച്ച് തീർക്ക് ….. :

‘തീർക്കാം ….:

പിന്നീട് അവന്റെ വര വേഗത്തിലായിരുന്നു. ഒന്നും പിന്നീട് എന്നോട് ചോദിക്കേണ്ടി വന്നില്ല. കൂടെ കൂടെ എന്റെ മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു എന്നു മാത്രം. ചിത്രം പൂർത്തിയായപ്പോൾ എനിക്കു തൃപ്തിയായി. സ്വപ്നത്തിൽ വരാറുള്ള ആൾ തന്നെ. ശരിയാണ് എന്റെ രൂപവുമായി സാദൃശ്യമുണ്ട് . അവൻ പറയുന്നത് പോലെ ഞാൻ തന്നെയാവാനും സാധ്യതയുണ്ട്

” വെറും സാധ്യതയല്ല …. ഇത് നിന്റെ ചിത്രം തന്നെയാണ് …. ഞാൻ നിന്നെ പകർത്തുക മാത്രമാണ് ചെയ്തിട്ടുള്ളത് …….:

ഒരു ചിത്രകാരൻ തന്നെ ഇങ്ങനെ പറയുമ്പോൾ ……
ഏഴാം ക്ലാസ്സിൽ ജോസഫ് സാർ ക്ലാസ്സെടുക്കുന്ന ചിത്രം ഇവൻ വരച്ചത് എന്റെ ഓർമയിലെത്തി.

” അപ്പോൾ ഞാൻ എന്റെ മരണം തന്നെയാണ് സ്വപ്നം കണ്ടത് ……”

” ശരിക്കും ………”

” ഇത് വല്ല അപായ സൂചനയോ മറ്റോ ആണോ………”

അവൻ വീണ്ടും നിർത്താതെ ചിരിച്ചു കൊണ്ടിരുന്നു. സജിത് തീർത്തും അവിശ്വാസിയായ മനുഷ്യനായിരുന്നു. ഇപ്പോൾ എങ്ങിനെ എന്നറിയില്ല. എങ്കിലും അവന്റെ ചിരി , അവന് ഇപ്പോഴും ഒരു മാറ്റവുമില്ലെന്ന് കാണിക്കുന്നു. അവസാനം അവൻ പറഞ്ഞു
” നീ ഒരു കാര്യം ചെയ്യ് …. നെറ്റിൽ പരതി നോക്കൂ… സ്വപ്ന വ്യാഖ്യാനങ്ങൾ ….. ഉത്തരം ലഭിക്കാതിരിക്കില്ല. “

അവനെ സംബന്ധിച്ചിടത്തോളം അത് അത്ര പ്രാധാന്യമുള്ള വിഷയം അല്ലാതായിരിക്കുന്നു.പിന്നീട് ഞങ്ങളുടെ സംഭാഷണം പഴയ കാലങ്ങളിലേക്കു പോയി. ജോലി ,വിവാഹം , കുട്ടികൾ അങ്ങനെ പലതും . അന്നത്തെ സുന്ദരികളായിരുന്ന ആലീസ് ജോർജും മേഘ്ന യുമൊക്കെ ഞങ്ങളെ എത്തി നോക്കി കടന്നു പോയി. ഇടയിൽ അവൻ കരുതിയിരുന്ന വില കൂടിയ മദ്യവും ഞങ്ങളുടെ സംസാരത്തെ പുഷ്ടിപ്പെടുത്തി . പോയ കാലത്തിലേക്കുള്ള ഒരു ഊളിയിടൽ കൂടിയായിരുന്നു അവനോടൊത്തുള്ള സമയമത്രയും .

പിറ്റെ ദിവസം തൊട്ട് സ്വപ്നത്തിലെ സ്വന്തം മരണത്തിന്റെ വ്യാഖ്യാനം തേടലായി എന്റെ മുഖ്യ ദിനചര്യ.ഫ്രോയ്ഡും മില്ലറും വരാഹമിഹിരനും അഷ്ടാംഗ ഹൃദയവുമൊക്കെ നെറ്റിൽ തെളിഞ്ഞു വന്നു. പലതും പരസ്പര വിരുദ്ധമായിരുന്നു. ആശയങ്ങളെ വ്യഖ്യാനിക്കുന്നതിലായിരുന്നു കൂടുതലും ഈ വിരുദ്ധത . സ്വന്തം മരണം സ്വപ്നം കാണുന്നത് വരാനിരിക്കുന്ന നല്ല കാലത്തിന്റെ അല്ലെങ്കിൽ ഒരു നല്ല മാറ്റത്തിന്റെ സൂചനയായിട്ടു വേണം കാണാനെന്നാണ് ഭൂരിഭാഗം നിഗമനങ്ങളും എത്തിച്ചേർന്നിട്ടുള്ളത്. ഇതിന് പാശ്ചാത്യരുടെ ശാസ്ത്രീയമായ കണ്ടെത്തലുകളും അടിവരയിടുന്നു. ജീവിതത്തിൽ നല്ലതെന്തോ സംഭവിക്കാൻ പോവുന്നു എന്ന് എനിക്കും തോന്നി തുടങ്ങി .

സ്വപ്നങ്ങൾ പലതരം ഉണ്ടെങ്കിലും ഭാവിജം എന്ന വിഭാഗത്തിൽ പെടുന്നവയാണ് സംഭവ്യ സാധ്യത ഉള്ളതത്രേ. ലക്ഷണപ്രകാരം എന്റെ സ്വപ്നം ഈ വിഭാഗത്തിൽ പെടുന്നവ തന്നെയാണ്. മറ്റൊന്ന് പ്രഭാതത്തിൽ കാണുന്ന സ്വപ്നങ്ങൾ പെട്ടെന്നു ഫലിക്കുന്നവ യാണ് എന്നുള്ളതാണ് . ഇവിടെയും എനിക്ക് സാധ്യത കൂടുതലാണ് ഞാൻ കണ്ട ഒട്ടു മിക്ക സ്വപ്നങ്ങളും പ്രഭാതത്തിലായിരുന്നു.

ഇതെല്ലാം കഴിഞ്ഞിട്ട് ആറ് മാസം പിന്നിട്ടിരിക്കുന്നു. ഇത്രയും നാൾ പ്രതീക്ഷയോടെ കാത്തിരിന്നിട്ടും ജീവിതത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായതായി എനിക്കു തോന്നിയിട്ടില്ല. ഓഫീസിൽ എന്റെ ജോലിയിൽ മുമ്പില്ലാത്ത വിധം തെറ്റുകൾ കടന്നു കൂടുന്നു എന്ന് കാണിച്ച് ഇന്നലെ കിട്ടിയ മെമ്മോ ഞാൻ കാര്യമായിട്ടെടുക്കുന്നില്ല. ഭാര്യ മറഞ്ഞും തെളിഞ്ഞുമൊക്കെ ഇങ്ങേർക്ക് വട്ടാണ് എന്ന് ഇടക്കിടക്ക് പറയുന്നുണ്ട്. രണ്ടു ദിവസം മുമ്പ് അയൽപക്കത്തെ രണ്ടു പേർ ജയദേവന് എന്തെങ്കിലും കുഴപ്പമുണ്ടോന്ന് ചോദിച്ചെന്നും അവൾ പറയുന്നു. ഇതിനെല്ലാം ചെവി കൊടുത്താൽ പിന്നെ ജീവിക്കുന്നതെങ്ങനെ അല്ലേ………

ഏറെ ഖേദകരമായ വസ്തുത ,മുമ്പ് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ സ്വപ്നത്തിൽ വന്നിരുന്ന ആ മൊട്ടത്തലയൻ-_ അല്ല ഞാൻ തന്നെ-___ ഇപ്പോൾ തീരെ വരാറില്ല എന്നുള്ളതാണ് . പ്രതീക്ഷ ഇനിയും കൈവിട്ടിട്ടില്ല. കാത്തിരിപ്പിൽ ഒരു മുഷിപ്പും ഇതു വരെ തോന്നിയിട്ടുമില്ല.
ഒരദ്ധ്വാനവുമില്ലാതെ വീണു കിട്ടാവുന്ന ഒരു നല്ല കാലം ആരാണ് ഇഷ്ടപ്പെടാതിരിക്കുക….അല്ലേ ….

നല്ല കാലം വരുമായിരിക്കും ……. ……. വരാതിരിക്കില്ല ……………..ഇപ്പോഴും വൻ പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു..

…………..
എ എൻ സാബു

By ivayana