ജലമല്ലത്;
മരുമരീചിക..
അത്യുഷ്ണ-
വാതാട്ടഹാസം.

മൂട്ടിയ കണ്ണിലും
ഇലയനക്കങ്ങൾ
നെറ്റിമേൽ സൂര്യൻ
അണയുന്ന ഭീതം.

പടർവള്ളി കേറി
പൊറുതി വയ്യാതെ
തെങ്ങുകൾ കെട്ടു.
ദൂരത്തിലാഴത്തിൽ
വാരനെല്ലിൻ കട
അറുതിയായ് നട്ടു.

യാത്രാ പുസ്തകം
പകുക്കുന്നറിവുകൾ
നിശ്ശൂന്യമായി.
ഹരിത മാറാപ്പുമായ്
പനിച്ചും പിണഞ്ഞും
അവധൂതരെപ്പോൽ
കാറ്റിൻ കഴകളിൽ
സസ്യം വചിച്ചും
നേത്രം വിധിച്ചും
ഉപഗുപ്ത തീരത്തെ
തൂവൽപ്പകലിനായ്
ഖേദം തിരക്കി-
നേരം വെളുത്തു.

മുറിച്ചൂട്ടു മിന്നിച്ച
ഭീതവേഗങ്ങളിൽ
ജലം, ദൂരം നനച്ചു.

കാളമേഘങ്ങളായ്
ആഴുന്നിതാറുകൾ
ഗ്രാമവയലുകൾ-
കൊയ്തു മെതിച്ചവർ.
കുതിരുന്ന നേരിലും-
കന്നു പൂട്ടുന്നവർ.
പ്രത്യുത്തരങ്ങളിൽ-
കറ്റ കെട്ടുന്നവർ.
നേരക്ഷരങ്ങൾ.
പിച്ചവെക്കും മനത്തിൽ-
പെറ്റുകൂട്ടുന്നവർ.
മിത്രവേഷങ്ങൾ.
നാവുതേഞ്ഞ കലപ്പകൾ
പൂമണം, പൂമരഛായകൾ
മൂപ്പെത്താത്ത നാരകം
തീപ്പൊരിക്കൂടുകൾ
മിന്നൽച്ചില്ലാ മുളപ്പുകൾ

താഴുന്നിതാഴുന്നിതോ
പ്രിയതമെൻ വാസരം ?

മതി ‘ഹർഷേ’ ! പടവുകൾ
തെന്നിവീഴും സ്മരങ്ങൾ

ഒറ്റയ്ക്കകം പറ്റിനില്ക്കേ…
തെളിനാളം മിഴിവിനാൽ;
പ്രതിരാസമോ.. ലീലയോ..
പാതിപക്ഷിയോ.. താനോ..
ഉരത്തിൽ ?

ഹരിദാസ് കൊടകര

By ivayana