അഴിച്ചുലച്ചിട്ട പർവ്വതങ്ങൾ പോലെയായിരുന്നു കവിത !
ഓർമ്മയുണ്ടോ…… നിനക്ക് ആ
വെർജിനിയിലെ വെയിൽക്കാലം?
ഗ്രീഷ്മത്തിലെ വെന്തു പോയ
ചിന്തയുടെ കഷ്ണങ്ങൾ യഹോവ
യുടെ ക്ഷീരപഥങ്ങളിൽ കറങ്ങു
ന്നുണ്ട്!
ഉൾച്ചൂട് കനത്തു കനത്ത് കരൾ
വെന്ത ഒരു കവിത പെയ്യാൻ
നിൽക്കുന്നുണ്ട് !
കരിങ്കല്ലുകൾക്ക് മുകളിൽ പെയ്ത്
അത് കടലിനോട് ചിലത് പറയുന്നുണ്ട് !
വെർജിനിയൻ വെയിലുകൾ
തിരകൾക്ക് മുകളിൽ കനലുരു –
ക്കാൻ തുടങ്ങുന്നുണ്ട് !🌹
(2)
അപ്പോഴാണ് പ്രിയ ജിബ്രാൻ…………
എത്ര വലുതാണ് നിൻ്റെ പ്രണയ
കുടീരങ്ങളെന്ന്?
ദേവദാരുക്കൾ പൂത്ത വഴികളിലൊ-
ക്കെ ശലമോനെ നിൻ്റെ മുന്തിരി
വീഞ്ഞുകളുടെ മധുരം!
മാതളനിറങ്ങൾ നിരത്തിയ –
സന്ധ്യയിൽ വച്ചാണല്ലോ ഖലിൽ
നിൻ്റെ പ്രണയ നിരാസങ്ങൾ
മൂളുന്നതറിയുക !ഖലിൽ……..
അവൾ തൻ്റെ അധരങ്ങളാൽ
അവനെ ചുംബിക്കുമെന്നാണോ?
ഉല്ലാസത്തിൻ്റെ ഏതാനന്ദങ്ങളി-
ലാണ് എൻ്റെ പനിനീർപൂവ് നിൻ്റെ
ശയ്യകളിലേക്ക് വിരിക്കേണ്ടത്?
എൻ്റെ വെർജിനിയൻ സുന്ദരി……
ലബനൻ്റെ സമതലങ്ങൾ മൂടിയ
കനത്ത ഐസ്പാളികൾക്കിടയിൽ
ഞാൻ നിനക്ക് വച്ച ഒരു തളികയുണ്ട്.🌹
(3)
നീയതിൽ മുന്തിരിനീര് നിറയ്ക്കണം!
വെർജിനിയിലെ വെയിൽ വീണ്
അത് മൂക്കണം!
എൻ്റെ സുന്ദരി….. നിൻ്റെ
കവിൾത്തടങ്ങളെ കുറിച്ച്?
ലബ്നനിലെ ആന്തൂറിയങ്ങൾക്കിട –
യിലെ നനഞ്ഞ പൂമ്പൊടികൾ
നിൻ്റെ കവിൾത്തടത്തിൽ
പുരട്ടിയെന്നാണോ?
അവിടെ വച്ച് ഞാൻ നിനക്ക്
എൻ്റെ പ്രണയം തരും!
ഒരു വെർജിനിയൻ വെയിൽ !
മുളന്തണ്ടുകൾ നാവു നീട്ടുമ്പോൾ
മേഘങ്ങൾ അവറ്റയെ തടവി –
കൊണ്ടിരുന്നു !
മഞ്ഞ് പുതച്ച മുളയിലകൾ
ഋതുക്കളോട് പ്രണയം പറഞ്ഞ്
മയങ്ങി കഴിഞ്ഞു!
ഇനി മുന്തിരിവള്ളികൾക്കിടയി –
ലേക്കിറങ്ങിയ നിലാവ് മാത്രമാണ്
ബാക്കി!🌹
(4)
എൻ്റെ സുന്ദരി……..
അഗ്നിയാറിയിട്ടില്ലല്ലോ നിന്നിലിപ്പോൾ?
അകച്ചിന്തകൊണ്ട് കോട പെയ്യിച്ച്
ഞാനൊന്ന് നിന്നെ തണുപ്പിച്ചോട്ടെ?
ഗ്രീഷ്മത്തിൽ വെന്ത ചിന്ത
വെർജിനിയയിലെ വെയിലിൽ
പോലും തളർന്നിരുന്നില്ല!?
പ്രണയത്തിന് അത്രയും മധുര-
മായിരുന്നു !
എൻ്റെ സുന്ദരി………..
ശിലാസ്നാനങ്ങൾ പോലെ
നമ്മളിപ്പോഴും രണ്ടു പേർ ?
നമുക്ക് വെർജിനിയൻ വെയിലിൽ
ഒന്നു പൊള്ളി തിളയ്ക്കണം!
പിന്നെ മലകളിലെ മഞ്ഞുകണങ്ങൾ
വീണ് നമുക്കൊന്നു തണുക്കണം!🌹
(5)
ഋതുവും ഋതുഭേദങ്ങളും പോലെ
പാതി മയങ്ങിയ കണ്ണുകളോടെ.!
നിൻ്റെ പ്രണയം ആട് മേയ്ക്കാൻ
പോകുന്നതെപ്പോഴാണ്?
സന്ധ്യയിറങ്ങി കനൽ നിറങ്ങൾ
ഇറങ്ങും മുമ്പ് നിൻ്റെ ചുംബനങ്ങൾ
അർപ്പിക്കുന്നതെപ്പോഴാണ്?
ഞാനെപ്പോഴും നിന്നിലുണ്ട്!
സ്വപ്നങ്ങളുടെ മരതകനിറങ്ങൾ
ഭേദിച്ച്………..
നിൻ്റെ മുന്തിരി മധുരങ്ങൾ തേടി
തേടി !!!🌹🌹🌹
‘( ഈ പ്രണയം വെർജിനിയ വുൾഫിന് സമർപ്പണം)
🌹🌹🌹🌹🌹🌹

ബാബുരാജ് കടുങ്ങല്ലൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *