രചന : സുമബാലാമണി.✍
ചുണ്ടിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ആരും ഇത് വായിക്കരുത്. ഒന്നും പിടികിട്ടില്ല.😄. പണ്ട് റേഷൻ കടകളിൽ നിന്ന് കിട്ടിയിരുന്ന ഒരു അരിയാണ് ‘പുലിക്കോടൻ ‘അമ്പോ.. ഒരിക്കലും മറക്കില്ല ഞാൻ.
വിശപ്പിന്റെ
കുരിശുമല
കയറിയപ്പോൾ
ആശ്വാസത്തിന്റെ
പുലിക്കോടനരി
അടുപ്പിൽ
തിളച്ചു മറിഞ്ഞ്
അനങ്ങാപ്പാറനയം
വ്യക്തമാക്കിക്കൊണ്ടിരുന്നു
ആർത്തിയുടെ
നെല്ലിപ്പലകയിലിരുത്തി
ക്ഷമയുടെ ബാലപാഠം
ചൊല്ലിച്ച
ഓരോ പുലിക്കോടനരിയും
ഓർമ്മയുടെ
കലത്തിലിന്നും
വേകാതെ കിടക്കുന്നു
കയറ്റത്തിന്റെ
ക്ഷീണം മറന്ന്
കുരിശിനുമുന്നിൽ
തൊഴുതുവണങ്ങി
കാണിക്കവഞ്ചിയിൽ
തുട്ടുകളിടുംപോലെ
പുലിക്കോടനോരോപിടി
വായ്ക്കരിയിട്ട്
വിശപ്പിനെ
അടക്കം ചെയ്ത
കുട്ടിക്കാലം…
🖊️