ചാരുകസേരയിൽ ചാരിക്കിടന്നു ചെറിയ മയക്കത്തിലേക്ക് ബീരാൻ വഴുതിവീണു. അപ്പോഴാണ് പാത്തുമ്മയുടെ ശബ്ദം ചെവിയിൽമുഴങ്ങിയത്.
അല്ലാ….ങ്ങള് ഒറക്കം തൊടങ്ങ്യോ….?അഞ്ചീസം കൂടി കഴിഞ്ഞാൽ ഓൻ വരും. ങ്ങള് അയ്ന് മുമ്പ് ഊ ആട്ടിൻകൂട് ഒന്ന് പൊളിക്ക്ണ് ണ്ടോ…ആടിനേം കുട്ട്യോളേം വിക്കാൻ ഓൻ പറഞ്ഞതല്ലേ?
ബീരാൻ ഒന്നും മിണ്ടിയില്ല….ഓളോട് പറഞ്ഞിട്ടിപ്പൊ എന്താ കാര്യം.ഹല്ല…
ബീരാന്റെ മനസ്സിലൂടെ തന്റെ ഉമ്മയും ബാപ്പയും മിന്നിമറയുകയായിരുന്നു. അന്ന് കുട്ടികളായിരുന്നപ്പോൾ
ആടിന്റെ പാലും, കാട്ടവും വിറ്റാണ് അവർ മക്കളെ പോറ്റിയിരുന്നത്. ബഷീർ ഓർമ്മകളിലേക്ക് ഊളിയിട്ടു.
അഞ്ച് പെങ്ങമ്മാരെ നിക്കാഹ് കഴിച്ചു വിട്ടു. ഏക ആൺതരിയായ താൻ ആടും കൂടുമായി കഴിഞ്ഞു പോന്നു. അയാൾ ഒരു ദീർഘനിശ്വാസം വിട്ടു.
അല്ലാ…. ദ് പ്പൊന്താ ഒന്നും മുണ്ടാത്തത്…ഓൻ വരുന്നീന് മുമ്പ്, ആട് കച്ചോടാക്കി, കൂടും പൊളിച്ചു, ഉമ്മറം വെടുപ്പാക്കാൻ പറഞ്ഞത് ങ്ങള് കേട്ട്ക്ക്ണോ ന്ന്.
അയാൾ ഒന്ന് മൂളി.അതിന് നിരാശയുടെ രാഗമുണ്ടായിരുന്നു.
ആ കൂടും അയിലെ മുണ്ടാപ്രാണികളും തന്റെ ശ്വാസവായുവാണ്. അത് പോയാൽ നി ഞാനും ണ്ടാവൂല. ബീരാൻ സ്വയം പിറുപിറുത്തു.
ബാപ്പയോടും, ഉമ്മയോടും,പെങാങമ്മാരോടും ഒപ്പം ആടുകളെ മേച്ചും, ആട്ടിൻ കുട്ടികളെ കൊഞ്ചിച്ചും കഴിഞ്ഞ കുട്ടിക്കാലം അയാളുടെ മനസിലൂടെ കടന്നു പോയി.
ആ ആട്ടിൻ കൂട് തന്റെ ബാപ്പയുടെ ആത്മാവും, അതിലെ ആടും, കുട്ടികളും തന്റെ ഉമ്മയുടെ ജീവനും ആണെന്ന് ഈറ്റോളോട് പറഞ്ഞാൽ തലേക്കേറ്വോ…?
അയാളുടെ കണ്ണുകളിൽ നിന്നൊഴുകിയ വികാരങ്ങളുടെ നീർച്ചാലുകൾ താഴോട്ട് ഇറ്റി വീഴുന്നത് പാത്തുമ്മ കണ്ടില്ല.
മകൻ സാഹിൽ… പഠിച്ചു വല്യ ജോല്യായി. രണ്ടു കൊല്ലായിട്ട് ബാംഗ്ലൂരാണ്. കുടീലിക്ക് വന്നാ തൊടങ്ങും…ഈ കൂടൊന്ന് പൊളിക്കണം ബാപ്പ. എന്തിനാ…..നി തൊക്കെ. ഞാൻ സമ്പാദിക്കിണില്യേ.
അപ്പോഴൊന്നും അത് കൂട്ടാക്കീല.രണ്ട് നാല് ദെവസം കഴിഞ്ഞാൽ ഓൻ പോകും. പിന്നെ സമാധാനമായി.
ദ് പ്പോ… വർക് ഫ്രം കോമാത്രേ….എല്ലാ പണിക്കാരും വീട്ടിലിരുന്ന് എങ്ങനെ പണിയെടുക്കും…അയാൾ സ്വയം ചോദിച്ചു.
കൊറോണ വന്നിട്ടും കെടപ്പിലായിട്ടും ഇവ്റ്റുങ്ങളെ കൈ വിട്ടിട്ടില്ല. അത് ചെയ്തിരുന്നെങ്കിൽ താൻ ചത്ത് പോയേനെ എന്ന് സ്വയം തിരുത്തി.
ദിവസങ്ങൾ വേഗം കടന്നു പോയി. മുറ്റത്ത് വണ്ടി വന്നു നിന്നപ്പോൾ ബീരാൻ പുറത്തേക്ക് വന്നു.
ആഹാ…ഓൻ വന്നല്ലോ. സന്തോഷം കൊണ്ട് ബീരാൻ വിളിച്ചു പറഞ്ഞു.
പാത്തൂ….കേക്കണണ്ടോ…?ദാ…ചെക്കൻ വന്നൂ ട്ടോ.
തന്റെ പുന്നാര മോൻ. അയാൾ മുറ്റത്തേക്ക് മെല്ലെ ഇറങ്ങി വന്നു.
ബാപ്പുവിന്റെ ചുളിഞ്ഞ മുഖത്തേക്ക് രക്തത്തിന്റെ ചോപ്പ് ഇരച്ചിറങ്ങി.
അല്ല….ബാപ്പ ദ് പൊളിച്ചിലാ….
ആടിനേം ഒഴിവാക്കീല. ബടെ നാറ്റം കൊണ്ട് നിക്കാൻ പറ്റ്ണില്ല.
ദേഷ്യത്തോടെ സാഹിൽ ഉള്ളിലേക്ക് പോയി.
ബീരാന്റെ രണ്ടാം കെട്ടിലുള്ള മോനാണ് സാഹിൽ. ആദ്യ ഭാര്യ പെരുമഴയിൽ പുഴയിലെ ഒഴുക്കിൽ പെട്ട് മയ്യത്തായി. പിന്നെ കുറെ കാലം ബീരാൻ ഒറ്റക്ക് കഴിഞ്ഞു. പിന്നീടാണ് സുഹറയെ നിക്കാഹ് ചെയ്തത്.
അന്നു രാത്രി ബീരാൻ ഉറങ്ങിയില്ല.അയാൾ ഇടക്കിടക്ക് എഴുന്നേറ്റു കൂട്ടിൽ ചെന്ന് നോക്കി. ആടുകളെ തലോടി. പാതിരാത്രി കഴിഞ്ഞ് എപ്പഴോ ഒന്ന് മയങ്ങിപ്പോയി.
രാവിലെ ആളുകൾ വന്നു ആടുകളെ കൊണ്ടു പോയി.കൂട് പൊളിച്ചു നീക്കി.
വീട് പുതുക്കി പണിയാനുള്ള പദ്ധതിയുമായിട്ടാണ് സാഹിൽ വന്നത്. ഒ…ഈ കോവിഡ് കാലത്ത് തന്നെ പറ്റിയാൽ അത് ചെയ്യണം.എന്നിട്ട് വേണം തന്റെ പ്രണയവും നിക്കാഹിന്റെ കാര്യവുമൊക്കെ ഉമ്മാനോട് പറയാൻ.
മോനെ സാഹിലേ….ദാ ചായ കുടിക്കാൻ വാ. ഞാൻ ബാപ്പയെ വിളിക്കട്ടെ.
ശരി ഉമ്മാ…സാഹിൽ തലയാട്ടി. അയാളുടെ മനസിൽ ഭാവിയുടെ രേഖാചിത്രം രൂപപ്പെടുകയായിരുന്നു.
ഉമ്മയുടെ ഉറക്കെയുള്ള നിലവിളി കേട്ട് സാഹിൽ വീട്ടിലേക്ക് ഓടിക്കയറി. പൊട്ടിക്കരയുന്ന ഉമ്മയുടെ ശബ്ദത്തിൽ അസ്വാഭാവികത തോന്നി ഓടി മുറിയിലേക്ക് ചെന്നു.
ബാപ്പയുടെ മയ്യത്തിൽ തലതല്ലി കരയുന്ന ഉമ്മ…
പുറത്ത് അടുത്തുള്ളവർ ഓടിയെത്തുമ്പോൾ സാഹിൽ ശൂന്യതയിലേക്ക് നോക്കി തന്നെത്തന്നെ വിസ്തരിക്കുകയായിരുന്നു…..

മോഹനൻ താഴത്തേതിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *