അത്തിമരത്തിന്റെ കൊമ്പിൽ
ഒരുപുന്നാര തത്തമ്മ വന്നു
ചെത്തിപ്പു ആ മരത്താഴെ
അത്തപ്പൂവിട്ടു വിളിച്ചു.

കൈതമരത്തിന്റെ ചോട്ടിൽ
ചകോരം പൂ… പൂ… വിളിച്ചു
മരതകം പതിപ്പിച്ചപോലെ
പത്തുമണിപ്പൂ വിടർന്നു.

ഉമ്മറത്തമ്മമടിയിൽ
ഉണ്ണി അമ്മിഞ്ഞയുണ്ടുറങ്ങി
ചാരത്തു ചാരുകസേരേ
ചായമോന്തുന്നു അച്ഛൻ.

മുറ്റത്തെ മാവിന്റെ കൊമ്പിൽ
ഒരു കൊറ്റി വഴിതെറ്റി വന്നു.
ചീറ്റാപുലിപോൽ പൂച്ച
തെറ്റാതതിനെയുന്നം പിടിച്ചു.

ആർപ്പോ വിളികളുയർന്നു
വള്ളങ്ങൾ നീറ്റിലിറക്കി
ഉത്സവ ലഹരിയിലാകെ
ആളുകൾ ആറ്റിൻകര ചേർന്നു.

മുറ്റത്തു പൂക്കളമിട്ടു
പത്തോണം കെങ്കേമമാക്കി
മങ്കമാർ പുത്തനണിഞ്ഞു
നൃത്തത്തിലാനന്ദമാടി.

ചക്കര മാവിന്റെ കൊമ്പിൽ
ചക്കരകയർ കോർത്തുകെട്ടി
ഉഞ്ഞാലാടിടുന്നു പിള്ളേർ
തൂക്കണാം കുരുവിയെപോലെ.

സദ്യവട്ടങ്ങളൊരുക്കി
വിഭവങ്ങളെല്ലാം നിരത്തി
തൂശനിലയിലമ്മ
ഉച്ചയ്ക്ക് സദ്യ വിളമ്പി.

പുലിക്കളി കൂട്ടങ്ങളുണർന്നു
നാടെങ്ങും ചെണ്ട തിമിർത്തു
പാടവരമ്പത്തു യുവാക്കൾ
കുട്ടിയും കോലും കളിച്ചു.

അച്ഛമ്മ പ്രാര്ഥനാമുറിയിൽ
രാമായണപാരായണം തുടർന്നു
പാരിജാതം വിടർന്ന പോലെ
പാരാകെ സൗന്ദര്യം നിറഞ്ഞു .

വീണ്ടുമൊരോണം വന്നെത്തി
ഒരുമയുടെ സന്ദേശം നൽകി
തുല്യതയുടെ നാളുകൾ ഓർത്തു
ജനം നന്മ പരസ്പരം നേർന്നു.

By ivayana