വർഷങ്ങൾക്ക് മുൻപ് കൊച്ചിയിലെ ഒരു ട്യൂട്ടോറിയൽ കോളേജിൽ നിന്നു ഒരുമിച്ച് പഠിച്ചിറങ്ങിയവർക്ക് വർഷങ്ങൾക്ക് ഇപ്പുറം വീണ്ടുമൊന്ന് ഒരുമിച്ച് കൂടുവാൻ ആഗ്രഹമുദിച്ചു .
V college എന്ന ട്യൂട്ടോറിയൽ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമത്തിനായി ഒരു വാട്ട്സ് അപ്പ് ഗ്രൂപ്പുമുണ്ടാക്കി . മുഖപുസ്തകത്തിൽ ഞാനെഴുതിയ ഫോർട്ടുക്കൊച്ചിയിലെ രാധിക എന്ന പെൺകുട്ടിയുടെ കൊലപാതകത്തെ കുറിച്ചുള്ള സംഭവകഥ ഈ ഗ്രൂപ്പിൽ ചർച്ചയായി വന്നപ്പോൾ ചർച്ചയ്ക്കിടയിൽ രണ്ടു സുഹൃത്തുക്കൾ
“കാതറുത്ത ബിയ്യാത്തുവിൻ്റെ കഥ ഒന്നു പറയുമോ മൻസൂർ നൈന “
എന്ന് എന്നോട് ചോദിച്ചു .


അപ്പോൾ മുതൽ ബിയ്യാത്തു എൻ്റെ മനസ്സിൽ കയറിപറ്റി . അങ്ങനെ ഞാൻ ബിയ്യാത്തുവിൻ്റെ കഥ തേടി നടപ്പായി . പലരിൽ നിന്നായി അവരുടെ ഓർമ്മകളിൽ നിന്നായി ബിയ്യാത്തുവിൻ്റെ കഥ ചീന്തിയെടുത്തു . പക്ഷെ എന്തോ അതങ്ങ് എനിക്ക് തൃപ്തിയായില്ല . എൻ്റെ ഉപ്പയുടെ ( പിതാവിൻ്റെ ) സഹോദരിയായ പാത്തു എന്നു ബന്ധുക്കൾ സ്നേഹത്തോടെ വിളിക്കുന്ന ഫാത്തിമയിൽ നിന്നു ഈ സംഭവം ഞാൻ ചോദിച്ചറിയാൻ ശ്രമിച്ചു . കൊച്ചങ്ങാടിയിലെ ചന്ദനപള്ളിയോട് ചേർന്നുള്ള ഓത്തുപള്ളിയിലാണ് എൻ്റെ ഉമ്മയും , അമ്മായിയും ( പാത്തു ) പോയിരുന്നത് . വർഷങ്ങളോളം അബുമുസലിയാരാണ് ഇവിടെ കുട്ടികളെ ഓതി പഠിപ്പിച്ചിരുന്നത്. ഓത്തുപള്ളിയിൽ പോകുമ്പോഴെല്ലാം ബിയ്യാത്തുവിൻ്റെ കഥയോർത്ത് ഭയപ്പെട്ടിരുന്നതായി ഉപ്പയുടെ സഹോദരി പറഞ്ഞു . കാരണം ഈ ഓത്തുപള്ളിക്ക് പിറകിലെ ഒഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ആരെയും ഭയപ്പെടുത്തുന്ന ആ സംഭവം നടന്നത് ……

ഇതിനിടയിലാണ് സഹോദരി ഭർത്താവ് അഷറഫ് നൈന എന്നേ ഓർമ്മിപ്പിച്ചത് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജമാൽകൊച്ചങ്ങാടി രചിച്ച ‘ഇതെൻ്റെ കൊച്ചി ‘ – യിൽ കാതറുത്ത ബിയ്യാത്തു കഥാപാത്രമാവുന്നുണ്ട് എന്നത് . പക്ഷെ അപ്പോഴും ബിയ്യാത്തുവിൻ്റെ കഥയിലെ കഥാപാത്രങ്ങൾക്ക് വ്യക്തത വരുന്നില്ല .
ഈ കഥ തനിക്ക് പറഞ്ഞു തന്നത് ‘ബസറ ‘ എന്നു സ്നേഹിതർ സ്നേഹത്തോടെ വിളിക്കുന്ന എം.എ. അബൂബക്കറാണ് എന്ന് ജമാൽ കൊച്ചങ്ങാടി പറയുന്നു .
കഥ പറഞ്ഞു തുടങ്ങുന്നത് മുൻപെ ജമാൽ കൊച്ചങ്ങാടി രണ്ടു സംഭവങ്ങൾ പറഞ്ഞു വെക്കുന്നുണ്ട് പ്രണയ ഭ്രാന്ത് മൂത്ത് കാമുകിയായ അഭിസാരികക്ക് സ്വന്തം ചെവിയറുത്ത് സമ്മാനിച്ച
വിശ്വചിത്രകാരനായ വാൻഗോഗിനെ കുറിച്ചും , മറ്റൊന്ന് പഴയകാല ഹിന്ദി സിനിമയിലെ താരസുന്ദരിയും ഗായികയുമായിരുന്ന നൂർജഹാനോടുള്ള പ്രണയ ഭ്രാന്ത് മൂത്ത് സ്വന്തം ചെവിയറുത്ത ക്ഷുരകനെ കുറിച്ചുമാണത് .
തുടർന്ന് അദ്ദേഹം പറയുന്നു പക്ഷെ ബിയ്യാത്തുവിൻ്റെ കാതറുത്തത് മറ്റു ചിലരാണ് .
ഞാൻ ഈ കഥ ചോദിച്ചറിയാൻ ശ്രമിക്കുമ്പോൾ അവരെല്ലാം പറയുന്ന ഒരു കാര്യം ബിയ്യാത്തുവിൻ്റെ കൊലപാതകം അക്കാലത്ത് ഏവരെയും ഭയപ്പെടുത്തിയിരുന്നു എന്നാണ് . പ്രത്യേകിച്ച് കൊച്ചങ്ങാടിക്കാർക്കിടയിൽ ഇത് വല്ലാതെ ഭീതിപടർത്തിയിരുന്നു.


സുന്ദരിയായിരുന്നു ബിയ്യാത്തു , ആർക്കും ഒറ്റനോട്ടത്തിൽ പ്രണയം തോന്നും ഈ മൊഞ്ചത്തിയോട് . ചായക്കടകളിലേക്ക് പലഹാരമുണ്ടിക്കി വിറ്റു ഉപജീവനം കണ്ടെത്തിയിരുന്ന , ഫോർട്ടുക്കൊച്ചിക്ക് അടുത്ത് താമസിച്ചിരുന്ന ഒരു കുടുംബം . ബിയ്യാത്തുവിൻ്റെ അയൽവാസിയും നാട്ടിലെ പ്രമാണിയുമായ ഒരു വ്യക്തിക്ക് സുന്ദരിയായ ബിയ്യാത്തുവിനോട് വല്ലാത്ത പൂതി തോന്നി . പ്രമാണി ബിയ്യാത്തുവിനോട് തൻ്റെ പ്രണയാഭ്യർത്ഥന നടത്തി . നിക്കാഹ് കഴിക്കാൻ തയ്യാറെങ്കിൽ സമ്മതമാന്ന് ബിയ്യാത്തു . പക്ഷെ മൂപ്പർക്ക് ഒന്നു പൂതി തീർക്കണം എന്നു മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളു .


പ്രമാണി നിക്കാഹ് നടത്താം എന്ന കപട വാഗ്ദാനം നൽകി ബിയ്യാത്തുവിനെ കൊച്ചങ്ങാടിയിൽ ഒരിടത്തേക്ക് വിളിച്ചു വരുത്തി . നിക്കാഹിനുള്ള ഒരുക്കങ്ങൾ ഒന്നും കാണാതിരുന്നതിനാൽ ബിയ്യാത്തു അവിടെ നിന്നിറങ്ങാൻ തുനിഞ്ഞു . പ്രലോഭനങ്ങൾ പലതും പ്രമാണി മുന്നോട്ട് വെച്ചെങ്കിലും ബിയ്യാത്തു അതിൽ വീണില്ല .
പ്രമാണിയുടെയും സിൽബന്തികളുടെയും ബലപ്രയോഗത്തിനിടയിൽ ബിയ്യാത്തു മരിച്ചു ! . പ്രമാണിയുടെ കൽപ്പന പ്രകാരം സിൽബന്ധികൾ ബിയ്യാത്തുവിൻ്റെ മയ്യിത്ത് ചന്ദന പള്ളിക്ക് മുൻവശമുള്ള കായലിൽ ഒഴുക്കിവിടാൻ തീരുമാനിച്ചു . ബിയ്യാത്തുവിൻ്റെ ജഡം ചുമന്നു കൊണ്ടു വന്ന സിൽബന്തികൾ ഓത്തുപള്ളിയുടെ പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു കിടത്തി .
ടി.പി. രാജീവൻ്റെ ‘പാലേരി മാണിക്യം ‘ അമ്പതുകളിൽ നടന്ന ഒരു പാതിരാ കൊലപാതകത്തിൻ്റെ കഥയാണ് . പക്ഷെ ഇത് കഥയല്ലെന്നും കോഴിക്കോട് കൊയിലാണ്ടിക്കടുത്തുള്ള പാലേരി എന്ന ഗ്രാമത്തിൽ നടന്നൊരു സംഭവമാണെന്നും അന്നാട്ടുകാർ പറയുന്നു .


കാതറുത്ത ബിയ്യാത്തുവിൻ്റെ സംഭവവും നാൽപ്പതുകളുടെ അവസാനത്തിലൊ അമ്പതുകളുടെ ആരംഭത്തിലൊ ആയിരിക്കാം നടന്നിട്ടുള്ളത് . പാലേരി മാണിക്യം പോലെ ബിയ്യാത്തുവിൻ്റേതും ഒരു പാതിരാ കൊലപാതകമായിരുന്നു , പാലേരി മാണിക്യത്തിലെ മാണിക്യം കൊല്ലപ്പെട്ടത് പോലെ……
പാലേരി മാണിക്യം കഥയിലെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയുടെ
മകൻ ഖാലിദ് അഹമ്മദിൻ്റെ സിൽബന്തികളെ പോലെയായി മാറി കൊച്ചിയിലെ ഈ പ്രമാണിയുടെ സിൽബന്തികളും .


രാജീവൻ്റെ കഥയിൽ സ്ത്രീലമ്പടനും നാട്ടിലെ പ്രമാണിയുമായ മുരിക്കും കുന്നത്ത് അഹമ്മദ് ഹാജിയുടെ മകൻ ഖാലിദ് അഹമ്മദ് മാണിക്യം എന്ന പെൺകുട്ടിയെ മാനഭംഗപ്പെടുത്തുന്നു ഇതിനിടയിൽ പെൺകുട്ടി മരണപ്പെട്ടു എന്നു തോന്നിയതിനാൽ ജഡം പാറമട കയത്തിൽ കളയാൻ സിൽബന്തികളെ ഏർപ്പാട് ചെയ്യുന്നു . പെൺകുട്ടിയെ പൊതിഞ്ഞു കെട്ടി പാറമടകയത്തിലെ പടവുകളിൽ എത്തിച്ചു നോക്കുമ്പോൾ അവൾ മരണപ്പെട്ടിട്ടില്ല അവസാന ശ്വാസത്തിലാണ് . മൃതപ്രായമായ അവളെ സിൽബന്തികൾ അവിടെ വെച്ചു ക്രൂരമായി ബലാൽസംഘത്തിന് ഒരിക്കൽ കൂടി ഇരയാക്കുന്നു . ശേഷം മരണം ഉറപ്പാക്കി പാറമടയിലെ കയത്തിലേക്ക് വലിച്ചെറിയുന്നു . പോലീസ് കേസെടുത്തു അന്വേഷിക്കുന്നു എങ്കിലും പ്രമാണിയുടെ സമ്പത്തിൻ്റെ ബലത്തിൽ കേസ് ഇല്ലാതാവുന്നു . ഏതാണ്ട് ഇതൊക്കെ തന്നെയാണ് ബിയ്യാത്തുവിൻ്റെ കേസിലും സംഭവിച്ചതെന്ന് പറയാം .


ബിയ്യാത്തുവിൻ്റെ കാതുകളിൽ നിറയെ പൊന്നലിക്കത്തിനാൽ അലങ്കരിച്ചിരുന്നു .
കൊമ്പനലിക്കത്തും , കൊമ്പൻ താങ്ങിയും സുന്ദരിയായ ബിയ്യാത്തുവിനെ കൂടുതൽ സുന്ദരിയാക്കിയിരുന്നു . പ്രമാണിയുടെ സിൽബന്ധികൾ ബിയ്യാത്തുവിൻ്റെ സ്വർണ്ണത്തിനായി ക്രൂരന്മാരായി മാറി അവർ ബിയ്യാത്തുവിൻ്റെ ജഡത്തിൽ നിന്ന് കാതുകൾ രണ്ടും മുറിച്ചെടുത്തു . അങ്ങനെയാണ് സുന്ദരിയായ ബിയ്യാത്തു കാതറുത്ത ബിയ്യാത്തുവായി മാറിയത്.
ശേഷം അവർ ബിയ്യാത്തുവിൻ്റെ ജഡവുമായി നടന്നു വന്നു .
വഴിവിളക്കുകളില്ല അവിടം ഇരുട്ടു മൂടി കിടന്നിരുന്നു എങ്കിലും അന്നവിടെ അടുത്തെവിടെയൊ ഒരു കല്യാണം നടക്കുന്നുണ്ടായിരുന്നു . കല്യാണ വീട്ടിലെ പെട്രോ മാക്സ് വിളക്കുകളുടെ വെളിച്ചത്തിൽ തങ്ങളെ കണ്ടുപിടിക്കുമോ എന്ന ഭയത്താൽ പ്രമാണിയുടെ സിൽബന്തികൾ ബിയ്യാത്തുവിൻ്റെ ജഡം കായലിൽ ഒഴുക്കാൻ നിൽക്കാതെ പള്ളിയുടെ അടുത്തുള്ള വലിയ തോട്ടിൽ ഉപേക്ഷിച്ചു . ജഡം സമീപമുള്ള കായലിലേക്ക് ഒഴുകി പോകും എന്ന അവരുടെ പ്രതീക്ഷ തെറ്റിപോയി .
ബിയ്യുത്തുവിൻ്റെ ജഡം തോട്ടിൽ കിടന്നു അഴകി തുടങ്ങി രൂക്ഷമായ ദുർഗന്ധം പരിസരത്തെങ്ങും വ്യാപിച്ചു . പോലീസെത്തി ജഡം പുറത്തെടുത്തു പോസ്റ്റ്മാർട്ടം നടത്തി . കൊച്ചങ്ങാടിയിലെ ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു .


ജമാൽ കൊച്ചങ്ങാടി തുടർന്നു പറയുന്നു അന്ന് കേസന്വേഷണത്തിന് നിയുക്തനായത് ഒരു അയ്യരാണ് . അദ്ദേഹം ദേശത്തെ അക്കാലത്തെ പ്രമാണിമാരായ നൈനനമാരെയും , പിള്ളമാരെയും കണ്ടു , തക്യാവിലെ തങ്ങന്മാരെ സന്ദർശിച്ചു അവർ എല്ലാവരും ഉറപ്പിച്ച് പറഞ്ഞു ഈ പ്രദേശത്ത് ഇത്രയും ക്രൂരമായ കൊലപാതകം ചെയ്യാൻ കരളുറപ്പുള്ള ആരുമില .
ഇതിനിടയിൽ ബിയ്യാത്തു തൻ്റെ അയൽവാസിയായിരുന്നു എന്നും കേസിന് എന്തെങ്കിലും തുമ്പുണ്ടോ എന്നും അന്വേഷിച്ച് ഈ പ്രമാണി ഇടയ്ക്കിടെ പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയിരുന്നു . പ്രമാണിയിൽ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥനായ അയ്യർ പ്രമാണിയെ ചോദ്യം ചെയ്യാനാരംഭിച്ചു . കുറ്റം സമ്മതിച്ച പ്രമാണിയെ പോലീസ് അറസ്റ്റ് ചെയ്തു .


പ്രമാണിയെ അറസ്റ്റ് ചെയ്ത വാർത്ത കൊച്ചിയിൽ കാട്ട് തീ പോലെ പടർന്നു . സ്റ്റേഷനും പരിസരവും ജനനിബിഡമായി . ജനങ്ങൾ വലിയ ബഹളങ്ങളുണ്ടാക്കി . അന്ന് നാട്ടിലെ സമ്പന്നനും പൊതുകാര്യ പ്രസക്തനുമായ ഇസ്മായിൽ ഹാജി ഈസ സേട്ട് ഇടപ്പെട്ടാണ് ആളുകളെ ശാന്തരാക്കിയതെന്ന് പറയുന്നു . അറിയപ്പെടുന്ന സിനിമ നിർമ്മാതാവായ ചെമ്മീൻ ബാബുവിൻ്റെ പിതാവാണ് ഇദ്ദേഹം .
പ്രതി പ്രമാണിയല്ലെ , എന്തു സംഭവിക്കാൻ അയാൾ ജാമ്യത്തിൽ പുറത്തിറങ്ങി . പതിയെ കേസ് ഇല്ലാണ്ടായത്രെ ……
പടച്ചവൻ അനുഗ്രഹിച്ചാൽ കൊച്ചിയുടെ ചരിത്രവുമായി നമുക്ക് വീണ്ടും കാണാം …..
താഴെ കൊടുത്തിരിക്കുന്ന ചിത്രം തികച്ചും സാങ്കൽപ്പികം മാത്രം . ചിത്രത്തിന് ആരുമായും യാതൊരു ബന്ധവുമില്ല ….

മൻസൂർ നൈന

By ivayana

Leave a Reply

Your email address will not be published. Required fields are marked *