പ്രണയത്തിന്റെ ഓർമ്മകൾ വരച്ചിടട്ടെ!
തൂവെള്ള പേപ്പറിന്റെ
ഒരു കോണിൽനിന്നും
ജൂണിലെ മഴയങ്ങനെ പെയ്യുന്നു
റോഡിലൂടെ പാഞ്ഞു
പോകുന്ന വാഹനങ്ങൾ
തണൽ മരത്തിലേക്ക്
ചേക്കേറിയ
പക്ഷികൾമാത്രം സാക്ഷി!
കുടയെടുക്കാതെ
മഴയോട് വഴക്കിട്ട്
പോകുന്ന ചില മനുഷ്യർ!
പ്രണയമെന്ന് ഒറ്റവാക്കിൽ
കൊരുത്ത രണ്ടുപേർ
ശ്വാസമടക്കി പറഞ്ഞ വാക്കുകൾ
ചിത്രം ഉരുവിട്ടുകൊണ്ടിരിക്കുന്നു!
പ്രണയത്തിന്റെ ആദ്യത്തെ ചുംബനത്തിന്
‘ മറ’ നൽകിയ തണൽമരം!
എന്നിലെ നീ…
എന്റെ ചുണ്ടുകളിൽ നിന്നും
കൊത്തിയെടുത്ത
പ്രണയചുംബനം
ആത്മദാഹത്തിന്റെ
നീരുറവതേടുന്നു!
കാഴ്ച്ചക്കാരെ നിങ്ങൾക്കോ…
ഇത് വെറുമൊരു ചിത്രം!
എന്നിലിപ്പോഴും തോരാതെപെയ്യുന്ന “മഴ”
നിറങ്ങൾ നൽകാൻ
കഴിയാത്തൊരു പെൻസിൽ വര!

ശാന്തി സുന്ദർ

By ivayana