ഓണമെനിക്കന്നെന്തു തന്നു
ഓമനിക്കാൻ നല്ലോർമ്മതന്നു
ഓടിക്കളിച്ച തൊടിയിലെ പൂക്കൾ വ-
ന്നോർമ്മയിൽ തൊട്ടുചിരിച്ചു നില്പൂ .
പാടവരമ്പത്ത് പൂവിട്ട തുമ്പയും
പീതാംബരമിട്ട മുക്കുറ്റിയും
ഓർമ്മയിലോണം മണക്കുന്ന കാറ്റിനോ-
ടോരോന്നുചൊല്ലി വിരിഞ്ഞു നില്പൂ.
പൂക്കൂടയേന്തി നടന്നെൻ്റെ കൂട്ടുകാ-
രോടൊത്ത് പൂക്കളിറുത്ത കാലം..
അന്നു പൊലിപ്പാട്ട് പാടിയതും പിന്നെ
ആർപ്പുവിളിച്ചൂഞ്ഞാലാടിയതും
പൊന്നിൻനിലാവിൽ കളിച്ചതും ഓർമ്മയിൽ
ഇന്നലെയെന്നപോൽ മിന്നി നില്പൂ …
ചാണകം മെഴുകിയെൻ മുറ്റത്തു ഞാനിട്ട
പൂക്കളമോരോന്നും ഓർക്കുന്നു ഞാൻ
അരിമാവു ചാർത്തിയ തൃക്കാക്കരപ്പനെ
പൂവിട്ടുതൊഴുതതും ഓർക്കുന്നു ഞാൻ
ഉത്രാടപ്പാച്ചിലിൽ അച്ഛനോടൊപ്പമ-
ന്നങ്ങാടിയിൽ പോയതോർക്കുന്നു ഞാൻ
ഓണപ്പുടവതൻ ഗന്ധം നുകർന്നതും
നെഞ്ചോടു ചേർത്തതും ഓർക്കുന്നു ഞാൻ
കൺകൾ നിറഞ്ഞതും ഓർക്കുന്നു ഞാൻ.
പഞ്ഞമാസത്തെ കുടഞ്ഞെറിഞ്ഞെത്തിയ
ചിങ്ങമാസത്തിരുവോണനാളിൽ
അമ്മ നിലവിളക്കും തെളിച്ചങ്ങനെ
മുന്നിൽ വിളമ്പിയ സദ്യയോർപ്പൂ.
സന്തോഷം കൊണ്ടു തുടുത്ത പെറ്റമ്മ തൻ
സംതൃപ്തി പൂണ്ട മുഖവുമോർപ്പൂ.
പിന്നിട്ടു പാതകൾ ഞാനേറെയെങ്കിലും
അന്നത്തെയോണമാണെൻ്റെ പുണ്യം
ഇന്നിന്റെ ജീവിതവീഥിയിൽ കാണുകി –
ല്ലന്നത്തെ ഓണമഹിമയൊന്നും
ബിന്ദു വിജയൻ കടവല്ലൂർ