രചന : അൻസാരി ബഷീർ✍
പാറിമറഞ്ഞ വിമാനത്തിൻമുന
കോറിയ കണ്ണിൽ നീരുറവ
ചീറിയുയർന്ന വിമാനത്തിൽ മിഴി
ചാറിയതും ചുടു നീരുറവ
പാതി കരിഞ്ഞ കിനാപ്പാടങ്ങൾ
തേടി റിയാദിൻ തേനുറവ
മൂടി തുറന്ന മണൽക്കാറ്റിൽ ഞാൻ
മൂടിയതെന്നിലെ ‘ഞാനുറവ
കീറിയെടുത്തൊരു ദുനിയാവിൻ്റെ
പാതിമറച്ച മനസ്സ് റിയാദ്
പാതി മുറിച്ചു വിളക്കിയ ഭാഷകൾ
കോറിവരച്ച നഭസ്സ് റിയാദ് !
ഒറ്റ റിയാലിൻതുട്ടിന് സത്യം
വെട്ടുകളേറ്റു പിടയ്ക്കുമിടം
നേരുകളിവിടെ സ്വപ്നത്തിൻ തരി
വീണുകരിഞ്ഞ ശ്മശാനങ്ങൾ !
അനുമതി രേഖകളറ്റ പ്രവാസി –
ക്കകമുഴുതൊഴുകിയ മിഴിനീരിൽ
അന്നം പാകംചെയ്തു രുചിപ്പൂ
അകമലിവറ്റൊരു തൊഴിലുടമ !
നുണകൾ കൊണ്ടു നികത്തിയ ജീവിത-
കപടതകൾക്കു മുഖംമൂടി
നിത്യമൊരഞ്ച് വഖ്ത്തു മുസല്ലയിൽ
നെറ്റിയിടിച്ചൊരൊളിച്ചോട്ടം!
കണ്ണിൽ കടലുകൾ പേറി വരുന്നൂ
കണ്ണികളറ്റ പ്രവാസങ്ങൾ
കണ്ണിലിറങ്ങിച്ചെന്നാൽ കാണാം
പുണ്ണു പഴുത്ത വിലാപങ്ങൾ !
നെഞ്ചിൽ നിമോണിയ മരണത്തിൻ പെരു-
മഞ്ചലൊരുക്കിയ വൃദ്ധനൊരാൾ
സ്വന്തം ഇഖാമ ഒരിക്കൽപ്പോലും
തൊട്ടിട്ടേയില്ലാത്തയൊരാൾ
കൊട്ടിയടച്ച ചികിത്സാനിയമ-
പ്പെട്ടകവാതിലിൽ മുട്ടുന്നു!
ചിന്തയെരിഞ്ഞുണ്ടായൊരു ചിതയിൽ
സ്വന്തം പ്രാണനെരിക്കുന്നു!
ചിന്തകളിൽ തീയിട്ട മനുഷ്യർ
വെന്ത ചിതാഭസ്മത്തിനു മുകളിൽ
മൗനമുരുക്കിയൊഴിച്ചു റിയാദിൻ
സ്പന്ദമറിഞ്ഞ മിനാരങ്ങൾ !
വർണ്ണവിളക്കുകൾകൊണ്ടു മറച്ച
കണ്ണീർക്കടലിലെ ദ്വീപ് റിയാദ് !
പൊങ്ങച്ചങ്ങൾ കൊണ്ടു നനച്ച
പൊള്ളലുകൾക്കൊരു പേര് റിയാദ് !