രചന : നാരായണൻ. എ. എൻ✍
ഇടറിനീങ്ങിടു,ന്നാവേഗഗാത്ര,മീ-
സ്മൃതിയിലേക്കുള്ള സഞ്ചാരവീഥിയിൽ
അനുഗമിക്കയാമാത്മാവു,മെന്തിനോ-
യിരുസമാന്തരരേഖപോ,ലൊർമ്മയും
നിനവിനപ്പുറം ജീവിനിൽ സാന്ദ്രമാം
നിമിഷമില്ലെന്ന നേരിനാൽ ചേർന്നവർ
മതി, യശാന്തമീയേകാന്ത വീഥിതൻ
അരുകിൽ വച്ചിടാം ഉൾച്ചേർന്നതത്രയും .
നിറവിനാ,യിതാ ദേഹമീ യാന്ത്രിക-
ക്ഷിതിയിൽ, പിന്നിടു,ന്നാമോദമാത്രകൾ
തടവിലിപ്പൊഴും സാന്ദ്രശൈത്യത്തിലായ്-
സുഖമുറങ്ങിടും സ്നേഹസഞ്ചാരികൾ.
നിനവിലോരുന്ന ശീതളക്കാറ്റിനാൽ
പ്രണയസൗഹൃദം, മൂളുന്നു മൂർച്ഛയിൽ
പഥികരന്യോന്യ ചിന്തകൾ പങ്കിടാൻ
സരസഭാഷണം, സന്തപ്ത ശാന്തിദം.
ശ്രുതിയിണങ്ങാത്ത സ്വപ്നങ്ങളെത്രയോ
വഴിയിലാ,ശയായ് മായുന്ന കാഴ്ചകൾ
ഗതിലാഴ്ന്നതാം നിർലോപമോഹമാ-
ഹൃദിയിലുൾക്കൊണ്ട നിസ്സഹയാത്രികർ
തിരയടങ്ങാത്ത ദുഃഖവും,ദ്വേഷവും
മനമിളക്കുന്ന വീര്യവും വാശിയും,
പടരുമഗ്നി പോൽ ആധിയും വ്യാധിയും
നിയതിയില്ലാത്ത നിത്യസഞ്ചാരികൾ
തെളിമയിങ്ങിതേ,നേർവ്വഴിക്കാഴ്ചയിൽ
തിരികെയെത്തു,ന്നശാന്തമാമോർമ്മകൾ
ഉചിതശൂന്യമായെത്തുന്ന വാർദ്ധകം
വണിജർ,ഓരുന്നതത്രയും നൽകുവോർ.
പ്പതിവു സംസാര ഭാഷയിൽച്ചേർന്നിടാ
തകമേ,യുൾക്കാമ്പു കേഴുന്നു മൂകമായ്
ജരയില,ന്വർത്ഥമാക്കിടും വേളകൾ,
ഇരുളിൽ നല്കുന്നൊരാലംബദീപകം
മൃതിയുപേക്ഷിച്ച വാക്കുകൾ ചുറ്റിലും
കരുണകായ്ക്കുന്നചൊല്ലുകൾ സാന്ത്വനം
തെളിവിളക്കിൻ്റെ മങ്ങിയ കാഴ്ചകൾ
ചിലതുപേക്ഷിച്ചു പോകുന്നു പിൻവഴി .
വഴിവിളക്കുകൾ , പച്ചയും, രാഗവും
നിരയി,ലുൾക്കണ്ണ,ടക്കാത്തസാക്ഷികൾ
വിവിധ സംസ്കാരസഞ്ചയം ഭാഷയായ്
ഇടയിലേറുന്നി,റങ്ങുന്നു നിത്യദാ .
മുകളിലിപ്പൊഴും ചിന്തകൾക്കപ്പുറം
നെടുകെ നീളുന്ന വൈദ്യുതചാലകം
ധൃതിയിലോടുന്ന നാട്ടുമദ്ധ്യത്തിലും
പ്രചുരശാതമായ് നീക്കുന്നു ജീവനം
ധവളധാരിയായ് നേർപരിശോധകൻ
തിരയുമാത്മാവിലാർജ്ജിത രേഖകൾ
നെടിയ നേർത്താരയോടിക്കിതക്കവേ
ജഠരഗാത്രം വിറക്കുന്ന,നാരതം
ഇരുളുമാഞ്ഞിടുന്നുദ്ദീപ്ത ലക്ഷ്യമി-
ങ്ങരികെയെത്തുന്നു വെണ്മയായ് ഹൃത്തിലും.
സ്മൃതി, മൃതിയിലേക്കു,ഹാ ! നാമേവരും
ഇടറി നീങ്ങുന്ന യാത്രികർ, നിത്യവും
ഇടറിനീങ്ങിടുന്നാവേഗഗാത്ര, മെൻ
മൃതിയിലേക്കുള്ളൊരേകാന്തമാത്രകൾ
ഇരുസമാന്തരരേഖ, നാം, ഉള്ളിലീ –
ഭ്രമിതമാർഗ്ഗത്തിലാത്മാവു, തേടുവോർ
Good.