രചന : ദേവിക നായർ ✍
“എന്റെ കല്യാണത്തിന് വീഡിയോ വേണ്ട!”
കല്യാണത്തിന് ആരെയൊക്കെ വിളിക്കണം, എന്താണ് സദ്യവട്ടം, എവിടെ വെച്ച് കല്യാണം അങ്ങനെ മുതിർന്നവർ പ്രായോഗികമായ പ്ലാനുകൾ ഇട്ടു കൊണ്ടിരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി ഞാൻ പ്രഖ്യാപിച്ചു!
അന്നത്തെ കൊടും ഫാഷനായ വീഡിയോ ഒഴിവാക്കുക എന്നത്, വീട്ടുകാർക്ക് ഒരു ഞെട്ടൽ ഉണ്ടാക്കി എങ്കിലും അൽപ്പം ലാഭമുള്ള കേസ് ആയതു കൊണ്ട് അവർക്ക് അത്ര എതിർപ്പുണ്ടായില്ല..
പക്ഷെ എന്തിനും ഒരു മറുവശം ഉണ്ടല്ലോ…
ചരിത്രപരമായ എന്റെ തീരുമാനത്തെ അടപടലം തേച്ച് ഭാര്യ വീട്ടുകാർ വീഡിയോ ഏൽപ്പിച്ചു..
അന്നത്തെക്കാലത്തെ ഒരു ചെറുപ്പക്കാരന് വലിയ വോയ്സ് ഇല്ലാതിരുന്ന കാരണം ഈ അപമാനം ഞാൻ കല്യാണ ദിവസം കണ്ടില്ലെന്ന് നടിച്ചു. (കണ്ടു എന്ന് നടിച്ചാലും എനിക്കൊന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു എന്ന് വേറെ കാര്യം!)
കല്യാണം കഴിഞ്ഞ് നാലഞ്ചു ദിവസം കഴിഞ്ഞ് ഒരു ദിവസം, പുത്തൻ മരുമോൻ ആയി ഭാര്യവീട്ടിൽ ഒരു സെറ്റിയിൽ ലാവിഷായി ഇരുന്നിരുന്ന എന്റെ മുന്നിൽ വീഡിയോഗ്രാഫർ വീണ്ടും പ്രത്യക്ഷപ്പെട്ടു. വിവാഹാനന്തരം ഉള്ള ഫോട്ടോഷൂട്ടിനായി ഏതെങ്കിലും പ്രകൃതിരമണീയമായ സ്ഥലങ്ങളിൽ പോകുന്നതിനെ കുറിച്ച് സംസാരിക്കാൻ ആയിരുന്നു അത്. താല്പര്യമില്ല എന്നും എനിക്ക് അത്തരം കാര്യങ്ങൾ ബുദ്ധിമുട്ടാണെന്നും പറയാൻ ആവതും ശ്രമിച്ചെങ്കിലും അതെല്ലാം വീഡിയോഗ്രാഫറുടെയും വീട്ടുകാരുടെയും നിർബന്ധത്തെ തുടർന്ന് ചീറ്റിപ്പോയി!
പൊതു അഭിപ്രായം മാനിച്ച് മലയാറ്റൂർ അടിവാരത്തുള്ള മണപ്പാട്ട് ചിറയുടെ പരിസരത്ത് പോയി ഫോട്ടോ ഷൂട്ട് ചെയ്യാമെന്ന തീരുമാനമെടുത്തു.
സമീപകാലത്ത് സമൃദ്ധമായി വെള്ളം നിറഞ്ഞ് മനോഹരമായ ഒരു തടാകമായി മേക്ക് ഓവർ നടത്തിയ മണപ്പാട്ടുചിറ ക്രിസ്തുമസ് സമയത്ത് ചുറ്റും നക്ഷത്രവിളക്കുകൾ കൊണ്ട് അലങ്കരിച്ച് ഒരുപാട് സന്ദർശകരെ ആകർഷിക്കാറുള്ള ഒരു ടൂറിസ്റ്റ് സെന്റർ ആണ്. മലയാറ്റൂർ കുരിശുമുടിയുടെ താഴ്‌വര എന്നതും സമൃദ്ധമായി വണ്ടി പാർക്ക് ചെയ്യാനുള്ള സൗകര്യവും എല്ലാം ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്…
പക്ഷെ മേൽപ്പറഞ്ഞ സംഭവം നടക്കുന്ന സമയത്ത് പ്രസ്തുത ചിറ ഒരു ചെളിക്കുണ്ട് ആയിരുന്നു. നടുക്കോ മറ്റോ അല്പം മാത്രം വെള്ളം. ബോട്ടിംഗ് എന്ന പേരിൽ മഞ്ഞ നിറമുള്ള ഒരു ബോട്ടിന്റെ അസ്ഥികൂടം അവിടെ കെട്ടിയിട്ടിരുന്നു. കണ്ടാൽ ഏറെക്കാലമായി ഒന്നും തിന്നാൻ കൊടുക്കാതെ എല്ലും തോലുമായ ഒരു പശുവിനെ കെട്ടിയിട്ടിരിക്കുന്ന പോലെ തോന്നും. ഇന്നത്തെ ചിറയുടെ ഏതാണ്ട് നടുഭാഗം വരെ വരണ്ടുണങ്ങിയ, നടക്കാവുന്ന, ഉറച്ച മണ്ണ് ആയിരുന്നു… പക്ഷേ ചിറയ്ക്ക് ചുറ്റും കെട്ടി റെഡി ആക്കിയ റോഡിൽ വാക മരങ്ങൾ ഒരുക്കിയ മനോഹരമായ തണലും മഞ്ഞ പൂക്കൾ വിരിച്ച നടവഴിയും ഉണ്ടായിരുന്നു…
ഷൂട്ടിനായി എത്തിയ ഞങ്ങൾ വണ്ടി ഒരു മരത്തിനു ചുറ്റും ഒതുക്കി ചിറയുടെ പരിസരത്തേക്ക് നീങ്ങി. പട്ടുസാരി ഉടുത്ത് പുറത്തിറങ്ങുന്ന ആദ്യ അവസരങ്ങളിലൂടെ എന്റെ ഭാര്യയും ശ്ശിതൊക്കെ യെന്ത് എന്ന മട്ടിൽ ഞാനും..
കാമറയും മറ്റും റെഡി ആക്കി ശേഷം വീഡിയോഗ്രാഫർ ദൂരെ ഒരു വാക മരത്തിൽ എന്നോട് ചാരി നിൽക്കാൻ ആവശ്യപ്പെട്ടു. മുഖത്ത് നിലവിലുള്ള കാഠിന്യം അല്പം കുറച്ച് നറു പുഞ്ചിരി തൂകാനും പറഞ്ഞു. പിന്നെ ഭാര്യയോട് നടന്നു വന്ന് എന്റെ ദേഹത്ത് ചാരി നിൽക്കാൻ ആവശ്യപ്പെട്ടു…
അൽപ നേരം നവരസങ്ങൾ പുറപ്പെടുവിച്ച ശേഷം ഇനിയെന്ത് എന്ന മട്ടിൽ നിന്ന എന്നോട് ചെളിക്കുണ്ടിന് സമീപം കാമറ സെറ്റ് ചെയ്ത് കാമറയ്ക്ക് നേരെ ഭാര്യയുടെ കൈയും പിടിച്ച് ഓടിച്ചെല്ലാൻ ആവശ്യപ്പെട്ടു… ഓൺ യുവർ മാർക്ക് സെറ്റ്… പറഞ്ഞ് പീ…. എന്ന് വിസിൽ അടിക്കുമ്പോൾ ബെൻ ജോൺസൺ ഓടി വരുംപോലെ ഓടി കാമറയുടെ അടുത്തെത്തിയ ഞാൻ കണ്ടത് ദൂരെ സ്റ്റാർട്ടിങ് പോയിന്റിൽ സാരി തടഞ്ഞ് ഫൗൾ ആയി നിൽക്കുന്ന ഭാര്യയെ ആയിരുന്നു…. ഒരിക്കൽ കൂടി ഓടേണ്ടി വന്നെങ്കിലും അടുത്ത ടേക്കിൽ ഓക്കേ ആയി.
അടുത്ത ഷോട്ട് ചിറയുടെ നടുഭാഗത്ത് ചെളിക്കുണ്ടിന് സമീപത്തായി ഉയർന്നു നിൽക്കുന്ന ഒരു മൺ കൂനയിൽ ആയിരുന്നു. കൂനയിൽ ഇരിക്കുന്ന ഞാൻ. ഒരു കാൻഡിഡ് ഫീൽ കിട്ടാൻ ഒരു പുല്ല് കടിച്ചു പിടിച്ചിട്ടുണ്ട്. എന്റെ അടുത്തേക്ക് നടന്നടുക്കുന്ന ഭാര്യ പതിയെ വന്ന് കൂനയിൽ ഇരിക്കുന്ന എന്റെ താഴെയായി ഇരുന്ന് എന്റെ ദേഹത്ത് ചാരണം. ശേഷം ശരീരം പകുതി ചരിച്ച് എന്റെ മുഖത്തേക്ക് നോക്കി ചിരിക്കണം… പ്ലാനും സ്‌ക്രിപ്റ്റും എല്ലാം കലക്കൻ ആയിരുന്നെങ്കിലും ഇദ്ദേഹത്തിന്റെ ചാരൽ അല്പം ബലത്തിൽ ആയതു കൊണ്ട് കൂനയിൽ ഇരുന്ന ഞാൻ താഴേക്ക് ഊർന്നിറങ്ങുന്ന കാഴ്ചയായിരുന്നു അടുത്തത്. മുൻപിൽ ഇരുന്നിരുന്ന ഭാര്യയെ നിഷ്കരുണം തള്ളി നീക്കി കൂന ഇടിച്ച് താഴെയെത്തിയ എന്റെ പാന്റ്സിന്റെ മൂട്ടിൽ ഒരു വലിയ ചെളിപ്പാട് രൂപപ്പെട്ടു.
ഇനിയുള്ള ഭാഗങ്ങളിൽ പിന്നാമ്പുറം അഭിനയിക്കേണ്ട കാര്യമില്ല എന്നു പറഞ്ഞ് വീഡിയോഗ്രാഫർ മൺകൂനയിൽ നിന്നിറങ്ങിയ ഞങ്ങളെ രണ്ടുപേരെയും അടുത്തതായി നയിച്ചത് ചെളിക്കുണ്ടിന് അരികിലായി പാർക്ക് ചെയ്തു വെച്ചിരുന്ന ഒരു ബോട്ടിനടുത്തേക്കായിരുന്നു. വളരെ ഭവ്യതയോടെ അയാൾ എന്നെ ബോട്ടിൽ കയറ്റി ഇരുത്തി. പിന്നീട്, ബോട്ടിൽ കയറാൻ തുടങ്ങുന്ന ഭാര്യയെ, ഞാൻ വലത്തെ കൈ കൊണ്ട് പിടിച്ച് ബോട്ടിൽ കയറ്റുന്ന സീൻ ഷൂട്ട് ചെയ്തു.
അടുത്തതായി വീഡിയോഗ്രാഫർ ഞങ്ങൾക്ക് ബോട്ടുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകി. പെഡൽ ചവിട്ടുന്നത് അനുസരിച്ച് ബോട്ട് മുന്നോട്ടു നീങ്ങും. സീറ്റുകൾക്ക് നടുവിലായി ഫിറ്റ് ചെയ്തിട്ടുള്ള ഒരു കമ്പിയിൽ പിടിച്ച് വലത്തോട്ട് തിരിച്ചാൽ ബോട്ട് വലത്തോട്ട് വളയും. ഇടത്തോട്ട് തിരിക്കുകയാണെങ്കിൽ ഇടത്തോട്ടു പോകും. ചവിട്ടു നിർത്തിയാൽ ബോട്ട് നിൽക്കുകയും ചെയ്യും.
ബോട്ട് സ്വതന്ത്രമായി കയ്യിൽ കിട്ടിയപ്പോൾ കഴിവ് തെളിയിക്കാൻ ഒരവസരം കിട്ടിയ എന്റെ മുഖം വലിഞ്ഞു മുറുകി. ടോം ക്രൂസും സൽമാൻ ഖാനും എന്തിന്, ലാലേട്ടനും വരെ സ്പീഡ് ബോട്ട് ഓടിക്കുന്ന ചിത്രങ്ങൾ ഞാൻ മനസ്സിലാവാഹിച്ചു. പിന്നെ രണ്ടും കൽപ്പിച്ച് ബോട്ടിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഒരു നിമിഷം പോലും വൈകാതെ ആഞ്ഞു ചവിട്ടാൻ ആരംഭിച്ചു. അല്പനേരം ചവിട്ടി വായിൽ നിന്നും നുരയും പതയും വന്ന് തുടങ്ങിയപ്പോഴാണ് ഭാര്യ കരിങ്കല്ലിനു കാറ്റുപിടിച്ച പോലെ ഇരിക്കുകയാണെന്നും ചവിട്ടുന്നില്ലെന്നും ഉള്ള നഗ്ന യാഥാർത്ഥ്യം ഞാൻ മനസ്സിലാക്കിയത്. വളരെ പെട്ടെന്ന് തന്നെ മറ്റൊരു യാഥാർത്ഥ്യവും ഞാൻ മനസ്സിലാക്കി. ഈ കമ്പി വെറുതെ കിടന്നു കറങ്ങുകയാണ്. വലത്തോട്ടോ ഇടത്തോട്ടോ എന്നല്ല ഒരു നിയന്ത്രണവും ബോട്ടിൽ ഇല്ല.
അപ്പോഴേക്കും എന്റെ ചവിട്ടിന്റെ ഗുണവതികാരം കൊണ്ട് ബോട്ട് അൽപ ദൂരം മുന്നോട്ടു പോയിരുന്നു. അല്പം വെള്ളമേ ഉള്ളൂവെങ്കിലും ഉള്ളതിന്റെ നടുക്ക് എത്തിയിരുന്നു.
ഞാൻ ഒരു നിമിഷം ആലോചിച്ചു. നീന്തൽ അറിയാമോ എന്ന് ചോദിച്ചാൽ അറിയാം. പക്ഷെ പട്ടുസാരിയും പുത്തൻ സ്വപ്നങ്ങളുമായി ഇരിക്കുന്ന ഭാര്യയ്ക്ക് നീന്തലറിയില്ല എന്നുറപ്പ്. രക്ഷിക്കാം എന്ന് വെച്ചാൽ അതിനുമ്മാത്രം ഉള്ള നീന്തൽ എനിക്കറിയാനും വയ്യ. വരുന്നിടത്തു വെച്ചു കാണാം എന്ന ചിന്തയിൽ ഞാൻ എഴുന്നേറ്റ് കൈവീശി കാണിക്കാൻ ആരംഭിച്ചു. ശബ്ദം കേൾക്കാൻ ആവില്ലെങ്കിലും എന്റെ മനോഹരമായ എക്സ്പ്രഷൻ കണ്ട വീഡിയോഗ്രാഫറും കൂടെയുള്ളവനും കൂടി ബോട്ടുമായി ബന്ധിപ്പിച്ച ഒരു കയർ പിടിച്ചുവലിച്ചു ഞങ്ങളെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.
ആ സംഭവത്തോടെ എല്ലാത്തരത്തിലുള്ള ഷൂട്ടിംഗും നിർത്തി വയ്ക്കാൻ ഞാൻ ആഹ്വാനം ചെയ്തു. മൂട്ടിലെ ചളിയും ആകസ്മികമായി ഉണ്ടായ അന്ധാളിപ്പും എന്നെ ആകെ തളർത്തിയിരുന്നു. കൂടുതൽ ചർച്ചകൾക്കൊന്നും നിൽക്കാതെ ഭാര്യയുടെ കയ്യിൽ പിടിച്ച് ഞാൻ കാറിൽ കയറിയിരുന്നു. നിസ്സഹായനായ വീഡിയോഗ്രാഫർ ഞങ്ങളെ തിരികെ കൊണ്ടാക്കുകയും ചെയ്തു.
അൽപ ദിവസം കഴിഞ്ഞു കല്യാണ വീഡിയോ ഷൂട്ട് ചെയ്ത കാസറ്റും ആയി ഇദ്ദേഹം വീട്ടിലെത്തി. അന്നത്തെ പതിവിൻ പ്രകാരം കുടുംബത്തിലെ അംഗങ്ങളും അയൽപക്കത്തെ വീട്ടുകാരും അറിയാവുന്ന നാട്ടുകാരും എല്ലാവരും ഒത്തുകൂടി ഒരു കൊച്ചു ജനക്കൂട്ടത്തെ സാക്ഷിനിർത്തി വീട്ടിലെ വീസീയാറിൽ കല്യാണ വീഡിയോ പ്ലേ ചെയ്യാൻ ആരംഭിച്ചു.
പതിവ് സീനുകൾക്കും ബോറടിപ്പിക്കുന്ന സദ്യാവിഷ്‌കാരങ്ങൾക്കും തുടർച്ചയായി ഒരു ചെറിയ മഞ്ഞു പെയ്യുന്ന വിഷ്വൽ വന്നപ്പോൾ എല്ലാവരും വല്ലാതെ അമ്പരന്നു.. ഏതൊക്കെയോ വിദേശ രാജ്യങ്ങളിലെ പോലെ മഞ്ഞപ്പൂക്കൾ വിരിച്ച വഴിയിലൂടെ ഒരു മെഴ്സീഡിസ് ബെൻസ് കാർ സ്പീഡിൽ വന്നു നിന്നു. പിന്നെ പതിയെ ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന ലാലേട്ടൻ ചിത്രത്തിലെ തിങ്കൾ നിലാവിൽ എന്ന ഗാനം പ്ലേ ചെയ്യാൻ ആരംഭിച്ചു..
ഒരു വാക മരത്തിൽ ചാരി കൈ വിരിച്ച് നിൽക്കുന്ന എന്റെ സമീപത്തേക്ക് സ്ലോമോഷനിൽ ഓടി വരുന്ന എന്റെ ഭാര്യ! എന്റെ നെഞ്ചില് ചാരി നിൽക്കുന്ന അവളെ ഞാൻ ചേർത്ത് പിടിക്കുകയാണ്…
പാട്ട് മുറുകുന്നതിനനുസരിച്ച്, പതിയെ നടന്നു പോകുന്ന ഞങ്ങൾ അതിമനോഹരമായ ഒരു മൺകൂനയ്ക്ക് അരികിൽ എത്തി. കൂനയിൽ ഇരുന്ന് വളർന്നു നിൽക്കുന്ന തിനക്കതിര് ഒരെണ്ണം പറിച്ചെടുത്ത് കടിക്കുന്ന എന്റെ മടിയിലേക്ക് അവൾ ചേർന്നിരുന്നു. എന്തൊക്കെയോ പറയാൻ വെമ്പുന്ന ചുണ്ടുകൾ.
പാട്ടിനൊപ്പം എഴുന്നേറ്റു നടന്ന് ചിറയിൽ നിർത്തിയിട്ടിരുന്ന പഴയ ബോട്ടിലേക്ക് ഞാൻ കയറി. ഒരു കൈ നീട്ടി ഭാര്യയെ കയറാൻ സഹായിച്ച ശേഷം, പെഡൽ ചവിട്ടി വളരെ പ്രണയാർദ്രമായി തുഴയാൻ ആരംഭിച്ചു. ചിറയുടെ നടുക്കു വരെ പരസ്പരം വർത്തമാനം പറഞ്ഞ് രസിച്ച് ചവിട്ടുകയാണ്…
ആനന്ദത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ, ലാലേട്ടൻ അഭിനയിച്ചതിനേക്കാൾ തന്മയത്വത്തോടെ ബോട്ടിൽ എഴുന്നേറ്റ് നിന്ന് ഉതിർന്നു വീഴുന്ന മഞ്ഞുതുള്ളികളെ ഞാൻ കൈ വീശി തട്ടിത്തെറിപ്പിക്കുന്നതോടെ വീഡിയോ ശുഭം…
വീഡിയോ പ്രദർശനം കഴിഞ്ഞ് മഞ്ഞു പെയ്തു തോർന്ന പോലെ മനസ്സു കുളിർന്ന് പിരിയാൻ തുടങ്ങിയ ജനക്കൂട്ടത്തിനോട് ഏതോ ഒരാൾ ഒരു അഭിപ്രായം പറഞ്ഞു.. എല്ലാ കാസറ്റിലും വേറെ ഏതെങ്കിലും സിനിമ മായ്ച്ചായിരിക്കും പുതിയ സിനിമ റെക്കോർഡ് ചെയ്യുന്നത്. ഇച്ചിരി വെയിറ്റ് ചെയ്താ വേറെ സിനിമേടെ ഭാഗങ്ങൾ ഉണ്ടെങ്കിൽ കാണാം…
അത് കേട്ടതോടെ പൊടിയും തട്ടി പോകാൻ നിന്നിരുന്ന എല്ലാരും അതാത് സ്ഥാനങ്ങളിൽ വീണ്ടും ഇരുന്ന് ബാക്കി എന്തെങ്കിലും കണ്ടേക്കുമോ എന്നമട്ടിൽ നോട്ടം ആരംഭിച്ചു. എല്ലാവരെയും ആഹ്ലാദത്തിലാഴ്ത്തി വീണ്ടും ചില വിഷ്വലുകൾ സ്‌ക്രീനിൽ മാറി മറിയാൻ തുടങ്ങി!
“ചേട്ടാ…” എന്നൊരു പുരുഷ ശബ്ദമായിരുന്നു ആദ്യം. അതുകേട്ട് ഞെട്ടിത്തിരിയുന്ന ഞാൻ.. ചേട്ടൻ അവിടന്ന് ഓടി ഇങ്ങു പോരാമോ എന്ന് ശബ്ദം. സ്പീഡിലാണോ എന്ന് ഞാൻ.. എങ്ങനെയായാലും കുഴപ്പമില്ല എന്ന് ശബ്ദം.. ഞാനതാ ഓടി വരുന്നു. കട്ട്! എന്ന് ശബ്ദം… പിന്നെ ഒന്നൊന്നായി നേരത്തെ അതി മനോഹരമായി കണ്ട പാട്ട് സീനുകളുടെ എഡിറ്റിങ്ങിന് മുൻപുള്ള സംഗതികൾ പുറകെ വരുന്നു…
കടുത്ത അതൃപ്തിയിൽ കണകുണ പറഞ്ഞു കൊണ്ട് ഇഷ്ടമില്ലാതെ ഭാര്യയെ വലിച്ചു കൊണ്ട് ഓടുന്ന ഞാൻ.. കൂനയിൽ നിന്ന് വീഴുന്ന ഞാൻ.. ഭാരം താങ്ങാൻ ആവാതെ വീഴാൻ പോകുന്ന ഞാൻ.. ആരുടെയോ ബെൻസിന്റെ ഡോറിൽ ചാരി നിൽക്കുന്ന ഞങ്ങൾ..ബോട്ടിൽ ജീവൻ പണയം വെച്ചെന്ന പോലെ കൈ വീശി രക്ഷിക്കണേ രക്ഷിക്കണേ എന്ന് ബഹളം വെക്കുന്ന ഞാൻ…
ആ സാമദ്രോഹി വീഡിയോഗ്രാഫർ എഡിറ്റിങ്ങിന് മുൻപുള്ള മുഴുവൻ വീഡിയോ കട്ടുകളും (റഷസ്) ഈ കാസറ്റിൽ തന്നെ സേവ് ചെയ്തിരിക്കുന്നു!
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!