രചന : പ്രിയ ബിജു ശിവകൃപ ✍
മഞ്ഞിന്റെ മറയാൽ മുഖം മറച്ചൊരാ പെൺകുട്ടി
ഞാനായിരുന്നുവെന്നോ അറിഞ്ഞിരുന്നില്ല ഞാൻ
ഞാൻ പോലുമറിയാതെ മഞ്ഞിൻ കണങ്ങളെൻ
മുഖം മറച്ചിരുന്നുവെന്നോ അറിഞ്ഞിരുന്നില്ല ഞാൻ
ചോരയുറഞ്ഞിടും തൂമഞ്ഞു പാളിയിൽ മുഖമമർത്തി
തേങ്ങുമൊരു ഹിമശിൽപമായ് ഞാൻ
എൻ തേങ്ങൽ കൊതിക്കുമൊരാ
ജന്മങ്ങൾ അറിയുന്നുണ്ടാകുമോ
ഞാനൊരു ഹിമകണമായി
അലിഞ്ഞലിഞ്ഞൊടുവിലാത്മ നിർവൃതിയടഞ്ഞെന്ന്
അറിയുമെന്നെങ്കിലും എന്നിലവശേഷിച്ചിരുന്ന
ആർദ്രമാം സ്നേഹത്തിൻ തുടിപ്പുകൾ
ആ നിമിഷമറിയും തിരിച്ചെടുക്കാൻ
കഴിയാത്ത ലോകത്തേക്കെപ്പോഴോ
ഞാൻപൊയ്ക്കഴിഞ്ഞെന്ന്
പൊള്ളവാക്കുകളാൽ നിർമ്മിച്ചൊരു
ചക്രത്തിൽ പെട്ടുപോയവർ
സത്യം തിരിച്ചറിയുന്ന കാലംവരും
അന്നെന്റെനോവുകൾ എത്രവലുതായിരുന്നൊരു
നേർത്ത നൊമ്പരത്താലവരോർക്കും
മൗനത്തിന്റെ വാല്മീകത്തിലേക്കവരൊതുങ്ങുമ്പോഴുമെൻ
ആത്മാവവർക്കായ് തുടിക്കും
ഇനിയുമൊരു വാക്കിനാൽ പോലുമിന്നെന്നോട്
കദന മുരിയാടുവാൻ കഴിയാതെ പിടയും
അവരറിയാതെ അത് കണ്ടു നിൽക്കുമ്പോഴും
അന്നുമെന്നാത്മാവ് തേങ്ങും…..