ആരാധ്യയാകുമമരേശ്വരിയംബികേതൃ-
പ്പാദാംബുജങ്ങളടിയങ്ങൾ നമിപ്പുനിത്യം
വേദാന്തവേദ്യയവിടുന്നു കനിഞ്ഞിടൂമൽ-
ചേതസ്സിലക്കവിതപൂത്തുമണംപരത്താൻ

നാളെത്രയായിനിജചിന്തയുമായിരിപ്പേൻ
കാളുന്നൊരിത്തെളിവിളക്കിനുമുന്നിലംബേ!
ആളല്ലഞാനമലമാവചനങ്ങളോതാ-
നാളാക്കിയെങ്കിലുമചഞ്ചലമമ്മയെന്നെ!

പാടുന്നുഞാനനിശ,മപ്പരമാത്മതത്ത്വം
പാടാതെനിക്കു കഴിയില്ലൊരുമാത്രപോലും
ചോടൊട്ടുവച്ചണയുകെൻ്റെ മനസ്സിനുള്ളിൽ
ഈടാർന്നൊരക്കവനപുഷ്പദളങ്ങൾനീർത്താൻ

വേണ്ടാത്തതൊക്കെയുമകറ്റി മനസ്സിൽനിന്നും
വേണ്ടുന്നതൊക്കെയവിടുന്നു തരുന്നിതെന്നും
പണ്ടേക്കണക്കെ പരിലാളനയാർന്നിതെന്നി-
ലുണ്ടാകണേപരിചൊടംബപരാത്പരേ നീ

ഈ മണ്ണിലിപ്പിറവികൊള്ളുവതിന്നു മുന്നേ,
തൂമഞ്ജുഹാസഭരമേകിയെനിക്കു സർവം
ആ മാതൃഭാവനയെവെന്നുയരാനൊരൽപ്പ-
മാമോ,മനുഷ്യനിവിടെത്ര നിനയ്ക്കിലും ഹാ!

വാണീശ്വരീ,മധുരവാസിനി മഞ്ജുളാക്ഷീ,
കാണുന്നു ഞാനഖിലനേരവുമപ്പദങ്ങൾ
കാണേണമാമണി വിപഞ്ചികമീട്ടിയെന്നിൽ-
ചേണുറ്റൊരപ്രകൃതിയിറ്റൊളിമങ്ങിടാതേ

നാദാംബികേ വിമലരൂപിണി,വിശ്വസൃഷ്ടി-
ക്കാധാരമായൊരഖിലാണ്ഡ വിശാലചിത്തേ
മോദേനവാഴ്ക,ശുഭപാതകൾകാട്ടിയേവം,
ചേതോഹരപ്രഭപൊഴിച്ചനുവേലമെന്നിൽ

ആ മുഗ്ധഭാവനയതിങ്കലുയിർത്തുലോകം
ആ നാമമൊന്നിൽ വിലയിപ്പു,മമാത്മബോധം
ആമഗ്നമപ്രണവസാരമതായിനീണാ-
ളാമന്ദ്രമെൻഹൃദയതംബുരു മീട്ടുകംബേ

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *