കണ്ണിലെന്താണ് പൊന്നുമോളേ…?
പ്രപഞ്ചം മുഴുവൻ
അലയടി തീർക്കുന്ന
നിന്റെ ഓമനമിഴികളിൽ
കരളിന്റെ തിരയിളക്കങ്ങളോ
മരണവഴികളിൽ ചിലമ്പുന്ന
വിഷാദമേഘത്തിൻ പഴകിയ
കണ്ണീർമഴകളോ
ഇറാൻ, ഇറാക്ക്,
ലബനോൺ, ഇസ്രായേൽ,
പലസ്തീൻ, പി എൽ ഒ
ഹമാസ്,ഹിസ്‌ബുള്ള…
പിശാചിന്റെ കൂടാരങ്ങളിൽ
അവിശുദ്ധ സ്വപ്നങ്ങളുടെ
രണഭേരി മുഴക്കം തുടരുന്നു
പിറന്ന മണ്ണിൽ പ്രവാസിയായ്
അനീതിയുടെ ശരങ്ങളിൽ
പറവകൾ വിറകൊണ്ട് തളരുമ്പോൾ
കുരിശേറിയ സ്നേഹസ്വരൂപന്റെ
ചോരവാർന്ന കാൽവരിപ്പാതയിൽ
നിസ്സംഗരുടെ തോരാത്ത
രോദനപുഷ്പ്പങ്ങൾ
വാടിക്കരിയുന്നു
കാലാവസ്ഥാ വ്യതിയാനങ്ങളിൽ
അടയിരുന്ന കഴുകന്മാർ
ഗാഗുൽത്താൻ മലയിൽ
ഇറ്റുവീണ നിണനീരിന്റെ
തരികൾ ഭുചിച്ച്
ചിറകുകുടഞ്ഞ് നൃത്തമാടുന്നു
ജറുസലേമിന്റെ
പുതിയ കവാടങ്ങളിൽ
ക്രൂരദംഷ്ട്രകൾ രാകി തലോടി
കരുണവറ്റിയ
മൃഗഭാവങ്ങളുടെ ഭരണരഥം
ഉലകെല്ലാം ആണവമഴയിൽ
ഉഴുതുമറിയിയ്ക്കുമ്പോൾ
കാലിതൊഴുത്തിൽ പിറന്നവന്റെ
വേദപ്പുരയിൽ ചോരതെറുപ്പിച്ച്
താണ്ഡവമാടുന്നു
സാത്താന്റെ പിന്മുറക്കാർ


·

ജയരാജ്‌ പുതുമഠം

By ivayana