‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പം, ചന്ദന ചോപ്പുള്ള മീന്‍കാരി പെണ്ണിനെ കണ്ടേ ഞാന്‍…. ഈ പാട്ട് അലയടിച്ചുയര്‍ന്നപ്പോള്‍ മലയാളികളൊന്ന് തല ഉയര്‍ത്തി. സൗദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നായിരുന്നു കലാഭവന്‍ മണിയുടെ പാട്ടുകേട്ടത്. കണ്ടത് ഒരു സൗദി പൗരന്‍ ഈ ഗാനത്തിനൊത്ത് ചുവടുകള്‍ വെയ്ക്കുന്ന കാഴ്ചയും. ഹാഷിം അബ്ബാസ് എന്ന സൗദി യുവഗായകനാണ് ഇദ്ദേഹം. പിന്നീട് ഈ വിഡിയോ ഓണം നേരത്തെ എത്തി എന്ന അടിക്കുറിപ്പോടെ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും വൈകാതെ വൈറലാകുകയും ചെയ്തു.

ലുലുവിന്റെ റിയാദ് അല്‍ ഖര്‍ജില ശാഖയിലാണ് മലയാളികള്‍ പോലും പലപ്പോഴും മറന്നുപോകുന്ന പ്രിയപ്പെട്ട കലാകാരന്റെ പാട്ട് അരങ്ങേറിയത്. സംഗീതത്തിന്റെ അകമ്പടിയോടെയുള്ള പാട്ടില്‍ ഹാഷിമിന്റെ ക്ഷണപ്രകാരം ലുലു ജീവനക്കാരില്‍ ചിലരും നൃത്തം വച്ചു. സ്വതസിദ്ധമായ അറബിച്ചുവയിലുള്ള തന്റെ ഗാനങ്ങളും കേരളത്തിന്റെ വിശേഷ ദിവസങ്ങളില്‍ നേരുന്ന ആശംസകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് തന്റെ എഫ്ബിപേജ്. ഇന്ത്യക്കാരെ നെഞ്ചോട് ചേര്‍ത്ത്, മലയാളികളോട് പ്രത്യേക ഇഷ്ടം സൂക്ഷിക്കുന്ന ഈ ഈ അറബ് യുവാവ് കേരള കലാ സാംസ്‌കാരിക വേദിയുടെ സൗദി കിഴക്കന്‍ പ്രവിശ്യാ ചീഫ് പാട്രണ്‍ കൂടിയാണ്.

സൗഹൃദങ്ങളില്‍ ഭൂരിപക്ഷവും മലയാളികളാണ് എന്നതും ഏറെ കൗതുകകരം. മലയാള വേദികളിലെ സ്ഥിരം അതിഥിയുമാകാറുള്ള ഹാഷിം പലപ്രാവശ്യം കേരളം സന്ദര്‍ശിച്ചിട്ടുമുണ്ട്. മുറി മലയാളം കൊണ്ട് വിശേഷം ചോദിക്കുവാനും അഭിവാദ്യം അര്‍പ്പിക്കാനും ഹാഷിമിനറിയാം. കലാഭവന്‍ മണിയുടെ പാട്ടുകളോടാണ് പ്രിയം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്നത് ദുബായിലായിരുന്നു.

മലയാളി ഫാന്‍സ് വര്‍ധിച്ചതോടെ അവര്‍ക്കായി ഫെയ്‌സ്ബുക്കും പേജും തുടങ്ങിയിട്ടുണ്ട് ഇദ്ദേഹം. പാട്ടും ആശംസകളും മാത്രമല്ല കോവിഡിനെതിരെ മലയാളത്തില്‍ പ്രചാരണം നടത്തുകയും ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ കൈയടി നേടിയിട്ടുണ്ട്. 

By ivayana