എപ്പോഴും ദൈവമെ
അങ്ങേയ്ക്കു മീതെ പി-
ന്നെന്തിവിടെയൊരു തത്ത്വം
അനന്തമജ്ഞാത
മവർണ്ണനീയം !
അതിശയിപ്പിക്കുന്ന സത്യം !
തീരാത്ത തേടലാം
തീർത്ഥാടനമായ്
ജീവിതം മാറ്റുന്ന വെട്ടം !
എപ്പോഴും ദൈവമെ
അങ്ങല്ലാതെ പി-
ന്നെന്തുണ്ടിവിടെ നിത്യം !
ഇന്നലെ വിടർന്നി-
ട്ടിന്നു കൊഴിയുന്ന
പൂക്കളൊ പൂവിതളുകളാ
ഇന്നലെ രാത്രിയിൽ
കണ്ട കിനാക്കളൊ
ഇന്നിൻ പകൽക്കിനാവുകളൊ
ചന്തത്തിലാരൊ
യൊരുക്കിയ ഹർമ്മ്യമൊ
ചാരുപുല്ലാങ്കുഴൽപാട്ടൊ
വെൺമേഘങ്ങൾ പോ-
ലൊഴുകിയകലുന്ന
കാലത്തിൻ വർണ്ണച്ചിരിയൊ
കളിചിരിയോടെ
കലപില കൂടി
കടിപിടി കൂടുന്നാളുകളൊ
ഉള്ളതു കണ്ടി-
ട്ടിണങ്ങും മട്ടി-
ലൊരുക്കും ശാസ്ത്രചെയ്തികളൊ
എപ്പോഴും ദൈവമെ
അങ്ങല്ലാതെ പി-
ന്നെന്തുണ്ടിവിടെ നിത്യം !
അനന്തമജ്ഞാത-
മവർണ്ണനീയം !
അതിശയിപ്പിക്കുന്ന സത്യം!
പൊൻവെയിൽ തെളിയെ
ശലഭങ്ങൾ പാറും
പേമാരിയിലവ മാറും
വസന്തം വരുമ്പോ-
ളുത്സവമാകും
വർഷത്തിലതു മറയും
ഒരുനാൾ പിറക്കും
മറുനാൾ ലയിക്കും
മണ്ണിതിൽ മാറ്റമാണെന്നും
ഒരുനാൾ തുടിക്കും
മറുനാൾ പിടക്കും
ചടുലമാണെല്ലാമിടക്ക്
കണ്ണുകളാലെ
കാണാം ചിലവ
കാണാനാകില്ലേറെ
കാതുകളാലെ
കേൾക്കാം ചിലവ
കേൾക്കാനാകില്ലേറെ
നേരിയനേരം
കൊണ്ടു നേരിയ
കാര്യം മാത്രമറിയും
നേരായുള്ളവ
നേരെയറിയാ
ജീവിതമെരിഞ്ഞടങ്ങെ
എപ്പോഴും ദൈവമെ
അങ്ങല്ലാതെ പി-
ന്നെന്തുണ്ടിവിടെ നിത്യം !
അനന്തമജ്ഞാത-
മവർണ്ണനീയം !
അതിശയിപ്പിക്കുന്ന സത്യം !
ഇഴയടുക്കും പി-
ന്നിഴപിരിയും
ഇലകൾ പോയ് തളിരുവരും
പ്രഭ ചൊരിഞ്ഞേറെ
ജ്വലിച്ചുയരും
പ്രഭയടങ്ങി തണുത്തുറയും
എവിടെയുമുണ്ട്
എളുതായറിഞ്ഞ
വ്യവസ്ഥകൾ ഭഗവാനെ
എത്രയറിഞ്ഞാലു-
മെല്ലാം ചെറിയൊരു
തുടക്കം മാത്രമല്ലൊ !
ചിന്തകൾ പോലും ചെ-
ന്നെത്തീടുന്നതു
ചെറിയൊരു ഭാഗത്തല്ലൊ !
അറിവിന്നപ്പുറം
അറിവിന്നിപ്പുറം
നിറഞ്ഞീടുന്ന പൊരുളെ
അകതാരിൽ നിറ-
ഞ്ഞാശ്രയമാകും
അനുപമദിവ്യപ്പൊരുളെ
എപ്പോഴും ദൈവമെ
അങ്ങല്ലാതെ പി-
ന്നെന്തുണ്ടിവിടെ നിത്യം !
ഒരു ദൈവമല്ല
ബഹുദൈവമല്ല
നിറഞ്ഞതെങ്ങുമേകത്വം
അനന്തബ്രഹ്മ
തേജസ്സൊന്നെ
നിറഞ്ഞുനില്പതെങ്ങും
അവനും ഞാനും
അങ്ങയുമൊന്നെ-
ന്നറിവാമദ്വൈതം
പകർന്നുതന്ന
ഭാരതപുണ്യ-
പൈതൃകമെ നന്ദി
ഓരോ ഗോപിക-
ക്കൊപ്പവുമോരോ
ഗോപകുമാരനെ പോലെ
ഇഷ്ടരൂപങ്ങളി-
ലാരാധനകളിൽ
നിത്യം പ്രകാശിക്കുന്നങ്ങ് !
“നീർക്കണമെല്ലാ
മൊടുവിലെത്തിടും
മഹാസമുദ്രത്തിൽ
ആരാധനക-
ളെല്ലാമതുപോൽ
എന്നിൽ ലയിച്ചീടും.”
ഭഗവത്ഗീതയിൽ
ഭഗവാൻ കാട്ടിയാ
തത്ത്വം നമിക്കട്ടെ
എപ്പോഴും ദൈവമെ
അങ്ങല്ലാതെ പി-
ന്നെന്തുണ്ടിവിടെ നിത്യം !
അനന്തമജ്ഞാത-
മവർണ്ണനീയം !
അതിശയിപ്പിക്കുന്ന സത്യം!

എം പി ശ്രീകുമാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *