രചന : ബിജോയ്സ് ഏഞ്ചൽ ✍️
രാധിക.
നാട്ടിലെ പ്രശസ്തമായ തറവാട്ടിലെ ഏക പെൺ തരി. ആദ്യത്തെ 2 കുട്ടികളും ആൺ കുട്ടികൾ ആയതിനാൽ അച്ഛനും അമ്മയും ഒരുപാട് നേർച്ചകളും പ്രാർത്ഥനകളും ചികിത്സകളും ചെയ്ത് കിട്ടിയ പെൺകൊടി, രാധിക. വീട്ടിലെ ചെല്ല കുട്ടിയായി അവൾ വളർന്നു. ഒരുപാട് സംസാരിക്കുന്ന നന്നായി പാട്ട് പാടുന്ന അവളെ എല്ലാർക്കും ഇഷ്ടമായിരുന്നു.
പത്താം തരത്തിൽ പഠിക്കുമ്പോൾ തന്നെ നാട്ടിലെ ചുള്ളന്മാർ പലരും അവളെ പ്രൊപോസൽ ചെയ്തിരുന്നു. എന്നാൽ അവൾ അതിനൊന്നും പിടി കൊടുത്തില്ല.
അവളുടെ വിവാഹസങ്കൽപ്പങ്ങൾ എല്ലാം വേറെയായിരുന്നു. ഇത്രയും കാലമായിട്ടും അവൾക്ക് ഒരു പയ്യന്മാരോടും താല്പര്യം ഒന്നും തോന്നിയിട്ടില്ല. അച്ഛന്റെയും അമ്മയുടെയും ചേട്ടന്മാരുടെയും ഇഷ്ടത്തിനനുസരിച്ചു ഒരു അറേഞ്ച്ഡ് വിവാഹം അവൾ ആഗ്രഹിച്ചു.
അങ്ങനെ അവൾ ഡിഗ്രി ആദ്യവർഷം മലയാളം മെയിൻ എടുത്ത് കോളേജിൽ ചേർന്നു.
കോളേജ് തുറന്ന് ആദ്യ ദിവസം തന്നെ അവളുടെ സങ്കൽപ്പങ്ങൾ എല്ലാം മാറ്റി എഴുതപ്പെട്ടു. അവൾക്ക് ക്ലാസ്സ് എടുക്കാൻ വന്ന പുതിയ സാറിനെ അവൾക്ക് നന്നായി ബോധിച്ചു.
അതായിരുന്നു രാജീവ് സർ, തലമുടി നീട്ടി വളർത്തിയ ഈണത്തിൽ കവിത ചൊല്ലുന്ന പുതു നിറക്കാരനായ സുന്ദരൻ. അയാളുടെ പ്രണയ കവിതകൾ അവളുടെ നെഞ്ചിലേക്കാണ് കടന്നു കയറിയത്. ക്ലാസ്സിലെ പെൺകൊടികൾക്കെല്ലാം അയാൾ ഹീറോ ആയിരുന്നു. അയാൾ എഴുതുന്ന കവിതകൾ രാധികയെ കൊണ്ട് അയാൾ പാരായണം ചെയ്യിച്ചു. അയാൾക്കും അവളോട് ഒരു ചെറിയ താല്പര്യം ഉണ്ടാരുന്നു.
18 കാരിയായ രാധിക അവളുടെ പ്രണയം അയാളെ അറിയിച്ചു. അയാൾ ചിരിച്ചു കൊണ്ട് പോയതേ ഉള്ളു.
2 ദിവസം രാജീവ് സാർ കോളേജിൽ വന്നില്ല. അവൾക്ക് ആ കാത്തിരിപ്പ് പല യുഗങ്ങളായി തോന്നി.
വെള്ളിയാഴ്ച വൈകുന്നേരം അവൾ വീട്ടിൽ പോയി. അടുത്ത ദിവസം രാവിലെ പത്രം വായിച്ച അവൾ ഞെട്ടിത്തരിച്ചു പോയി. സ്വന്തം ഭാര്യയെ വെട്ടികൊലപ്പെടുത്തിയ അധ്യാപകന്റെ ചിത്രം. അവളുടെ രാജീവ് സർ.
വാർത്ത മുഴുവൻ വായിച്ച അവൾ വീണ്ടും ഞെട്ടി, 3 കല്യാണം കഴിച്ച കഞ്ചാവിന് അടിമയായ അവളുടെ സ്വന്തം രാജീവ് സർ. പ്രണയിച്ചെങ്കിലും സാർ കല്യാണം കഴിച്ചോ എന്ന് അവൾ അന്വേഷിച്ചിരുന്നില്ല.
വാർത്തയുടെ അവസാനം അയാളുടെ മൊഴി വായിച്ച അവൾ വീണ്ടും ഞെട്ടി. അടുത്തൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് സുന്ദരിയായ ഭാര്യയെ കൊലപ്പെടുത്തിയതെന്ന്.
അവളുടെ കിളി പറന്നു.
ഇന്ന് അവൾ അതെ കോളേജിൽ പ്രൊഫസർ ആയി അവിടത്തെ തന്നെ ഒരു സാറിനെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നു.