പൊൻപ്രഭയുദിച്ചല്ലോ, നമ്മൾ
കാണും ശ്രാവണപുലരിയിതല്ലയോ,
വന്നല്ലോ,വന്നല്ലോപാരിൽ, അഴകായ്
ആമോദത്തിൻ നിറവാകുന്നൊരുത്സവം!
പിഞ്ചിളംകാലാൽ തൊടിനീളേ..
പൂക്കൂടയേന്തിപൂക്കളിറുത്തു,
നടന്നൊരാബാല്യം,
പൂവാടിപോലെ നിറയുന്നെൻസ്മൃതിയിൽ..
മുക്കുറ്റിയും, നറുതുമ്പയും, കാക്കപ്പൂവും,
നുള്ളി പൂക്കൂട നിറയ്ക്കെ, നമ്മളിൽ
പൂവിളിയുയർന്നു, പാരിലുമാകെയുയരുന്നു
പൂവേ… പൊലി….പൂവേ… പൊലി… പൂവേ
അഴകാർന്നൊരാസൂനങ്ങൾ നാമന്നു
നുള്ളി,യങ്കണവേദിയിൽ
തീർത്തൊരാപൂക്കളം സ്നേഹദീപമായ്,
ഓമൽക്കനവായിന്നുമെന്നിൽ
പൂവാടിതന്നിലെ,സൗരഭ്യമെന്നുമെന്നും
എങ്ങും, വസന്തം തീർത്തുവല്ലോ…
നാട്ടുമാഞ്ചോട്ടിലെ പൊന്നൂഞ്ഞാലിൽ,
ആടിത്തിമർത്തന്തിയോളം
വൈവിധ്യമാർന്നൊരാ കളികളാൽ,
മോദമാക്കിയെന്നിലെ ഭൂതകാലം
തുള്ളിത്തുളുമ്പുന്നെന്നിൽ
ഓമൽക്കനവായൊരാ വസന്തകാലം
✍ ബേബിസബിന