തൊണ്ണൂറ് ശതമാനം വൈകല്യമുള്ള ഒരു കുട്ടി. ഇരു കൈകളുമില്ല. എഴുനേറ്റ് നിന്നാൽ കാലൊന്ന് തറയിൽ തട്ടില്ല. പാതികാലുകൾ മാത്രം. വാരിയല്ല് വളഞ്ഞും കേൾവി ശക്തി കുറഞ്ഞും ജനനം. അങ്ങനെ ജനിച്ച ഒരു കുട്ടി ഈ ഭൂമിയിൽ എത്ര ദൂരം സഞ്ചരിക്കും.
ക്യൂര്യോസിറ്റി നിറഞ്ഞ ചോദ്യമാണ്. ഊഹിക്കാൻ സാധിക്കുന ഉത്തരം ജീവിതകാലം മുഴുവൻ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങിയതായിരിക്കും. ഏറിയാൽ മുറ്റംവരെ.
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
ഗോവയിൽ നടക്കുന്ന ദേശീയ പാരാ സ്വിമ്മിങ്ങ് ചാമ്പ്യന്‍ഷിപ്പിൽ മത്സരിച്ച മൂന്ന് ഇനങ്ങളിലും ദേശീയ റെക്കോർഡോടെ കേരളത്തിന് വേണ്ടി സ്വർണ്ണം നേടി നിൽക്കുന്ന ആസിം വെളിമണ്ണയെ കാണുമ്പോൾ അത്ഭുതപ്പെടണം.
ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെയും ഫ്രാൻസിന്റെയും താരങ്ങളെ ഗ്രൗണ്ടിലേക്ക് വെൽകം ചെയ്ത കുട്ടികളുടെ കൂട്ടത്തിൽ ആസിം വെളിമണ്ണ എന്ന മലയാളി കുട്ടി വെറുതെ കടന്നുവന്നതല്ല.
ജീവിതത്തോട് പൊരുതി ആസിം ഒരോ ചുവട് മുന്നോട്ട് വെക്കുമ്പോഴും അവൻ മുന്നോട്ട് വെക്കുന്ന ചുവടുകൾ ചരിത്രങ്ങളാണ്.
വർഷങ്ങൾക്ക് മുമ്പ് അവൻ പഠിക്കുന്ന ലോവർ പ്രൈമറി സ്കൂൾ അപ്പർ പ്രൈമറി സ്കൂളാക്കി അപ്ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ പോരാട്ടം. ആ പോരാട്ടത്തിനൊടുവിൽ ചരിത്രത്തിലാധ്യമായി സർക്കാർ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ഇന്ന് എഴുനൂറിലധികം കുട്ടികൾ ആ സ്കൂളിൽ പഠനം നടത്തുകയാണ്.
സമരത്തിൽ തുടങ്ങി പെരിയാർ പുഴ നീന്തി കടന്ന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡിലും വേൾഡ് റെക്കോഡ് യൂണിയനിയലും വരെ ഇടം നേടി.
യൂണിസെഫിന്റെ ചൈൾഡ് അച്ചീവർ അവാർഡും സംസ്ഥാന സർക്കാരിന്റെ ഉജ്ജല ബാല്യം അവാർഡും നേടുമ്പോൾ ആസിമിന് പതിനഞ്ച് വയസ്സ് പോലും തികഞ്ഞിട്ടില്ല.
ഗോവയിൽ നടന്ന ദേശീയ സ്വിമ്മിങ്ങ് ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞ് ആസിം മടങ്ങുമ്പോൾ കഴുത്തിലണിഞ്ഞത് മൂന്ന് സ്വർണ്ണ മെഡലും ഇരുത്തിയാറ് സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം മത്സരാർത്ഥികളെ പിന്നിലാക്കി ബെസ്റ്റ് സ്വിമ്മർ അവാർഡെന്ന പൊൻതൂവലും കൂടിയാണ്.
ആസിം ഓരോ സ്വർണ്ണ മെഡൽ നേടുമ്പോഴും ആ മെഡലുകൾ എണ്ണപ്പെട്ടത് കേരളത്തിന്റെ പേരിലാണ്. മെഡൽ പട്ടികയിൽ കേരളത്തിന്റെ പേരിൽ മെഡലുകൾ നേടപ്പെടുമ്പോഴും അർഹിച്ച പരിഗണനയോ അഭിനന്ദനങ്ങളോ കേരളത്തിൽ നിന്നും ആസിമിന് ലഭിച്ചോ എന്ന് സംശയമാണ്. സ്പോർട്സ് പേജിലെ ചെറിയൊരു കോളത്തിൽ വാർത്ത ആയതിനപ്പുറം ആസിമിന്റെ ചരിത്ര നേട്ടം എങ്ങും ആഘോഷിക്കപ്പെട്ടില്ല.
കുട്ടികളുടെ ഇൻസ്റ്റഗ്രാം റീൽസുകൾ പോസ്റ്റ്‌ ചെയ്തു പ്രോൽസാഹിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെയോ കായിക മന്ത്രിയോ ഇതുവരെ ആസിമിനെ അഭിനന്ദിച്ചോ എന്നറിയില്ല. എവിടെയും കണ്ടില്ല.
സംസ്ഥാനത്തിന്റെ പേരിൽ മെഡലുകൾ നേടിയ പാരാ സ്വിമ്മിങ്ങ് ചാമ്പ്യന്‍ ഒരു അഭിനന്ദനമെങ്കിലും അർഹിക്കുന്നുണ്ട്.
സ്പോൺസറെ ലഭിച്ചാൽ വരുന്ന ഏഷ്യൻ ഗെയിംസിലും ഒളിമ്പിക്സിലും ആസിം പങ്കെടുക്കും. ആ ദൂരവും അവൻ നിസ്സാരമായി മറികടക്കും. ജയിക്കാനുള്ള അടങ്ങാത്ത ആർത്തിയിൽ അവന്റെ പരിമിതികൾ അവിടെയും തോറ്റ് പിൻമാറും.
അഭിനന്ദനങ്ങൾ ചാമ്പ്യന്‍ ❤️

By ivayana