രചന : മംഗളൻ. എസ്✍️
മാമരച്ചോട്ടിലെ കാറ്റിലുണ്ടമൃതമാം
മാനസം കുളിരണിയിക്കുന്ന ജീവാംശം!
മാമരമൊക്കെ മുറിച്ചുക കടത്തുന്നു
മാടമ്പിമാരവർ പ്രകൃതി വിരുദ്ധന്മാർ!
വയൽമണ്ണുകോരി പണമൊക്കെവാരിയോർ
വയലിലെ തൊളികോരി ഗർത്തങ്ങളാക്കി
വയലുകൾ കയങ്ങളായ് പുഴകളായി,
വയലെല്ലാമോർമ്മയായ് കൃഷിയില്ലാതായി!
മലകളിടിച്ചു മണി സൗധമുണ്ടാക്കി
മലമണ്ണുകൊണ്ടിട്ടുപുഴകൾ നികത്തി
മലയിലും പുഴയിലും മണി സൗധമായ്
മലവെള്ളപ്പാച്ചിലിൽ മണി സൗധം മുങ്ങി!
പ്രകൃതി വിരുദ്ധ മനുഷ്യനിർമ്മിതികൾ,
പ്രകൃതിക്കു ചേരാത്ത മാല്യന്യക്കൂനകൾ
പ്രകൃതിക്ക് പ്രിയതരമായ ഭാഗങ്ങളിൽ
പ്രാകൃതമാം വൈകൃതം പേറുന്നോർ തൻസൃഷ്ടി!!
ബഹിരാകാശ പേടകങ്ങളോ നിത്യവും
ബഹിരാകാശവും മലിനമാക്കുന്നിതാ
ബഹിരാകാശ നിരീക്ഷണ യന്ത്രങ്ങളും
ബഹിരാകാശത്തുപേക്ഷിപ്പതോ ശാസ്ത്രജ്ഞർ!
കപ്പലിൽ നിറയെ മാലിന്യങ്ങൾ വന്നെത്തി
കടലിൻ്റെ നടുവിൽ നങ്കൂരമിട്ടഹോ
കണ്ടൈനകൾ തൂക്കി നടുക്കടലിൽ തള്ളി
കടലിന്നടിത്തട്ടും മലിനമാക്കുന്നു!
പുഴകളിൽ മാലിന്യം കൊണ്ടൊഴുക്കീടുന്നു
പുഴയോരവാസികൾ മൂക്കുപൊത്തീടുന്നു
പുളയുന്നു മീനുകൾ മലിനജലത്തിൽ
പുതിയ ജീർണ്ണിച്ച സംസ്കാരം പിറക്കുന്നു!
കരയിലും കാറ്റിലും നദീജലത്തീലും
കടലിലും കടലിന്നടിത്തട്ടിൽ പോലും
കരാള തിക്തമാം ഹസ്തങ്ങൾ നീളുന്നിതാ
കരൾനൊന്തു കേഴുന്നിതാ പ്രകൃതിയമ്മ!
മരമൊന്നു നട്ടോട്ടെ മനസ്സ് തണുത്തോട്ടെ
മരമൂട്ടിലിത്തിരി ജലമിറ്റിച്ചോട്ടെ
മരമെന്നുവളർന്നുമാമരമാകട്ടെ
മരച്ചോട്ടിലെ തണുകാറ്റുഞാൻ കൊണ്ടോട്ടെ!
✍️