പണ്ട് പ്രണയം മൊട്ടിട്ടത്
നാട്ടു ചന്തകളിലായിരിക്കണം.
മായം കലരാത്ത പച്ചക്കറി പോലെ
പഴകാത്ത പഴവർഗ്ഗങ്ങൾ പോലെ
വാടാത്ത പൂക്കൾ പോലെയന്ന്
പ്രണയവും നിഷ്കളങ്കമായിരിക്കണം.
പച്ചമുളകിന്റെ എരിവും
വാളൻ പുളിയുടെ പുളിപ്പും
പാവക്കയുടെ കയ്പ്പും
മൈസൂർ പഴത്തിന്റെ
മധുരവുമായി അന്ന്
പ്രണയവും വിപണികളിൽ
സൗജന്യ വിലയിൽ വിറ്റുപോയിരിക്കണം.
പിന്നെയാവാം ചന്തകൾ
കൊച്ചു കൊച്ചു കവലകളായി
രൂപാന്തരപ്പെട്ടത്.
കവലയിലെ ചായ്ച്ചു കെട്ടിയ
ചായ മക്കാനികളിലാവണം
പ്രണയത്തിന് ജനകീയ മാനം കൈവന്നത്.
രാഷ്ട്രീയം പറയരുതെന്ന
മുന്നറിയിപ്പിന് കീഴിലിരുന്ന്
വിപ്ലവത്തോടൊപ്പം പ്രണയവും
ചൂടപ്പം പോലെ അന്ന് വിറ്റുപോയിരിക്കണം.
തരുണീമണികൾ ചിലർ
അറച്ചു നിന്ന് കോക്രി കാണിച്ചിരിക്കണം.
അങ്ങനെ പട്ടിൽ പൊതിഞ്ഞ
പ്രണയ ലേഖനങ്ങൾ അവർ
ഗൂഡമായി കൈമാറിയിരിക്കണം.
ആ പ്രലോപനത്തിൽ
അവർ വീണിരിക്കണം.
പിന്നെയാവണം ചെത്തുവഴികൾ
ടാറണിഞ്ഞ് ബസ്സുകളൊക്കെ
കിതച്ചു വരാൻ തുടങ്ങിയത്.
അതിന് ശേഷമായിരിക്കണം
വെയിറ്റിങ്ങ് ഷെഡ്ഢുകൾ
പ്രേമസല്ലാപങ്ങളുടെ
വിഹാര വേദിയായിത്തീർന്നത്.
ഇന്ന് കഴുതക്കാമം
കരഞ്ഞു തീർക്കുന്ന മട്ടിൽ
പ്രണയം
ഇൻസ്റ്റയിലും എഫ്ബിയിലും
ബോൺസായ് ചെടികളെപോലെ
വളർച്ച മുരടിച്ച് നിൽക്കുന്നു.
ഇമോജികളുടെ ബാഹുല്യത്തിൽ
ആരൊക്കെയോ കണ്ണുനീർ വാർക്കുന്നു..
=

ഗഫൂർകൊടിഞ്ഞി

By ivayana

Leave a Reply

Your email address will not be published. Required fields are marked *