രചന : കുന്നത്തൂർ ശിവരാജൻ ✍️
ഏറെ നേരമായി അർത്ഥമില്ലാതെ താൻ ഓരോന്ന് ചിന്തിച്ചു കൂട്ടുകയാണെന്ന് സുമതിക്ക് തോന്നി. ഒരു കാര്യവും താൻ പറയും പോലെ ഭർത്താവ് അനുസരിക്കില്ല. അങ്ങേർക്ക് താൻ പിടിച്ച മുയലിനാണ് കൊമ്പ്. ഓരോന്നും വരും പോലെ വരട്ടെ.
‘ ന്റെ ഗുരുവായൂരപ്പാ…’
അവർ യാന്ത്രികമായി ഉരുവിട്ടു.
നേരം ഉച്ചയോടടുത്തു. എന്തൊരു പൊള്ളുന്ന വെയിൽ. ചൂട് കാറ്റ് ഉമ്മറത്തേക്ക് വീശി വന്നു.
‘ രണ്ടു നാളായി നീ എന്തോ ചിന്തയിൽ ആണല്ലോ? എന്താ കാര്യം?’
അയാൾ ഭാര്യയോട് ആരാഞ്ഞു.
‘നമുക്കാ പഴയ ഓലമേഞ്ഞ നാലുകെട്ടും നടുമുറ്റവും പടിപ്പുരയും ഒക്കെ മതിയായിരുന്നു. നിങ്ങള് പറഞ്ഞാ കേൾക്കില്ല. നിങ്ങടെ ജയൻ മോനും അങ്ങനെ തന്നെ’
‘ ഈ പല്ലവി അങ്ങ് നിർത്തിക്കൂടെ? നാട് മൊത്തം ഓടിട്ട വീട് ആയപ്പോൾ നമ്മൾ മാത്രം മാറണ്ടേ? അടിത്തറയും ചുമരും ബലമുള്ളതായിരുന്നല്ലോ? അതുകൊണ്ട് ഓടിട്ടു. പിന്നെന്താ?’
അയാൾ ചോദിച്ചു.
പക്ഷേ അതിന് മറുപടി എന്ന വണ്ണം സുമതി അയാളെ മറ്റൊന്ന് ഓർമ്മപ്പെടുത്തി…
‘ മാമൻ എന്തു പറഞ്ഞു? ഓലപ്പുരയാണ് സുഖം. പോരെങ്കിൽ ഇത് മേയാനുള്ള ഓല നമ്മുടെ തെങ്ങിൽ നിന്ന് തന്നെ കിട്ടും ആരെയും അനുകരിക്കേണ്ടാന്ന്… എന്നിട്ട്?’
‘ ഓല കുതിർക്കാൻ ഏതെങ്കിലും കുളത്തിലോ ചിറയിലോ കൊണ്ടുപോകണം. അതിനു ആൾക്കാരുടെ പഴി കേൾക്കണം. ചുമക്കാൻ ആളെ കിട്ടില്ല.ഓല മടയാനും. തെങ്ങൊക്കെ കാറ്റ് വീഴ്ച പിടിച്ചതോടെ ഓലയും നല്ലത് ഇല്ലാതായി’
‘ പറഞ്ഞു വരുമ്പോൾ എല്ലാം ശരിയാണെന്ന് തോന്നും. സർക്കാരിൽ ഒരു ക്ലാർക്ക് പണി കിട്ടുന്നത് പോലും ഭാഗ്യം എന്ന് കരുതി എത്ര ദൈവത്തെ വിളിച്ചിട്ടാ…
എംഎയും സെറ്റും ഉള്ള നമ്മുടെ ജയൻമോൻ ഒന്ന് കര പറ്റിയത്? ഇന്ന് എല്ലാരും പഠിത്തക്കാരല്യോ?ആരും എങ്ങും തോൽക്കുന്നുമില്ല’
‘ സുമതി നീ പറയും പോലെ ഇന്ന് ഓലയും മേഞ്ഞിരിക്കാൻ പറ്റില്ല . വന്നുവന്ന് തേങ്ങയുമില്ല.തെങ്ങിൽ കയറാൻ ആളുമില്ല.’
‘ ജോലി കിട്ടിയതോടെ ജയനും വീട് പഴഞ്ചനായി. പുതിയ വാർക്ക കെട്ടിടങ്ങളാ അവനിഷ്ടം. അവനുമായി നമ്മൾ എത്ര വഴക്കിട്ടു’
പിന്നീട് നീണ്ട ഒരു നിശ്ശബ്ദത. മനസ്സുകൊണ്ട് രണ്ടാളും ഇന്നലെകളെ പരതി.
‘ പെണ്ണ് കെട്ടും മുൻപേ വീട് പുതുക്കണമെന്നായി.പറമ്പും പാട വും എല്ലാം പണയപ്പെടുത്തി ലോണെടുത്തു. ജെസിബി വന്ന് ഇടിച്ചു നിരത്തുമ്പോൾ എന്റെ നെഞ്ചാ തകർന്നത്. അപ്പനപ്പൂ പ്പന്മാരുടെ കുഴിമാടങ്ങൾ പോലും തറനിരപ്പാക്കാൻ ആണെന്ന് പറഞ്ഞു നിരത്തിക്കളഞ്ഞില്ലേ?’
അയാൾ പരിഭവപ്പെട്ടു.
‘ എല്ലാം എൻജിനീയറുടെ പ്ലാന ല്ലേ? ഒടുവിൽ കാര്യങ്ങൾ അവന്റെ കയ്യീന്നു പോയി.അവനെല്ലാം സമ്മതിച്ചു ‘
സുമതി പറഞ്ഞു.
‘ മുറ്റത്ത് ചേർന്ന് നിന്ന പ്ലാവും നാട്ടുമാവും കണിക്കൊന്നയും ചെമ്പകവും എല്ലാം മുറിച്ചുമാറ്റി’
അയാൾ ഓരോന്നായി അക്കമിട്ടു.
‘ അലക്കി തേച്ചത് പോലെ ഒരു വീട് കിട്ടി.തറ ടൈൽ പാകി…!’
സുമതി അതൊക്കെ പുത്രന്റെ പൊങ്ങച്ചമായി ലേശം പരിഹാസത്തോടെ പറഞ്ഞു.
‘ അതുകൊണ്ടൊന്നും തീർന്നില്ല.
മുപ്പതു ശതമാനം കുറച്ച് ചിട്ടി പിടിച്ച് ഒരു കാറും വാങ്ങി. എല്ലാം എങ്ങനെ അവസാനിക്കും? ഒന്നും കുറഞ്ഞ കണ്ണല്ല!’
അയാൾ കൂട്ടിച്ചേർത്തു.
‘ അതെ പിന്നെ ആലോചനക്കാരുടെ പുകില്… അവനും മുപ്പതായില്ലേ പ്രായം?…..സ്ത്രീധനം പേശി വാങ്ങാമെന്ന നിങ്ങളുടെ മനസ്സിലെ പൂതിയും പോയി!’
ഇടയ്ക്ക് സുമതി ഭർത്താവിനും ഒരു പൂശു കൊടുത്തു .
‘ എത്ര പറഞ്ഞതാ…ജീവിതം പ്രാക്ടിക്കൽ ആയി കാണാൻ. പക്ഷേ അവനു പറ്റില്ലല്ലോ. അവന്റെ വികാരത്തിനും ഇഷ്ടത്തിനും നമ്മൾ വഴിമാറണ്ടേ?’
‘ എന്നാലും ഒരു വകയുമില്ലാത്ത ഒന്നിനെ വേണമെന്ന് ശാഠ്യം പിടിച്ചാൽ എന്ത് ചെയ്യും? രണ്ടാൾ ചെന്നാൽ കേറിക്കിടക്കാൻ ഒരു ഇടം ഉണ്ടോ? അതിനവൾ നായര് പെണ്ണല്യോ?എന്നാ മറുചോദ്യം. ഒരു
രുക്മിണി!’
സുമതി നീരസപ്പെട്ടു.
‘ ഒക്കെ തലയിലെഴുത്താന്നേ
…കർമ്മിച്ചത് വരും’
അയാൾ സമാധാനപ്പെട്ടു.
‘ ദേ… മേൽപ്പോട്ട് നോക്ക് മഴക്കാർ കേറി വരുന്നത് കാണുന്നില്ലേ? കൊച്ചുങ്ങടെ തുണിയെല്ലാം ഇപ്പോ നനയും. കുറേ നേരമായിട്ട് കാറ്റ് വീശുവല്യൊ ?’
അയാളും സഹായത്തിനു കൂടി.
‘ എടേ… ഒരു വീടും ഫാഷനും കൂടിയാൽ ഇരുപത്തഞ്ചുകൊല്ലം… അടുത്ത തലമുറയ്ക്ക് അപ്പോൾ ഇതൊക്കെ പഴഞ്ചനാകും. ജയന്റെ മോൻ ഇത് പൊളിച്ചു പണിയും ‘
അയാൾ പറഞ്ഞു.
‘ അവന്റെ മോന് ഏഴു വയസ്സായില്ല. അവനിപ്പഴേ പറയുന്നു ഹാളിനു വലിപ്പം പോരെന്ന്. നടുമുറ്റത്തിന് മുൻപിൽ ചെറിയൊരു ഗാർഡൻ വേണമെന്ന് ‘
‘ ജീവിതം ആശയം നിരാശയും കെട്ടുപിണഞ്ഞ് അങ്ങനെ കിടക്കും’.
തുണി പെറുക്കി എടുത്തപ്പോഴേക്കും മഴ ചാറാൻ തുടങ്ങി.
അപ്പോഴാണ് ബാങ്കിൽ നിന്നുള്ള ജപ്തി നോട്ടീസുമായി പോസ്റ്റുമാൻ വന്നത്.
ഇനി ഇപ്പോൾ എന്ത് ചെയ്യും?
ഓരോരോ പ്രശ്നങ്ങൾ വന്നു. പ്രത്യേകിച്ച് ഹോസ്പിറ്റൽ. ലക്ഷങ്ങൾ ചെലവായി . പറമ്പും പാടവും വിറ്റു. എങ്കിലുംഒരു ഭാഗത്ത് കടം പെരുകുന്നു.
രുക്മിണി കഴിഞ്ഞ മാസമാണ് കുളിമുറിയിൽ തെന്നി വീണത്.
ഇടുപ്പെല്ലിന് കേടു പറ്റി. സർജറി വേണ്ടിവന്നു. ഇപ്പോൾ അവളുടെ വീട്ടിലാണ്. അവളുടെ അമ്മയാണ് സഹായി. അവർക്കും നല്ല സുഖമില്ല.
രണ്ട് കാൽമുട്ടിനും നീരും വേദനയു മാണ്. മുട്ടുകൾ മാറ്റിവെയ്ക്കണം. അതിന് ഒരുങ്ങിയിരുന്നപ്പോഴാണ് ഈ വീഴ്ച.
‘ എന്താത്?’
സുമതി ചോദിച്ചു.
‘ വീട് ജപ്തിക്കുള്ള ബാങ്ക് നോട്ടീസാ… അവൻ പതിനൊന്നര ശതമാനം പലിശയ്ക്കു ലോണെടുത്ത് വീട് വെച്ചാൽ… പലിശ വീട്ടിൽ നിന്ന് കിട്ടുമോ? എന്തൊരു മണ്ടത്തരം!’
‘ അവനോട് ഇനി ഒന്നും പറയണ്ട. അവൻ ആകെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും എന്ന മട്ടായി. മൂത്തത് പെണ്ണ്…പത്ത് വയസ്സ് ആയില്ലേ? ഇളയ കുസൃതിക്കും ഏഴ്.
ഇതിനെയൊക്കെ എങ്ങനെ ഒരു കരകയറ്റും? നാളും മാസവും ദേ… ന്നങ്ങ് പോകും. ഞാൻ നിങ്ങളോട് പറഞ്ഞില്ലെന്നേയുള്ളൂ… രണ്ടു നാളായി ഈ വീട് വിൽക്കാനുള്ള തിടുക്കത്തിലാ അവൻ. വേറൊരു മാർഗ്ഗവും ഇല്ലെന്ന്. ഇത് പറഞ്ഞ് ഇനി നിങ്ങളുടെ നെഞ്ചിൽ തീ കയറ്റണ്ടെന്നുവെച്ചു ‘
‘ദൈവമേ…’
അയാൾ നെടുവീർപ്പിട്ടു.
‘ പത്മനാഭൻ നായരുടെ ഒരു പഴയ അറയും നിരയും. അത് കുറഞ്ഞ വിലയ്ക്ക് കിട്ടും. ചെറിയ ഒരു മിനിക്കു പണി നടത്തിയെടുക്കാമെന്ന്. പഴയ തറവാട് അല്ലേ? അച്ഛനും ഇഷ്ടമാകും…ന്ന് ‘
സുമതി അത്രയും പറഞ്ഞപ്പോഴേക്കും ഒന്ന് തേങ്ങിപ്പോയി. തൊണ്ടയിടറി.
കണ്ണുകൾ നിറഞ്ഞൊഴുകി!!