ഇരുട്ടായിരുന്നു,
വെളിച്ചത്തിനെപ്പൊഴും!
പകലിലെ വെളിമ്പുറങ്ങളിലു-
മകത്തളം നിറയ്ക്കുന്ന
രാവെളിച്ചത്തിനും,
തമോ നിറത്തിൻ്റെ ഇരുൾജയിൽത്തട്ടിലും!
എൻ്റെ സ്വാതന്ത്ര്യവഴികളിലുയർന്നതാമീ
കാരിരുമ്പഴികളിലുറയുന്നതുമന്ധകാരത്തിൻ്റെ ഇരുൾ വെളിച്ചം മാത്രം!
രാത്രിയുറക്കിൽ,
കണ്ണിലേക്കൊഴിക്കുന്ന
ജയിൽവെളിച്ചത്തിനു –
മെന്തൊരിരുട്ടായിരുന്നു!
എന്നിട്ടുമുണ്ടായി
സ്വസ്തസ്സുഖമാം സുഷുപ്തി!
അസ്വസ്തത നെരിപ്പോടുകൂട്ടിപ്പുകയ്ക്കുന്ന
മാനസത്തടങ്ങളെപ്പുൽകി –
പ്പുണർന്നങ്ങനെ…..!
ചലന സ്വാതന്ത്ര്യത്തിൻ്റെ കാലിണപ്പൂട്ടിൽ,
കർമ്മ ശൂന്യത തളംകെട്ടി നില്കുന്നു,
സമയ ധാരാളിത്ത വിരസ നിർമേഷത നെടുവീർപ്പിലലിയുന്നു !
ഹാ! ജയിൽ! നീയെന്നെ
സമയസമ്പന്നതയുടെ
കൊടുമുടിപ്പുറമാക്കിയീ നിഷ്കർമ്മ വേദിയാം
ജയിലറയ്ക്കുള്ളിൽ!
ഹോ!ജയിൽ !
നീയൊരു കിടപ്പറ!
രാഷ്ട്ര പിതാവിന്,
ജവഹർലാലിനും ഭീമിനും …..
യൂസുഫ് പ്രവാചകൻ,
യശോധര,ചെഗുവേര,
സൈനബുൽ ഗസ്സാലി …,
മഅ്ദനി…… നിരയിലൊടുവിലൊടുക്ക – മീനിസ്വനാം ഞാനും!
ഈ യിരുളറയിലെ ജമുക്കോള
വിരിപ്പിലുറക്കിൻ്റെ
തീഷ്ണമാം നെരിപ്പോട്
തീർത്തതെൻ
ജീവിതവഴിയിലൊരോർമ്മ പ്പിഴവായ്, വടുവായ്, നിർവ്വികാരത്തുടിപ്പായ്!
ഓർമ്മതൻ വിഹ്വലതലങ്ങളിലാധിയാ-
യാവലാധിയായ്!
ജയിൽ,
മഹദ്ഗ്രന്ഥങ്ങളുടെ രചനപ്പുര !
ആത്മാവ് പറിച്ചെടുത്ത്
കണ്ണീരുപ്പു പുരട്ടി
ഉറ്റവർക്കായെഴുതിയ
സന്ദേശകാവ്യങ്ങളുടെ എഴുത്തറ !
ജയിൽ ….. !
നീയൊരു മഹത്തായ അശ്ലീലവും നിസ്സഹായതയുമാണ്.
ഋണ ബാധയേറ്റ മനസ്സുകളുടെ കൂട്ട് കേന്ദ്രം!
ജയിൽ !
എൻ്റെ രാജ്യത്തെ മഹത്തായ സ്വാതന്ത്ര്യ പ്പുലരികളിലേക്ക് ,
പൗരനെ
വിളിച്ചുണർത്താൻ ഇനിയും വിമ്മിഷ്ടപ്പെടുന്ന
മാടമ്പി യേമാൻമാരുടെ
വരേണ്യബോധങ്ങളുടെ കേദാരത്തറ!
നിസ്സാഹയരുടെ മുതുകിലേക്ക്
ബൂട്ട് പ്രഹരങ്ങളായും
താഴ് ചുഴറ്റിയടിയായും ജനാധിപത്യം സമ്മാനിക്കുന്നതിനുള്ള
ബോധങ്ങൾ മാത്രം പരിശീലിപ്പിക്കപ്പെട്ട
കാക്കിനിറക്കാരുടെ താണ്ഡവത്തറ !
ഉദ്യോഗസ്ഥ ചാതുർവർണ്യ സംഗമസ്ഥലം!
ജയിൽ …!
നീയെനിക്കൊരു മുസല്ലത്തടമായിരുന്നു …!
നിയന്താവിൻ സന്നിധേ
സാഷ്ടാംഗ നമസ്കാരപ്പാട്
പതിഞ്ഞയെൻനെറ്റിയെ
കാന്തമായ്,
ആകർഷണമായ്
ചേർത്തടുപ്പിച്ചെൻ്റെ
തൗബക്കരച്ചിലും,
ആത്മം നിറഞ്ഞതാം പ്രാർത്ഥനാ വേളകളിലെ
കണ്ണുനീർ തീർത്ഥവും, കുഴച്ചൊരച്ചുടുനനവ് കൊണ്ടതാം മിനുസത്തറ !
ഹാ! ജയിൽ നിനക്കഭിവാദ്യങ്ങൾ!
തിരിച്ചറിവുകളുടെ വെളിച്ചവും ബോധ്യവുമായെത്തിയതിന്!
ആത്മ സൗഹൃദപ്പതിരുകളെ –
ത്തിരിക്കുന്ന പ്ലവനപാനീയമായ്
നീയെന്നിൽ നിറഞ്ഞതിന്!
എന്നിലെ ഗർവിനാലുരുവിട്ട ശപഥപ്പിഴകൾക്കൊരു പ്രാശ്ചിത്തമായതിന്!
എൻ്റെ കലഹപ്രിയതക്കുള്ളിൽ നിന്നും
സഹന സ്ഥൈര്യങ്ങളുടെ പാലാഴി മഥനമാ,യമൃതമായ് പൊഴിഞ്ഞതിന്!
പിന്നെ, നീയൊരു മാമുനീസ്പർശമായ്
വേദ പ്രവാഹമായെ-
ന്നുള്ളം നിറഞ്ഞതിന്!
സാത്വിക ദർശന ജീവിതാനന്ദമായ് , തുടർജീവയാത്രയിലൊരു
പാഥേയമാ,യെൻ്റെ
തോളിലെ ഭാണ്ഡപ്പുതപ്പായ്,
മനസ്സിൻകുളിരിനൊരു ചൂടായ്!
ഹാ! ജയിൽ, നിനക്ക് നന്ദി!
തന്നതിനും,
തിന്നതിനും,
കൊന്നതിനും….!
✍️

കമാൽ കണ്ണിമറ്റം

By ivayana