ഒന്നുറങ്ങണം, ശാന്തമായി, സ്വസ്ഥമായി, അതിഗാഢമായി.
പക്ഷേ…
അതേ…., പക്ഷേ….
ഉറക്കം നഷ്ടപ്പെടുത്തിയ ആ നശിച്ച നുണ!
ഇതുവരെയും, ഇപ്പോഴും ആളുകളെന്നെ വിശ്വസിക്കുന്നു, സത്യസന്ധനെന്ന് വാഴ്ത്തുന്നു.
ആരെങ്കിലും എന്നെയൊന്ന് തിരിച്ചറിഞ്ഞെങ്കിൽ…, നുണയനെന്ന് വിളിച്ചിരുന്നെങ്കിൽ…, എങ്കിൽ ഈ ഭാരമൊഴിഞ്ഞേനെ…
പക്ഷേ അതിനൊട്ടും സാധ്യതയില്ല. ഇന്നുവരെ ഈ നാട്ടിലായാലും അയൽനാടുകളിലായാലും നേരുള്ളവനെന്ന കേൾവി അത്രയ്ക്കും ആഴത്തിൽ വേരോടിയിട്ടുണ്ട്.
ഈ എടുക്കാച്ചുമടെവിടെ ഇറക്കിവയ്ക്കും ഞാൻ…?
തീർത്തും അസ്വസ്ഥമായ ഒരു രാത്രിയിലാണ് ശാന്തിയോട്,….. അതേ, എന്റെ സഹധർമ്മിണിയോട് സത്യങ്ങളെല്ലാം അവതരിപ്പിച്ചത്..
എന്നെ അലട്ടുന്ന പ്രശ്നങ്ങൾക്ക് അവൾക്കൊരു പരിഹാരം കാണാനാവില്ല. ഞങ്ങൾ രണ്ടുപേർക്കും ഇതിൽനിന്ന് സ്വയം ഒളിച്ചോടാനേ കഴിയൂ!
ഒരുവേള ഞാനെല്ലാം തുറന്നുപറഞ്ഞൊന്ന് സ്വസ്ഥനാകട്ടെയെന്ന് അവളോടാരാഞ്ഞതോടെ, പാവം…, അവളുടെ ഉറക്കവുംകൂടി നഷ്ടമായി.
സ്വാഭാവികം. എല്ലാ ഭാര്യമാരും ഭർത്താവിന്റെ കീർത്തിയുടെ പൊങ്ങച്ചത്തെ അത്രമാത്രം താലോലിക്കുന്നവരാണ്.
അവളിപ്പോൾ എന്നെ ഭയപ്പെടുന്നു. ഞാൻ എല്ലാ സത്യവും തുറന്നുപറഞ്ഞാൽ അവൾക്കുണ്ടാകുന്ന വലിയ നഷ്ടങ്ങളോർത്ത് സദാ അസ്വസ്ഥയാകുന്നു. അതുകൊണ്ടുതന്നെ എങ്ങോട്ടുപോയാലും ഇപ്പോൾ അവളെന്നെ പിന്തുടരുന്നു.
ഇന്റർവ്യൂകളിൽ ഡിബേറ്റുകളിൽ ഉദ്ഘാടന, അനുശോചന പ്രസംഗങ്ങളിൽ അവളെന്റെ വാക്കുകളെ സെൻസർ ചെയ്യുന്നു. എല്ലാ അർത്ഥത്തിലും സമാധാനം നഷ്ടപ്പെട്ടവനായി ഞാൻ.
ഒരു നുണ, അതിനെ മൂടിവയ്ക്കാൻ ആവർത്തിച്ചു പറയേണ്ടിവരുന്ന അനേകം നുണകൾ. ഒന്നു പതുക്കെ ആരും കേൾക്കാതെ എങ്കിലും ആൾക്കൂട്ടത്തിൽവച്ച്, അതേ, എന്നെ സ്വയം വിശ്വസിപ്പിക്കാണെങ്കിലും എനിക്ക് സത്യം പറയണം.
*
കോടതിവരാന്തയിൽ ഞാൻ അസ്വസ്ഥനായി നിന്നു. നേരിന്റെ കൂടെയാണ് ഞാനിതുവരെയെന്നൊരഹങ്കാരം എനിക്കുണ്ടായിരുന്നു. ഇതാ ഞാനെന്നെത്തന്നെ വില്പനയ്ക്ക് വച്ചിരിക്കുന്നു. ഇനിയങ്ങോട്ട് എന്റെ സ്വത്വബോധം എന്നെ നിരന്തരം വിചാരണ ചെയ്തുകൊണ്ടേയിരിക്കും.
കള്ളസാക്ഷി പറയുന്നതുകൊണ്ടെനിക്ക് ഒരുപാട് നേട്ടങ്ങളുണ്ട്.നേരിന്റെ കൂടെനിന്നാൽ തിന്മയുടെ മൊത്തക്കച്ചവടക്കാർ എന്റെ ഭാവിതന്നെ ഇല്ലാതാക്കും.
വക്കീൽവന്ന് തോളിൽത്തട്ടിയപ്പോഴാണ് ചിന്തകളില്നിന്നുണർന്നത്.
‘സത്യപാലൻ സർ കൺഫ്യൂഷൻ ഒന്നുമല്ലല്ലോ? എന്റെ കരിയറിൽ ഇത്രയും ചലഞ്ചിങായ ഒരു കേസ് ഉണ്ടായിട്ടില്ല. ഇതെന്റെ പ്രെസ്റ്റീജ് ഇഷ്യൂവാണ് സർ.’
വക്കീൽ ആകെ ടെൻഷനിലാണ്. പറഞ്ഞു പഠിപ്പിച്ച നുണകൾ നിരതെറ്റാതെ വരിതെറ്റാതെ വാക്കുപിഴക്കാതെ ഞാൻ പറഞ്ഞില്ലെങ്കിലോ എന്നയാൾ എന്നെ അവിശ്വസിക്കുന്നുണ്ടോ…?
ഉണ്ടാവും. ഇതുവരെ എന്നെക്കുറിച്ചുള്ള കേട്ടറിവുകൾ അങ്ങനെയാണല്ലോ…
മനസ്സിൽ ഒരു വടംവലിതന്നെ നടക്കുന്നുണ്ട്. പ്രലോഭനമെന്ന ചിലന്തി തന്റെ വലയിൽമുറുക്കി കഴിഞ്ഞിരിരിക്കുന്നു. എത്ര കുതറിയാലും കുരുക്ക് മുറുകുകയല്ലാതെ രക്ഷപ്പെടൽ അസാദ്ധ്യം.
കോടതി നടപടികൾ തുടങ്ങിക്കഴിഞ്ഞു. ആദ്യകേസ് നമ്മുടെയാണ്. വക്കീൽ വീണ്ടും അടുത്തെത്തി ഓർമ്മിപ്പിച്ചു. പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ?
ഇപ്പോൾ അയാളുടെ ശബ്ദത്തിൽ ഒരു ഭീഷണിയോ താക്കീതോ ഒക്കെയില്ലേ…?
അജ്ഞാതനായ ഏതോ ഒരാൾ കർട്ടനുപിന്നിലിരുന്നു ചരടുവലിക്കുന്ന പാവകളിയിലെ രണ്ടു പാവകൾമാത്രമാണ് സ്വയം വില്പനയ്ക്കുവച്ച വക്കീലും ഞാനും.
അസാധാരണ സ്വാധീനശക്തിയുള്ള ഏതോ വമ്പൻ തന്റെ ഭാവിതന്നെ മാറ്റിയെഴുതാൻ പോകുന്നു. ഇത്രകാലവും ആദർശധീരൻ സത്യസന്ധൻ എന്നൊക്കെയുള്ള വിശേഷണങ്ങളല്ലാതെ തികച്ചെടുക്കാൻ ഒരു വലിയ സംഖ്യയോ, എന്തിന്…വലിയൊരു സദസ്സിനുബോധിക്കുന്ന ഒരുജോഡി വസ്ത്രമോപോലും തനിക്കുണ്ടോ?
ലോവർ പ്രൈമറിസ്‌കൂൾ ടീച്ചറായ ഭാര്യയുടെ എണ്ണിച്ചുട്ട ശമ്പളംകൊണ്ടു രണ്ടറ്റം മുട്ടാത്ത ഈ ജീവിതത്തിൽ വലിയ പരാതിയൊന്നും തോന്നിയിട്ടില്ല. ഭാര്യയും ആദർശധീരനായ ഭർത്താവിന്റെ യശസ്സിൽ അങ്ങേയറ്റം അഭിമാനിക്കുന്നുമുണ്ട്!
ഇന്നുമുതൽ, തന്റെ നേരും നെറിയും ചിതറിത്തെറിച്ച് അനീതി വെന്നിക്കൊടിപാറിക്കുന്ന നിമിഷം മുതൽ തന്റെ ജീവിത നിലവാരം ഉയരുകയായി.
മനസ്സേ, ശാന്തമാകൂ,….
ആചരിച്ചുവന്ന ശീലങ്ങളെ സ്വസ്തി!
തന്റെ പേർ ഉച്ചത്തിൽ വിളിക്കുന്നത് കേട്ടപ്പോഴാണ് ചിന്തകളില്നിന്നുണർന്നത്. സാക്ഷിക്കൂട്ടിലേക്ക് നടക്കുമ്പോൾ ചുവടുകൾ പതറുന്നതായി തോന്നി.
ഇനിയൊരു പിന്മടക്കം അസാധ്യം.മനസ്സിലെ കൂട്ടിനകത്ത് തടവിലാക്കപ്പെട്ട നേര് അസ്വസ്ഥതയോടെ ചിറകടിക്കുമ്പോൾ സ്വയം ശാസിച്ചു. മനസ്സേ, ശാന്തമാകൂ….
കേസിന്റെ വിശദാംശങ്ങൾ പ്രതിപാദിച്ചുകൊണ്ട് വിചാരണ തുടങ്ങി. വാദി ദുർബലനും ദരിദ്രനുമാകയാൽ സർക്കാരേർപ്പെടുത്തിയ വക്കീലാണ് വിസ്തരിക്കാനുള്ളത് എന്നത് ഒരളവുവരെ ആത്മാവിശ്വാസംകൂട്ടി.
അയാൾ ഒരു ചടങ്ങുപോലെ ചോദ്യങ്ങൾ ചോദിക്കുമായിരിക്കും.
പ്രതി ദാരുണമായി അക്രമിച്ച സമയത്ത് താങ്കൾ അതേ ട്രെയിനിൽ ഉണ്ടായിരുന്നു എന്നു പറയുന്നു,ശരിയാണോ?
അല്ല…
ഞാനൊരുനിമിഷമെടുത്തു എന്നെ സ്വയം വിശ്വസിപ്പിക്കാൻ…., “നോക്ക് ഞാൻ നുണ പറഞ്ഞില്ല.”
ഇല്ലേ….?! പക്ഷേ, താങ്കളുടെ മൊഴി അപ്രകാരാമല്ലല്ലോ? അയാളുടെ ശബ്ദത്തിൽ വല്ലാത്തൊരന്ധാളിപ്പ് പ്രകടമായി.
അതിന് ഞാൻ മൊഴിമാറ്റിയിട്ടില്ലല്ലോ, എന്നെ തുടരാനനുവദിക്കൂ. ഞാൻ കൺകോണുകളിലൂടെ എന്റെ വക്കീലിനെനോക്കി. അയാളുടെ മുഖത്തും അങ്കലാപ്പും ഭീതിയുമുണ്ട്.
അല്ല, ഞാനാവർത്തിച്ചു. ഞാനാ ട്രെയിനിൽ ഉണ്ടായിരുന്നെന്ന് മാത്രമല്ല, പ്രസ്തുത സംഭവത്തിന് ഞാൻ ദൃക്‌സാക്ഷിയുമാണ്. ഞാൻ വീണ്ടും ഒളികണ്ണിട്ട് എന്റെ വക്കീലിനെ നോക്കി. അയാൾ ആശ്വാസത്തോടെ കർച്ചീഫെടുത്ത്
മുഖത്തെ വിയർപ്പൊപ്പുന്നു.
വാദിഭാഗം വക്കീൽ വിടാൻ ഭാവമില്ലായിരുന്നു…..
“താങ്കൾ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്?”
ഉവ്വ്…, മൊഴി റെക്കോർഡ് ചെയ്തിട്ടുണ്ട്.
നല്ലത്…, ഇതുവരെയുള്ള പൊതുജീവിതം പരിശോധിച്ചാൽ താങ്കളെ അവിശ്വസിക്കേണ്ട കാര്യമില്ല. പക്ഷേ ഇവിടെ ആരോപിതനായ വ്യക്തയുടെ ശാരീരികക്ഷമത വച്ച് ഒറ്റയ്ക്കയാൾക്ക് ആരോഗ്യവതികളായ ഇരകളെ ആക്രമിച്ച് മരണകാരണമാകുംവിധം മാരകമായി മുറിവേല്പിക്കാനാകുമോ, അദ്‌ഭുതമായിരിക്കുന്നു!
ഇടയ്ക്കെന്റെ വക്കീൽ തടസ്സവാദവുമായി എഴുന്നേറ്റു.
“മീ ലോർഡ്, ഇത്തരം ചോദ്യങ്ങൾ തീർത്തും അനാവശ്യമാണ്. എന്റെ കക്ഷി ദൃക്‌സാക്ഷിയായ ഒരു ഇരട്ടക്കൊലപാതകക്കേസിൽ വാദിഭാഗത്തിന്റെ ബാലിശമായ ഇത്തരം ചോദ്യങ്ങൾക്കായി കോടതിയുടെ വിലപ്പെട്ട സമയം അപഹരിക്കരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു.”
താങ്കൾ ഇരിക്കൂ, ജഡ്ജിയുടെ സ്വരം മുഴങ്ങി. അദ്ദേഹത്തെ തുടരാനനുവദിക്കൂ.
എന്റെ വക്കീൽ ഇരുന്നു. അദ്ദേഹം അസ്വസ്ഥനായി തന്റെ മുഖം തൂവാലയാൽ അമർത്തി തുടച്ചുകൊണ്ടിരുന്നു.
അതെന്നെയും അദ്‌ഭുതപ്പെടുത്തിയ കാര്യമാണ് സർ. പക്ഷേ കൊല നടന്ന സമയം രാത്രി ഏകദേശം ഒരു മണിയോടടുത്തായിരുന്നു. സൈഡ് ലോവർ ബെർത്തിൽ കിടന്നിരുന്ന ഞാൻ കൊലചെയ്യപ്പെട്ട ഒരു പെണ്കുട്ടിയുടെ നിലവിളികേട്ടാണ് ഉണർന്നത്. അരണ്ട വെളിച്ചത്തിൽ പ്രതി അവരെ ആക്രമിക്കുന്നതുകണ്ട് പേടിച്ചുപോയ എനിക്ക് ശബ്ദവും ചലനശേഷിയുമെല്ലാം നഷ്ടപ്പെട്ടു, ലജ്ജയില്ലാതെ പറയട്ടെ, ഞാൻ ശരിക്കും ഭയന്നുപോയി, എന്റെ ജീവനാപത്താകുമെന്ന ബോധമെന്നെ ഭീരുവാക്കി.
ശബ്ദം കേട്ടുണർന്ന തൊട്ടടുത്ത ബെർത്തിലെ പെണ്കുട്ടി പ്രതിയെ തടയാൻ ശ്രമിച്ചപ്പോളാണ് ഇയാൾ ആ കുട്ടിയെക്കൂടി കുത്തിപ്പരിക്കേല്പിച്ചത്.
ഞാനിരുന്ന ഭാഗത്തെ സീറ്റുകളിൽ ഞങ്ങൾ മൂന്നുപേർ മാത്രമായിരുന്നു യാത്രികരായി ഉണ്ടായിരുന്നത്.
ധാർമ്മികബോധവും വിപദിധൈര്യവും നൽകിയ കരുത്തിൽ ഞാനേതോവിധം ഇയ്യാളെ കീഴടക്കി.
ആയുധവുമായി കൊലവെറിയോടെ നിൽക്കുന്ന ഇയാളെ കീഴടക്കാൻഎങ്ങനെയാണ് നിരായുധനും പ്രായേണ പ്രതിയേക്കാൾ ആരോഗയ്ക്കുറവുള്ളവനുമായ താങ്കൾക്കായത്?
പ്രതിഭാഗം വിടാൻ ഭാവമില്ലായിരുന്നു.
പതിവ് ക്ളീഷേ തടസ്സവാദവുമായി എന്റെ വക്കീൽ എഴുന്നേറ്റു…
ഒബ്ജക്ഷൻ യൂർ ഓണർ…
യാന്ത്രികമായി ജഡ്ജി മൊഴിഞ്ഞു,ഒബ്ജക്ഷൻ സസ്റ്റൈൻഡ്…
പ്രതിഭാഗം വക്കീലിന്റെ വാദത്തിൽ ജഡ്ജിക്ക് രസം പിടിച്ചതായി തോന്നി.
അറിയില്ല, ഏതോ ഒരജ്ഞാതശക്തി അന്നേരമെന്നിൽ പ്രവർത്തിച്ചു. പണ്ട് കണ്ട ഒരു സിനിമയില്നിന്ന് കിട്ടിയ ഐഡിയ, ഞാൻ എന്റെ പുതപ്പുകൊണ്ടു പുറംതിരിഞ്ഞു നിന്ന പ്രതിയുടെ തലവഴിമൂടി, പിന്നെ ശക്തമായി തള്ളി നിലത്തിട്ടു.
ഞാനറിയാതെ എന്നിൽനിന്നുയർന്ന ഉച്ചത്തിലുള്ള ആക്രോശവും നിലവിളിയുംകേട്ട് തൊട്ടപ്പുറവും ഇപ്പുറവുമുള്ള ആരൊക്കെയോ എത്തി, എന്നെ സഹായിച്ചു. അവരുടെ സാക്ഷിമൊഴികൾ കോടതി മുമ്പുകേട്ട് ബോദ്ധ്യപ്പെട്ടതാണല്ലോ?
സത്യത്തിൽ മാനുഷികമായി എന്റെ പക്ഷത്തുനിന്നുണ്ടായ ഇടപെടൽ എന്റെ സ്വാസ്ഥ്യം ഇല്ലാതാക്കിയിരിക്കുകയാണ്. ഒരു പക്‌ഷേ ആളുകൾ സംഭവങ്ങൾക്ക് ദൃക്‌സാക്ഷിയായാലും അത് വെളിപ്പെടുത്താൻ മടിക്കുന്നത് ഇത്തരം നൂലാമാലകളിൽപ്പെട്ട് നട്ടം തിരിയാനുള്ള ധൈര്യമില്ലായ്മയും സമയക്കുറവുമാണ്.
അഞ്ചു കൊല്ലംമുമ്പ് നടന്ന ഒരു ഇരട്ടക്കൊലപാതകത്തിൽ പ്രതി ഉടനെ പിടിയിലായെങ്കിലും നിയമക്കുരുക്കുകളിൽക്കുടുങ്ങി നീതി ഇപ്പോഴും കൊല്ലപ്പെട്ടവർക്കും അവരുടെ വേണ്ടപ്പെട്ടവർക്കും കിട്ടാക്കനിയാകുന്നു.
ഞാനൊരു ദീർഘപ്രസംഗം നടത്തി നിന്ന് കിതച്ചു. വിദഗ്ധമായി നുണ പറയാനുള്ള എന്റെ കഴിവിൽ എനിക്ക് സ്വയം അതിശയം തോന്നുന്നുണ്ടായിരുന്നു.
പിന്നെ പ്രതിഭാഗത്തിന്റെ വക്കീൽ എല്ലാം ഒരു ചടങ്ങുപോലെ അവസാനിപ്പിച്ചു.
നീചനും ക്രൂരനുമായ മനുഷ്യമൃഗമാണ് പ്രതിയെന്നും അയാൾ ഇന്ത്യൻ പീനൽക്കോഡ് നിഷ്കർഷിക്കുന്ന പരമാവധി ശിക്ഷ അർഹിക്കുന്നുവെന്നും വാദിച്ച എന്റെ വക്കീലിനെ ശരിവച്ചുകൊണ്ട് വിധിചൊല്ലി ജഡ്ജിയും സ്വസ്ഥനായി.
അസ്വസ്ഥതയോടെ വെളിയിലിറങ്ങിയ എനിക്കുപിറകെ ഓടിയെത്തിയ വക്കീൽ നന്ദിസൂചകമായി എന്റെ കൈ കവർന്നു.
ഇതിനിടയിൽ പ്രതിഭാഗം വക്കീലുമെത്തി,അയാളും അഭിനന്ദനസൂചകമായി തോളിൽത്തട്ടി. മുൻപ് പറഞ്ഞുറപ്പിച്ച വാദപ്രതിവാദമെന്ന നാടകത്തിലെ എന്റെ റോൾ ഭംഗിയായി നിറവേറ്റപ്പെട്ടതിൽ അവർക്കുള്ള സന്തോഷം വർണ്ണനാതീതമായിരുന്നു.
പറഞ്ഞുറപ്പിച്ച സംഖ്യ താങ്കളുടെ വീട്ടിലെത്തിച്ചിട്ടുണ്ട്. ഇനിയും ഇതുപോലെ താങ്കളുടെ സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്തെ ഏറ്റവും പ്രബലനായ നേതാവിന്റെ (പ്രസ്ഥാനത്തിൽ നിങ്ങൾ എതിർപക്ഷത്താണെങ്കിലും) മകനെയാണ് താങ്കൾ തൂക്കുകയറിൽനിന്ന് രക്ഷിച്ചത്. അദ്ദേഹത്തിന്റെ നന്ദി അറിയിക്കുന്നതോടൊപ്പം താമസിയാതെ താങ്കൾക്ക് അദ്ദേഹത്തിന്റെ പാർട്ടിയിൽ ഒരു ഉന്നതസ്ഥാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
സൗഭാഗ്യങ്ങളുടെ പട്ടിക നീണ്ടുപോകുമ്പോഴും ഞാനസ്വസ്ഥതയോടെ കൈകൾ കൂട്ടിത്തിരുമ്മി.
ഊരും പേരും തിരിയാത്ത ഒരന്യസംസ്ഥാനക്കാരൻ ബലിയാടാകുന്നതിൽ ആർക്കു ചേതം…?
എങ്കിലും…., എങ്കിലും സത്യം… അതെന്നെ വേട്ടയാടുന്നു. ഞാനെന്നെങ്കിലും ആ സത്യം ആരോടെങ്കിലും പറയണമെന്നുറപ്പിച്ചിരുന്നു, പ്രിയപ്പെട്ട അനുവാചകാ, ഞാൻ അപരാധിയാണ്. ഈ ഏറ്റുപറച്ചിൽകൊണ്ടു എനിക്കെന്നെ ന്യായീകരിക്കാനാവുമോ…?
സ്വസ്ഥതയോടെ സമാധാനത്തോടെ സന്തോഷത്തോടെ കഴിഞ്ഞ എന്റെ ഭൂതകാലം എന്നെ കൊതിപ്പിക്കുന്നു. ആത്മവഞ്ചനയുടെ പാപം ചുമന്ന് എന്നിൽ മുഖം നഷ്ടപ്പെട്ടവനായിരിക്കുന്നു ഞാൻ!

ഉണ്ണി കെ ടി

By ivayana

Leave a Reply

Your email address will not be published. Required fields are marked *