രചന : സെഹ്‌റാൻ ✍️
ക്രൂശിക്കപ്പെടാറുണ്ട്
ഇപ്പോഴും.
എന്നാൽ, ആണികളുടെ
നീളം അളക്കാറില്ല.
വെട്ടിപ്പിളർത്തപ്പെടുന്നുണ്ട്
ഇപ്പോഴും.
എന്നാൽ,
ആയുധത്തിൻ്റെ
മൂർച്ച
പരിശോധിക്കാറില്ല.
ഈയിടെയായി
അങ്ങനെയാണ്!
ചോരവാർന്നൊലിക്കുന്ന
മുറിവുകളോടെ,
ക്രമം തെറ്റി മിടിക്കുന്ന
നെഞ്ചോടെ
കടൽത്തീരത്ത്
ഒറ്റയ്ക്കിരിക്കാറുണ്ട്.
ഇടയ്ക്കൊക്കെ
മഴപെയ്യാറുണ്ട്.
ഒന്നുകിൽ
ആർത്തലച്ച്…
അല്ലെങ്കിൽ
ആർക്കോവേണ്ടിയെന്ന
പോൽ
പതിയെ…
ഓർമ്മകളെല്ലാം
ഒരു മഴയിൽ
കഴുകിപ്പോയെങ്കിലെന്ന്
ആഗ്രഹിക്കും.
പക്ഷേ കടൽത്തിരകൾ
പുതുതായി
പണിതീർത്തൊരു
കുരിശിനെ
കാട്ടിത്തരും.
മണൽത്തരികൾ
കാച്ചിയെടുത്തൊരു
ആയുധം കാണിക്കും.
ഓർമ്മകളാവട്ടെ
ഇരട്ടിബലത്തിൽ
വേട്ടയാടും.
കാഴ്ച്ചകളുടെ നിറം
രക്തച്ചുവപ്പാകും.
പുതുമകളൊന്നുമില്ല,
ഈയിടെയായി
അങ്ങനെയാണ്!
⚫