അനിഴപ്പുക്കള ചന്തം കണ്ടി-
ട്ടയലത്തുള്ളോരമ്മൂമ്മ
ചൊല്ലുന്നൂ നല്ലനിഴപ്പൂക്കള
ഭംഗിയിൽ. മിഴികൾ നട്ടിട്ട് !
അനിഴം നാളിൽ വിരിഞ്ഞൊരു പൂക്കളിൽ
ഏഴഴകൊത്തതറുത്തോ നീ
ഏറെ മനോഹരമായൊരു നന്ത്യാർ —
വട്ടപ്പൂ ഞാനിട്ടോട്ടെ.?
അഴകേറ്റാനായ് മന്ദാരപ്പൂ
വെണ്മയിൽ ചുറ്റും നിരത്തിടാം.
അനിഴംനാളായിട്ടൊരു പൂക്കള –
മിടണം നല്ലൊരരിപ്പൂവാൽ !
അനിഴപ്പൂക്കളഭംഗിയിൽ മുഴുകി
അനിയനുമരികത്തണയുന്നു.
അകലെ നിന്നൊരു ഗാനം പാടി
അകതാരിൽ കുളിരേകാനായ്!
കൂ -കൂ- കൂകി വരുന്നുണ്ടെന്നുടെ
ചാരത്തണയാൻ കുയിലമ്മ:
അനിഴപ്പൂക്കളഭംഗിയിലമ്മയു_
മൊത്തു രസിക്കാൻ മോഹവുമായ്!
ഓർമ്മകളുള്ളിൽ നിറകതിരായി
കൊയ്തു മെതിച്ചു പൊലിക്കുന്നു.
പഴയോരോണക്കാലമതോർക്കേ
മിഴിയും, മനവും നിറയുന്നു…!
- മാധവി ടീച്ചർ, ചാത്തനാത്ത്’