ചില മഴകള്‍ അങ്ങനെയാണ്, എത്രപെയ്താലും തോരാറില്ല. അല്ലെങ്കില്‍ തോരാന്‍ നാം സമ്മതിക്കാറില്ല. ഇതുപോലൊരു മഴയാണ് ബാല്യവും. പുറത്ത് പെയ്തു തോര്‍ന്നാലും അകത്ത് അത് പെയ്തുതിമിര്‍ക്കുന്നുണ്ടാകും. ജീവിതചക്രം ഒത്തിരി മുന്നോട്ടുതിരിഞ്ഞിട്ടും, ജീവിത ഘടികാരം പലയാവര്‍ത്തി കാലത്തിന്റെ ചുമരില്‍ക്കിടന്നു ചിലച്ചിട്ടും ഹൃദയകോവിലില്‍ ഇന്നും ഉയരുന്നത് ചില ബാല്യകാലസ്മൃതികളുടെ കേളികൊട്ടാണ്. പലപ്പോഴും ഈ ബാല്യകാലസ്മൃതികള്‍ ജീവിതത്തെ വല്ലാതങ്ങ് ലഹരി പിടിപ്പിക്കുന്നുണ്ട്. പറന്നകന്ന ആ ബാല്യത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ വീണ്ടും വീണ്ടും നമ്മെ മാടിവിളിക്കുന്നുണ്ട്, നനവുള്ള ചില ഓര്‍മ്മകളിലേക്ക്.. നഷ്ടമാകല്ലേയെന്നുകൊതിച്ച ചില കിനാവുകളിലേക്ക്…
കൂട്ടൂകാരുമൊത്തു കളിച്ചു നടന്ന തൊടികള്‍, അണ്ണാറക്കണ്ണനോടും മണ്ണാത്തിപ്പുള്ളിനോടുമെല്ലാം കുസൃതികാണിച്ച സായാഹ്നങ്ങള്‍, തിരുവോണനാളിലെ തുമ്പപ്പൂവും മുക്കൂറ്റിയും, കര്‍ക്കിടകമാസത്തിലെ മരുന്നുകഞ്ഞി, ഉച്ചസമയത്തിന്റെ ആലസ്യമകറ്റാനുള്ള വാളംപുളി, ജാതിക്ക, കണ്ണിമാങ്ങ, തുടങ്ങിയവ നല്‍കുന്ന സമ്മിശ്ര രുചിഭേദങ്ങള്‍, സ്വര്‍ണ്ണക്കതിരില്‍മുങ്ങിനില്‍ക്കുന്ന നെല്‍പ്പാടങ്ങള്‍, അതിന്റെ വരമ്പുകളിലൂടെയുള്ള യാത്ര, കൊയ്ത്തുകഴിഞ്ഞ് വരണ്ടുണങ്ങിയ പാടങ്ങളിലെ കാല്‍പന്തുകളി, വെള്ളം വറ്റിയ തോടുകളില്‍നിന്നുള്ള മീന്‍ പിടുത്തം. കാല്‍വിരലുകള്‍ ചെളിയില്‍ പൂഴുമ്പോള്‍ മനസിലൂടെ കടന്നുപോകുന്ന സമ്മിശ്രവികാരങ്ങള്‍, മാനംമുട്ടെ ഉയരുന്ന ഊഞ്ഞാലാട്ടങ്ങള്‍, കവലയിലെ വൈകുന്നേരങ്ങളിലെ ഒത്തുചേരലുകള്‍, കടുപ്പത്തിലുള്ള ചൂടന്‍ കട്ടന്‍ച്ചായ, അലമാരകളില്‍ നിന്നും ആവി പടര്‍ത്തുന്ന വ്യത്യസ്ത മണമുള്ള പലഹാരങ്ങള്‍. മധുരിക്കുന്ന ഈ ഓര്‍മ്മകളെല്ലാം ഒരു നോവായി ഇന്നും ഹൃദയത്തില്‍ അവശേഷിക്കുന്നു.
ബാല്യത്തില്‍ മനസ്സിന്റെ കോണുകളില്‍ കുളിരുപടര്‍ത്തുന്ന ഒന്നായിരുന്നു ക്ലാസ് മുറികളിലും ഇടുങ്ങിയ വഴവക്കിലുമൊക്കെയായി ഒതുങ്ങിയ ചെറിയ ചെറിയ പ്രണയബന്ധങ്ങള്‍. ജീവിതത്തിലെ രഹസ്യചെപ്പിനകത്തെ ആദ്യത്തെ നിധിയും ഇത്തരത്തിലുള്ള ചില മുഖങ്ങളും അതിനെചുറ്റിയുണ്ടാക്കിയ കിനാക്കളുമായിരുന്നു. സ്‌കൂളുകളുടെ ഇടനാഴികളിലൂടെയുള്ള യാത്രകള്‍ പലപ്പോഴും ചിലമുഖങ്ങളെ തേടിയുള്ളതായിരുന്നു. വെള്ളം ഇറ്റുവീഴുന്ന ഈറന്‍മാറാത്ത ചുരുളന്‍ മുടിയിഴകളും, വാലിട്ടെഴുതിയ കടമിഴികളും കൊലുസിന്റെ കൊഞ്ചലും കുപ്പിവളകിലുക്കവും, നെറ്റിയിലെ കറുത്ത പൊട്ടുമെല്ലാം ചേര്‍ന്നു ഗ്രാമീണ സൗന്ദര്യശോഭനിറഞ്ഞ ആ നാടന്‍ പെണ്മകള്‍ ഇന്നും മഴയായി മനസില്‍ പെയ്തിറങ്ങുന്നുണ്ട്. കാവും കുളവും കാക്കപ്പൂവും തുമ്പയും തുമ്പിയും തുളസിയും പട്ടുപാവാടയും കുപ്പിവളകിലുക്കവും ഇടനാഴിയിലെ പ്രണയവും എല്ലാം ഇഴുകിച്ചേര്‍ന്ന, നഷ്ടപ്പെട്ട ആ പഴയ സ്മൃതികളുടെ ക്ലാവ് തേച്ച് മിനുക്കി തിരിയിട്ടുകത്തിച്ച്, വീടിന്റെ ഉമ്മറപ്പടിയിലിരുന്ന് ഞാറ്റുപാടങ്ങളില്‍നിന്നും ഉയരുന്ന കൊയ്ത്തുപാട്ടുകേള്‍ക്കാനായി ഇന്നും മനം തുടിക്കുന്നു.
ജീവിതം എന്നും ഒരു കാത്തിരിപ്പാണ്. തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും ചില സ്മൃതികളുടെ ശീതസ്പര്‍ശത്തിനുവേണ്ടിയുള്ള വ്യര്‍ത്ഥമായൊരു കാത്തിരിപ്പ്… കാരണം കാത്തിരിപ്പിനുമാത്രമേ ഭൂതകാലത്തെ വര്‍ത്തമാനകാലമാക്കാന്‍ കഴിയൂ… കാത്തിരിപ്പിനുമാത്രമേ ഏല്ലാ ഋതുക്കളെയും വസന്തമാക്കാന്‍ കഴിയൂ. ഈ കാത്തിരിപ്പുമില്ലെങ്കില്‍ കൊഴിഞ്ഞുവീണ ആ നല്ലകാലത്തിന്റെ ഓര്‍മ്മകളുടെ സ്മരണകളൊക്കെ സ്മൃതികളില്‍നിന്നും എന്നന്നേക്കുമായി അടര്‍ന്നുപോകും. കാത്തിരിപ്പുകള്‍ നാംപോലും അറിയാതെ ജീവിതത്തിന്റെ എല്ലാ അടരുകളിലേക്കും സ്‌നേഹത്തിന്റെ നനവ് പടര്‍ത്തുന്നുണ്ട്്. ഇന്നും എനിക്ക് ജീവിതം ഒരു കാത്തിരിപ്പാണ്… എന്തിനൊക്കെയോ വേണ്ടിയുള്ള, ആര്‍ക്കൊക്കെയോ വേണ്ടിയുള്ള കാത്തിരിപ്പ്… മറയാതിരിക്കട്ടെ അടര്‍ന്നുവീണ ആ നല്ലകാലത്തിന്റെ സ്മരണകളെങ്കിലും…✍️

ജിന്റോ തേയ്ക്കാനത്ത് …

By ivayana