രചന : സതീഷ് കുമാർ ജി✍️
മനസ്സിന്റെ മാന്ത്രികക്കൂട്ടിലെ പൊൻവീണ
ഞാനറിയാതെയറിയാതെ മൂളി
നിൻകാൽചിലമ്പൊലി കേൾക്കുവാനായി
പ്രദക്ഷിണവഴിയിൽ കാതോർത്തുനിന്നു
വ്രീളാഭരിതയായ് തിരുനടചേരവേ
കണ്ടു ഞാനോമനേ രാജീവലോചനെ
നിൻകാർകൂന്തലിൽ പുൽകിതലോടുന്ന തുളസികതിരോ
പൊന്നൂയലാടിയ കാതിലോലയോ അല്ല
നിൻ നെറ്റിത്തടത്തിലെ ചന്ദനവുമല്ല
കരിമിഴിക്കോണിലെ കണ്മഷിയുമല്ല
മുത്തണി മാറത്തു ചേർന്നുകിടക്കുന്ന
വൈഡൂര്യമായങ്ങ് തീർന്നുവെങ്കിൽ പ്രിയേ
നിൻപാദരേണുക്കൾ തഴുകിത്തലോടിയാൽ
പുൽക്കൊടിത്തുമ്പിലും പുളകം വിരിഞ്ഞുവോ
അഴകോലുമാമേനി പുൽകിപ്പുണർന്നോരാ
മന്ദമാരുതനും നിന്നിൽ പ്രണയം പകർന്നുവോ
നിന്മന്ദഹാസത്തിൽ പൊന്നൊളിവിരിച്ചപ്പോൾ
പൂർണേന്ദുപോലും മയങ്ങിയല്ലോ
ഇന്നോളം കണ്ടൊരാ സ്വപ്നങ്ങളൊക്കെയും
നിന്നെക്കുറിച്ചുള്ളതായിരുന്നു
പ്രാണേശ്വരി നിന്നെ പ്രാണന്റെപ്രാണാനായ്
സീമന്തസിന്ദൂരം ചാർത്തിടേണം എന്റെ
ജീവന്റെജീവനായ് കൂട്ടിടേണം
പ്രാണന്റെ പ്രാണനായ് ചേർത്തിടേണം
✍️