മിഴികളുണ്ടെങ്കിലും
വഴി കണ്ടീടുവാനായ്
നിൻജ്യോതി,ദീപമേ!യെൻ
നയനം ദർശിക്കട്ടെ.!
സൂര്യ ചന്ദ്രാദികളും
താരതൻ നിരകളും
ആരോമൽ മക്കൾക്കായ് നീ
പാരിതിൽ ജ്വലിപ്പിച്ചു.
കണ്ണില്ലാ മക്കൾ പോലും
വിണ്ണിന്റെ മാർഗ്ഗംകാണാൻ
ഉൾക്കണ്ണായ് നിലകൊള്ളും
ഉലകിൻ പ്രഭ നീയേ!
അല്ലലിൽ ദുഃഖങ്ങളിൽ
അജ്ഞതാ പാശങ്ങളാൽ
ബന്ധിതരാകും ഞങ്ങൾ
സന്തതം തേടും നിന്നെ.
നന്മതൻ ജ്യോതി മന്നിൽ
നാൾക്കുനാൾ ജ്വലിച്ചീടാൻ
ദീപമേ കൃപാസ്നേഹം
ദാനമായ് നൽകുക, നീ!
കത്തെട്ടെന്‍ മനതാരിൽ
കാലത്തിൻ ചൈതന്യമേ!
എത്തട്ടാ ശോഭയെങ്ങും
ഏഴകൾക്കാശ്വാസമായ്.

തോമസ് കാവാലം.

By ivayana