രചന : മംഗളൻ കുണ്ടറ ✍️
മലയാളികളുടെ മാതൃഭൂമി
മനസ്സിലിടംകൊണ്ട നല്ലഭൂമി
മനുഷ്യന് ജീവിച്ചാൽ മതിവരില്ലാ
മതമൈത്രിയുള്ളൊരീ പുണ്യഭൂവിൽ!
മാവേലി വാണൊരു മലയാള നാട്
മനുജന്മാർ തുല്യരായ് ജീവിച്ച നാട്
മാനവികതയ്ക്കു പേരുകേട്ട നാട്
മയോളികൾക്കഭിമാനമാം നാട്!
കല്പവൃക്ഷങ്ങളാൽ കൈവന്ന നാമം
കലകളാൽ സമ്പുഷ്ടമാം കേരളം
കഥകളി തുളളൽ കൂടിയാട്ടങ്ങൾ
കവിതകൾ മഴയായ് ചെയ്യുന്നിടം!
വിശ്വസാഹിത്യ പ്രതിഭകളേകും
വിജ്ഞാനസമ്പുഷ്ടമാണീകേരളം
വിഖ്യാത ചലചിത്ര സാമ്രാട്ടുകൾ
വിനയാന്വിതരായി വാഴുന്നിടം!
കാതിന് കുളിരായ് കുയിൽപ്പാട്ടുകേൾക്കും
കായലോളങ്ങൾ കളകളം പാടും
കാനനഛായയ്ക്ക് ചാരുത ചാർത്തും
കാർമേഘച്ചേലയുടുക്കും മലകൾ!
സാന്ദ്രമൊഴുകും നദിക്കസവോലും
സാരിയണിയിക്കും പച്ചപ്പാടങ്ങൾ
സാഗരത്തിരകൾ പാദസ്സരങ്ങൾ
സഹ്യാദ്രിയിൽ തലചായ്ക്കും കേരളം!
മനതാരിലുണ്ടൊരു ജന്മം കൂടെ
മലയാളിയായി പിറന്നീടുവാൻ
മലകൾ പുഴകൾ പച്ചപ്പുമുള്ള
മലയാളക്കരയിൽ ജീവിക്കുവാൻ!
✍️