രചന : പവിത്രൻ തീക്കുനി ✍
ദൈവമേ
ഞാൻ അങ്ങയെ
വിശ്വസിക്കുന്ന
ഒരാളല്ല
വിശ്വാസി അല്ലാത്തതിനാൽ
അങ്ങയെ ധിക്കരിക്കുന്ന
ആളുമല്ല
ജീവിതത്തിലും
കവിതയിലും
എൻ്റെ ചോദ്യങ്ങൾക്ക്
നിയോഗങ്ങൾ
ഉത്തരങ്ങൾ തന്നിട്ടുണ്ട്
മറ്റാരുടെയും
വിശ്വാസങ്ങളെ
ചോദ്യം
ചെയ്യുക
എനിക്ക് പതിവില്ല
ഓരോ
മനുഷ്യരും
അവരുടെ
പൂജ്യങ്ങൾ
ദൈവത്തിൻ്റെ
വലതു വശത്ത്
ചേർത്തുവയ്ക്കയാവാം
ഞാൻ മരിക്കുവോളം
ഇടതുവശത്തും
അങ്ങയോട്
ഇപ്പോഴെൻ്റെ
ചോദ്യം
ഇതാണ്
നാലുവർഷമായി
ഞാൻ ഒരു മുറിയിൽ
ഒറ്റയ്ക്കാണ്
താമസം
കൂട്ടുകാർ
പുസ്തകങ്ങളാണ്
ഈ മുറിയുടെ
ഒറ്റജാലകം
തുറന്നാൽ
കാണുക
മനോഹരമായ
ഒരു കുഞ്ഞു വീടാണ്
വലിയൊരു വീടിൻ്റെ
വിരലാണത്
വലിയ വീട്ടുകാർ
വാടകയ്ക്ക്
കൊടുക്കുന്ന
അവരോട് ചേർന്ന
ചെറിയ വീട്
(മഹാകാവ്യത്തിലെ ഒരു സർഗം പോലെ)
നാലുവർഷത്തിന്നിടയിൽ
എത്രയോ കുടുംബങ്ങൾ
അവിടെ താമസിച്ചിട്ടുണ്ട്
എനിക്കവരെ
ജാലകത്തിലൂടെ
കാണുന്ന
പരിചയമേയുള്ളു
ഒരക്ഷരം പോലും
മിണ്ടിയിട്ടില്ല
എനിക്ക്
പുകവലി
ശീലമുള്ളതിനാൽ
ഞാൻ എപ്പോഴും
ഈ ഒറ്റജാലകം
തുറന്നിടും
ഞാൻ
അവരെ
കാണുന്ന വിധം
അവർ
എന്നെയും
കാണുമല്ലൊ
എന്ന് കരുതി
പരമാവധി
ഞാൻ എന്നെ ശ്രദ്ധിക്കാറുണ്ട്
നാലുവർഷങ്ങൾക്കിടയിൽ
അവിടെ വന്നുപോയവരുടെയെല്ലാം
മുഖങ്ങൾ എന്നിലുണ്ട്
കുറഞ്ഞ നേരത്തേക്ക്
ജീവിതത്തെ
അവിടേക്ക്
പറിച്ചുനട്ടവരാവാം
അവർ
കഴിഞ്ഞമാസം
അവിടെ
ഒരു കുടുംബം എത്തി
ജാലക കാഴ്ചയിൽ
പൂർണ്ണ വിശ്വാസികൾ
എന്നു തോന്നിക്കുന്നവർ
അടുക്കളയിലെ
ജോലി കഴിഞ്ഞ്
ഞാനെത്തുക
രാത്രി പത്തുമണിയാകും
കുളി
വായന
എഴുത്ത്
ഇടയിൽ എപ്പോഴെങ്കിലുമായി
അത്താഴം
(പലപ്പോഴും കഴിക്കാറില്ല / നല്ല വായന സാധ്യമായാൽ )
കഴിഞ്ഞ
ഒരു മാസമായി
ആ കുഞ്ഞു വീടിൻ്റെ
വരാന്തയിൽ
പാതിരാവോളം
ഒരു പെൺകുട്ടി
ഒറ്റയ്ക്കിരുന്നു
കരയുന്നു
കണ്ണുകൾ തുടയ്ക്കുന്നു
അവളുടെ
മടിയിൽ
ഒരു ചെറിയ കുഞ്ഞും
തട്ടം
കൊണ്ടവൾ
കുഞ്ഞിനെ
പുതപ്പിക്കുന്നുണ്ടെന്നും
താരാട്ട്
കണ്ണീരായി
പുതപ്പിലേക്ക്
വീഴുന്നുണ്ടെന്നും
ക്രമേണ മനസ്സിൽ എരിഞ്ഞു
കവിതയിലേക്ക്
അവളെ കൊണ്ടുവരാനുള്ള
സൂക്ഷ്മമായ
നിരീക്ഷണത്തിൽ
അവൾക്ക്
വലതു കയ്യ്
ഇല്ലെന്ന്
നെഞ്ചിൽ കൊടുങ്കാറ്റ്
വീശി
ഇന്നലെ
ആ വീട്ടിൽ വെളിച്ചം
കണ്ടില്ല
രാത്രിയുടെ മുഴുത്ത
ചില്ലയിൽ
കണ്ണീരുപുരണ്ട നിലാവും കണ്ടില്ല
ഇന്നും
അങ്ങനെ തന്നെ
പറയു
ദൈവമേ
അവളെവിടെ?
ആകുഞ്ഞ്
എവിടെ?
എൻ്റെ
ജാലകത്തിന്
അങ്ങ്
തീവെച്ചെതെന്തിനാണ് ?