രചന : റാണി ജോൺ പരുമല ✍
കഴിഞ്ഞൊരു ദിവസം ഞാനൊരു കല്യാണത്തിനു പോയി. മനോഹരമായ അന്തരീക്ഷം. വൈകുന്നേരമായിരുന്നു വിവാഹത്തിന്റെ സമയം.
പോകുന്ന വഴിയിൽ ഒരുപാട് പള്ളികളും അമ്പലങ്ങളും കൂറ്റൻ വീടുകളും സ്ഥാപനങ്ങളുമൊക്കെ തലയുയർത്തി നിൽക്കുന്നു.
ചില വീടുകളിൽ ചെടികളില്ലാത്ത മുറ്റം. മറ്റു ചിലയിടത്ത് നിറയെ പൂക്കൾ, ചിലയിടത്ത് ഇലച്ചെടികൾ മാത്രം.
ഒരു ദൈവാലയത്തിൽ സന്ധ്യാസമയത്ത് സന്ധ്യാനമസ്കാരത്തിനോ, കുർബാനയ്ക്കോ,പെരുന്നാൾ കുർബാനകൾക്കോ അല്ലാതെ വിവാഹത്തിനു നിൽക്കുന്നത് ആദ്യത്തെ അനുഭവമായിരുന്നു.
ഗുജറാത്തിലെ കല്യാണരാവുകളെ ഓർത്തു. പാട്ടും നൃത്തവുമായുള്ള ആഘോഷം.
ഒരു ചെറിയ മഴ പെയ്യും മുന്നേ ഒരു കാറ്റ് വീശി…
സാധാരണ കല്യാണസ്ഥലത്തെ കാറ്റിന് മുല്ലപ്പൂവിന്റെയും,
ഇറച്ചിയുടെയും,
മീനിന്റെയും അല്ലെങ്കിൽ ഏതെങ്കിലുമൊക്കെ ഭക്ഷണസാധനങ്ങളുടെ മണമായിരിക്കും.
പക്ഷേ, അവിടെ നിന്നപ്പോൾ കാറ്റെത്തിയത് കല്ലറയിൽ നിന്നായിരുന്നു.
പൂർവ്വികരോട് സൊറ പറഞ്ഞു വന്നതാണോയെന്ന് ഞാൻ ചോദിച്ചു.
മറുപടി പറയാതെ പോയി.
അവിടെ അഴുകി ഇല്ലാതായവരുടെ സ്വപ്നങ്ങൾ എന്തൊക്കെയായിരുന്നിരിക്കണം?
മാതൃകയുള്ള ജീവിതത്തിനൊടുവിൽ സുഖമായി വിശ്രമിക്കുന്നവർ….
മരിച്ചാലും ആരുടെയെങ്കിലുമൊക്കെ വാക്കിൽ നിത്യവും ജീവിക്കുന്നവർ!!!
അവിടെയും കാണില്ലേ, മനം മടുത്ത് ജീവിതം ഉപേക്ഷിച്ചവർ?
വാർദ്ധക്യത്തിന്റെ വിരസതയറിയാതെ നിന്നനിപ്പിൽ പോയവരുണ്ടാകില്ലേ?
നിത്യേന തിരി തെളിയുന്ന കല്ലറകൾക്കിടയിൽ ആരും തിരി തെളിക്കാനില്ലാത്ത കല്ലറകൾ ഉണ്ടാവില്ലേ?
ജീവിതം എന്തെന്നറിയും മുന്നേ പൊലിഞ്ഞു പോയ കുഞ്ഞുങ്ങൾ ഉണ്ടാവില്ലേ?
മക്കളുടെ പെട്ടന്നുള്ള വേർപാടിൽ ചങ്കുപൊട്ടി മരിച്ചവർ ഉണ്ടാവില്ലേ?
മക്കളുടെ മരണത്തെ പ്രത്യാശയോടെ കണ്ട മാതാപിതാക്കൾ ശാന്തമായി ഉറങ്ങുന്നുണ്ടാവില്ലേ?
പ്രിയപ്പെട്ടവരുടെ പെട്ടന്നുള്ള വേർപാടിൽ ദൈവത്തെ വെറുത്തുപേക്ഷിച്ചവരും കാണില്ലേ???
കൊള്ളരുതാഴ്മകൾക്കൊടുവിലെ ഒടുക്കത്തെപ്പോക്കിൽ തെമ്മാടിക്കുഴിക്കു പോലും വേണ്ടാത്തവരുറങ്ങുന്ന,പണക്കൊഴുപ്പിൽ വെള്ളപൂശിയ, മാർബിളിട്ട, ചങ്ങലയിട്ട കല്ലറകളിൽ ഉറങ്ങുന്നവരില്ലേ???
മരിച്ചു പോയവരുടെ മൗനത്തിന് വിലയുണ്ടോ???
ഉണ്ടെങ്കിൽ ഭൂമിയ്ക്ക് ഭാരമായ ഞാനെങ്ങനെയറിയും.
കബറുകൾ മനോഹരമാകട്ടെ!!!
ശുഭരാത്രി 💞💞💞