കെട്ടിയോൻ ചത്തതിൻ്റെ മൂന്നാപക്കമാണ് തെക്കെ കുഴിയിലേക്ക് കണ്ണ് നോക്കിയിരുക്കുന്ന ജാനകിയോട് രാജമ്മ ‘ആ ചോദ്യം ചോദിച്ചത് പോയവനോ പോയി നീ യിങ്ങനെ ഇരുന്നാൽ മതിയോ ജാനുവേ കൂടെ രണ്ട് കുഞ്ഞ് പിള്ളേരില്ലേഅവർക്ക് വിശപ്പ് മാറാനുള്ള വഴി കണ്ടെത്തെണ്ടേ. ജാനു രാജമ്മയെ മിഴിച്ചു നോക്കിയതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല. തന്റെ ഇരുപത്തിമൂനാം വയസിൽ രണ്ട് വീട്ടുകാരേം വെറുപ്പിച്ചു അതിയാന്റെ കൂടെ ഇറങ്ങി പോന്നതാണ്.

നാളിന്നു വരെ അല്ലലെന്തെന്നു അറിയിച്ചിട്ടില്ല. പിള്ളേര് രണ്ടായി. ഇത്രപെട്ടെന്ന് എന്നെ തനിച്ചാക്കി പോകുമെന്ന് ഓർത്തില്ല. ഇനി ആരാണ് ഒരു തുണ എനിക്കും പിള്ളേർക്കും. നിറഞ്ഞു വന്ന മിഴിനീര് മുണ്ടിന്റെ കോന്തലകൊണ്ട് ഒപ്പിയെടുത്തു ജാനു. ” നീ ഇങ്ങനെ വിഷമിച്ചിരുന്നിട്ട് എന്ത് ചെയ്യാനാണ് പെണ്ണെ. അതുങ്ങളെ വളർത്തി എടുക്കണ്ടേ. ” അകത്തെ തിണ്ണയിൽ ചടഞ്ഞിരിക്കുന്ന പിള്ളേരെ നോക്കി രാജമ്മ വീണ്ടും ചോദിച്ചു. “ശെരിയാ രാജമചേച്ച്യേ. പക്ഷേങ്കി ഒന്നും പറ്റണില്ലല്ലോ. അങ്ങേരു ആയിരുന്നില്ലേ കുടുംബത്തിന്റെ നേടുംതൂണ്.

ഞാനും എന്റെ പിള്ളേരും ഇനി എങ്ങനെ ജീവിക്കും ” ജാനു പിന്നേം കരയാൻ തുടങ്ങി. ” നീ ഇങ്ങനെ തളർന്നു പോകരുതെന്റെ ജാനുവേ. അതിങ്ങൾക്കിനി നീയേ ഉള്ളു. വീട്ടാരാരും സഹായിക്കാൻ വരുമെന്ന് കരുതണ്ട. ആദ്യം നീ ഒന്ന് എഴുന്നേൽക്കു ഇവിടന്നു. കുറച്ചു കഞ്ഞി കൊണ്ടുവന്നു വെച്ചിട്ടുണ്ട് ഞാൻ. പിള്ളേർക്കും കൊടുക്ക് നീയും കുടിക്ക്. നേരം വൈകി ഞാൻ പോണേണ്. ” പറഞ്ഞു കൊണ്ട് രാജമ്മ നടന്നു നീങ്ങി. ഉടുത്തിരുന്ന മുണ്ടുകൊണ്ടു തന്നെ മുഖമൊന്നു തുടച്ചു ജാനു അകത്തേക്ക് നടന്നു.

രണ്ട് കിണ്ണമെടുത്തു കഞ്ഞി വിളമ്പി മക്കക്ക് കൊടുത്തു. കഞ്ഞികുടിപ്പിച്ചു അവരെ കഴുകിച്ചു അകത്തു കൊണ്ടുവന്നു ഇരുവശവും കിടത്തി ജാനും കിടന്നു. അതിയാൻ മരിച്ചിട്ട് എന്റെ വീട്ടീന്നോ അതിയാതെന്റെ വീട്ടിന്നോ ആരും തിരിഞ്ഞു പോലും നോക്കില്ല. മരണമറിയിച്ചു ചെന്നോരേം ആട്ടിപ്പായിച്ചു ന്നാ വറീത് ചേട്ടൻ പറഞ്ഞെ. “അമ്മാ. അമ്മ ഒന്നും കഴിച്ചില്ലല്ലോ. ” മൂത്തവൻ രവി ചോദിച്ചു. ആ എട്ടുവയസുകാരന്റെ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്. “അമ്മക്ക് ഒന്നും വേണ്ട മോനെ ” അവനെ അവൾ ഒന്നുകൂടി ചേർത്തു കിടത്തി ” അമ്മാ. അച്ഛൻ എവിടെ അമ്മാ. ഇന്നും വന്നില്ലല്ലോ ” നാലുവയസുകാരന്റെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നിൽ ജാനു വിതുമ്പിപ്പോയി. രണ്ടു മക്കളെയും ചേർത്തു പിടിച്ചു പൊട്ടിക്കരഞ്ഞു. “അച്ഛൻ ദൈവത്തിന്റെ അടുത്തു പോയിരിക്കുവാ വരും മക്കളെ ” നിലവിളിച്ചു കൊണ്ടവൾ പറഞ്ഞുകൊണ്ടിരുന്നു.

രാജമ്മയാണ് പറഞ്ഞത് ഗോപാലൻചേട്ടന്റെ വീട്ടിൽ ഒരു പശുവിനെ കൊടുക്കാൻ ഉണ്ടെന്ന്. എത്രയെന്നു വെച്ച സങ്കടപ്പെട്ട് ഇരിക്കുന്നെ. പിള്ളേരുടെ മുഖം കാണുമ്പോ ആണ്. അവരെന്തു പിഴച്ചു. ജീവിക്കണം അവർക്ക് വേണ്ടി ജീവിക്കണം. ആലോചനക്കിടയിൽ ഗോപാലൻചേട്ടന്റെ വീടെത്തിയത് അറിഞ്ഞില്ല. “അല്ല ആരിത് ജാനുവോ. എന്താ ഈ വഴിയൊക്കെ.””അതിയാൻ പോയേപ്പിന്നെ കുടുംബം പട്ടിണിയാണ്. പിള്ളേര് വിശന്നു കരയുന്നത് കാണാൻ വയ്യ””ആം സങ്കടപ്പെടേണ്ടെന്റെ ജാനുവേ. വിധിയാണെന്ന് കരുത്. എന്തേലും ഒരു വഴിയുണ്ടാകും””ഗോപാലൻചേട്ടന്റെ ഒരു പശുവിനെ വിൽക്കാൻ നിർത്തിയിരിക്കുവാണെന്ന് ജാനമ്മ പറഞ്ഞു. എന്റെൽ കാശ് കുറവാണ്. അതിനെ നിക്ക് തന്ന നിക്ക് ഒരു വരുമാനം ആവും. ബാക്കി പൈസ ഞാൻ എങ്ങനേലും തന്നു തീർത്തോളാം””അയ്യോ ന്റെ ജാനുവേ അതിനെ കൊണ്ട് ഒരു ഗുണവും ഇല്ല. പാലും കുറവ്. ഉള്ള പുല്ലും വൈക്കോലും തീരുന്നതല്ലാതെ ഇങ്ങോട്ട് ഒന്നും തരുന്നില്ല. തന്നേമല്ല അതിനൊരു കണ്ണ് കാണില്ല.

വല്ല അറവുകാർക്കും കൊടുക്കാൻ നിർത്തിയിരിക്കുവാ. നിനക്ക് അതിനെ കൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ല “തൊടിയിൽ നിക്കുന്ന പശുവിന്റെ നേർക്ക് ജാനു നോക്കി. പാവം ഒരു മിണ്ടാപ്രാണി. ആഹാരത്തിന്റെ കുറവാണെന്നു തോന്നുന്നു എല്ലുന്തി. കണ്ണ് കാണാൻ വയ്യാത്ത പാവം. മരണം ഇന്നോ നാളെയോ എന്ന് കാത്ത് നിക്കുന്നത് കണ്ട് ജാനുവിന് സങ്കടം വന്നു. “ഒരു മിണ്ടാപ്രാണി അല്ലെ ഗോപാലൻചേട്ടാ. അറവുകാർക്ക് കൊടുക്കുന്നേൽ നല്ലത് എനിക്ക് തന്നൂടെ. ഞാൻ നോക്കിക്കോളാം””അതിനെ വിലപറഞ്ഞു നിർത്തിയിരിക്കുവാ. കൊണ്ടോവാൻ ആളിപ്പോ വരും “ജാനുവിന്റെ തലകുനിഞ്ഞു. ആ പ്രതീക്ഷയും ഇല്ലാതായല്ലോ. തോലത്തിട്ട തോർത്തിന്റെ തുമ്പു കൊണ്ട് മൂക്കുപിഴിഞ്ഞു സങ്കടത്തോടെ തിരിച്ചു നടക്കുന്ന ജാനുവിനെ നോക്കിയപ്പോ ഗോപാലൻചേട്ടനും വിഷമമായി. “നിക്ക് ജാനുവേ “പെട്ടന്ന് തന്നെ ജാനു നിന്നു. തിരിഞ്ഞു നോക്കി. “അല്ലെ ഇതിനെ നീ കൊണ്ടുപോക്കോ. ഉള്ള പൈസ തന്നാൽ മതി. ഒന്നോർത്ത അറവുകാർക്ക് കൊടുക്കണേലും ഭേതമല്ലേ “നിറഞ്ഞ മിഴികളോടെ ഗോപാലൻചേട്ടനെ നോക്കി ജാനു കൈതൊഴുതു.

“അമ്മ പോയിട്ട് ഏറെ നേരമായല്ലോ എട്ടായി “”അമ്മ ഇപ്പൊ വരുമെടാ “രവി പറഞ്ഞത് കേട്ട് രാമൻ പിന്നെയും വഴിക്കണ്ണുമായി ഇരുന്നു. പശുവിന്റെ കയറും പിടിച്ചു നടന്നുവരുന്ന ജാനുവിനെ കണ്ട് മക്കള് രണ്ടാളും ഓടിച്ചെന്നു. “അമ്മാ ഇത് ആരുടെ പശു ആണമ്മ ” രാമൻ ചോദിച്ചു. “ഇത് നമ്മടെ പശുവാണ് മക്കളെ “ജാനുവിന്റെ മറുപടി കേട്ട് പിള്ളേര് തുള്ളിച്ചാടാൻ തുടങ്ങി. മൂത്തവൻ അതിനെ തൊടാനും പിടിക്കാനുമൊക്കെ നോക്കുന്നുണ്ട്. മറ്റവൻ ഇത്തിരി മാറിയാണ് നിക്കുന്നെ. പേടിച്ചിട്ടാ. ജാനു പശുവിനെ മുറ്റത്തെ മാവിന്റെ ചുവട്ടിൽ കൊണ്ടുവന്നു കെട്ടി. “ഹായ് അമ്മ നല്ല ഭംഗി ഉണ്ടല്ലേ അമ്മ””നിക്ക് പേടിയാവുന്നുണ്ട് ചേട്ടായി “”നിയ്യ് എന്തിനാ പേടിക്കണേ രാമാ. ഇത് നമ്മടെ പശുല്ലേ ഒന്നും ചെയ്യൂല്ല.ഇയ്യ് ഇങ്ങോട്ട് വന്നേ ഒന്ന് തൊട്ടുനോക്കിയേ “രവി രാമന്റെ കൈപിടിച്ച് വലിച്ചു. അവൻ പേടിച്ചു കുതറി ഓടിക്കളഞ്ഞു.

അതുകണ്ടു രവി പൊട്ടിച്ചിരിച്ചു. പിള്ളേരെ അകത്തേക്ക് പറഞ്ഞു വിട്ട് ജാനു തെക്കേ തൊടിയിലേക്ക് നടന്നു. കെട്ട്യോനെ കുടിമാടത്തിനു മുന്നിൽ മുട്ടുകുത്തിയിരുന്നു വിതുമ്പി. “ന്നേം നമ്മടെ പിള്ളേരേം ഒറ്റക്കാക്കി പൊയ്ക്കളഞ്ഞില്ലേ. ” ജാനു ഓരോന്നെ ഓർത്തോർത്തു വിതുമ്പിക്കൊണ്ടിരുന്നു. “നീ ഇങ്ങനെ കരയല്ലേ ന്റെ ജാനുവേ. എനിക്കിവിടെ ഒരു സമാധാനവും കിട്ടില്ല. നീയും പിള്ളേരും സന്തോഷത്തോടിരുന്നാലേ നിക്കും സമാധാനം കിട്ടൂ. ” ചെവിയുടെ അടുത്തു കെട്ട്യോനെ ഒച്ചകേട്ടു ജാനു തിരിഞ്ഞു നോക്കി. “തോന്നിയതായിരുന്ന. നിക്ക് അറിയാം മനുഷ്യ. നിങ്ങക്ക് ഞങ്ങളെ വിട്ടെങ്ങോട്ടും പോകാൻ പറ്റില്ല ന്ന്. ആ പറയാൻ വന്ന കാര്യം മറന്നു. ദേണ്ടെ ഒരു പശുവിനെ വാങ്ങി.

പാല് കുറവാണെന്ന ഗോപാലൻചേട്ടൻ പറഞ്ഞത്. പാവത്തിന് ഒരു കണ്ണ് കാണില്ല. അറവുകാർക്ക് കൊടുക്കാൻ നിർത്തിയേക്കുവാന്ന് പറഞ്ഞപ്പോ സഹിച്ചില്ല.നമ്മടെ കഷ്ടപ്പാട് കണ്ട് എന്നോട് കൊണ്ടൊക്കോന്ന് പറഞ്ഞു. കിട്ടണകൊണ്ട് പിള്ളേരുടെ പള്ളനിറക്കാൻ പറ്റിയാൽ മതി” ജാനു എഴുന്നേറ്റ് അകത്തേക്ക് നടന്നു. അത്താഴത്തിനു കഞ്ഞി വിളമ്പിയപ്പോ രാമു ചോദിച്ചു ” അമ്മാ പശൂന്റെ പേരെന്താ അമ്മാ “”പേരൊന്നും അറിയില്ല””നമുക്കൊരു പേരിട്ടാലോ അമ്മാ. നമക്കവളെ നന്ദിനി ന്ന് വിളിക്കാം അമ്മ” രവി പറഞ്ഞത് കേട്ടു ജാനു പുഞ്ചിരിച്ചു. പശുവിനു കൊടുക്കാനുള്ള കഞ്ഞിവെള്ളവും ഇത്തിരി പച്ചപ്പുല്ലും എടുത്തു ജാനു പോകുന്ന കണ്ട് പിള്ളേരും പുറകെ കൂടി. വെള്ളം മുഴുവൻ കുടിച്ചു കഴിഞ്ഞപ്പോ കൊണ്ടുവന്ന പുല്ലുകൂടി ഇട്ട് കൊടുത്തു ജാനു സ്നേഹത്തോടെ അതിന്റെ തലയിൽ തടവിക്കൊടുത്തു. “നന്ദിനി ” സ്നേഹത്തോടെ ഉള്ള വിളികേട്ടു നന്ദിനി തലകുലുക്കി ഇഷ്ടം അറിയിച്ചു.

നന്ദിനിക്കുള്ള പുല്ലരിഞ്ഞുകൊണ്ടിരുന്നപ്പോ ആണ് രാജമ്മ അതുവഴി വന്നത്. “അല്ല ജാനുവേ നീ ഇതെന്തെടുക്കുവാ “”ആ ചേച്ച്യേ. ഞാൻ നന്ദിനിക്ക് ഇത്തിരി പുല്ലെടുക്കാൻ വന്നതാണ്. “”നന്നായി നീ പുറത്തേക്കൊക്കെ ഒന്ന് ഇറങ്ങാൻ തുടങ്ങിലോ. എത്രയാ ന്ന് വെച്ച വീട്ടിൽ തന്നെ ചടഞ്ഞു ഇരിക്കുന്നത്. പിള്ളേര് എന്തിയെടി “”രവി ഉസ്കൂളിൽ പോയി ചേച്ച്യേ. മറ്റവനെ അംഗനവാടി കൊണ്ടാക്കി. മൂത്തവൻ ആരും പറയണ്ട തനിയെ പഠിച്ചോളും. ഇളയവന്റെ കാര്യമാണ് പാട്. “” അതൊക്കെ ശെര്യാക്കോളും ന്റെ ജാനുവേ.അവര് വലുതാകുമ്പോ നിനക്കൊരു നല്ല ജീവിതം കിട്ടും”ജാനു ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്യ്തു പുല്ലും വാരി കെട്ടി വീട്ടിലേക്കു നടന്നു. രണ്ട് ദിവസം മുന്നേ ആണ് നന്ദിനിക്കുള്ള തൊഴുത്ത് കെട്ടിയത്. അതുവരെ അവള് ആ മാവിന്റെ ചോട്ടിലും തൊടിയിലുമൊക്കെയായിരുന്നു.

കൊണ്ടുവന്ന പുല്ലിന്നു കുറച്ചെടുത്തു നന്ദിനിക്ക് കൊടുത്ത് അവളുടെ തലയിൽ മെല്ലെ തടവി “നന്ദിനിയെ നാളെ മുതല് നിന്നെ കറക്കാൻ പോവാ ട്ടോ. ന്റെ പിള്ളേർക്ക് പള്ളനിറക്കാൻ ഉള്ളത് നീ ഇതിനു തരണേ. ” സമ്മതമറിയിക്കാൻ എന്നോണം നന്ദിനി ഒന്നമറി. പുലർച്ചെ നാലര മണിക്ക് എഴുന്നേറ്റു തൊഴുത്തിലേക്ക് ചെന്നു അവിടമൊക്കെ വൃത്തിയാക്കി. നന്ദിനിയെ കുളിപ്പിച്ചു കറക്കാൻ ഇരുന്നു ” നന്ദിനിയെ നിക്ക് ഇതൊന്നും അത്ര വശമില്ല ട്ടോ. വേദനിച്ചാൽ പറയണേ “ഞാനും നന്ദിനിയെ കറക്കാൻ തുടങ്ങി. ” ന്റെ നന്ദിനി ഇത് കുറച്ചേ ഉള്ളു ല്ലോ. സാരമില്ല നാളെ നിനക്ക് ഇത്തിരി നല്ല പുല്ല് കൊണ്ടേ തരാം.” കറന്നെടുത്ത പാലും പാത്രത്തിലാക്കി പാൽസൊസൈറ്റിലേക്ക് നടന്നു.

പാലളന്നു കൊടുത്തു തിരിച്ചു വരുന്ന വഴി കണ്ട കടയിൽ കയറി കുറച്ചു കപ്പലണ്ടിപ്പിണ്ണാക്കും വാങ്ങി. ” ഇത് എന്തായലും നന്ദിനിക്ക് ഇഷ്ടമാകും “ദൃതിയിൽ വീട്ടിലേക്കു നടന്നു. പിള്ളേര് എഴുന്നേറ്റില്ലേ ഇതുവരെ. ” എടാ രവി.. രാമാ.. എഴുന്നേൽക്കു നേരം എത്രയായി ന്ന് അറിയോ. എടാ എഴുന്നേൽക്കാൻ ” പിള്ളേരെ വിളിച്ചുണർത്തി കുളിക്കാൻ പറഞ്ഞ്‌വിട്ടു വേഗം അടുക്കളയിൽ കയറി. അവര് കുളിച്ചു വന്നപ്പോഴേക്കും ദോശചുട്ടു ചമ്മന്തിയും എടുത്തു കഴിക്കാൻ കൊടുത്തു പിന്നേം അടുക്കളയിലേക്ക് തിരിഞ്ഞു. നന്ദിനിയുടെ പാല് കൊടുത്തു കിട്ടുന്നത് കൊണ്ട് മാത്രം പോരാ. ഒന്ന് രണ്ട് വീട്ടിലെ ജോലികൾ കൂടി ഏറ്റിട്ടുണ്ട്. പിള്ളേരെ ആക്കിയിട്ടു വേണം അങ്ങൊട്ട് പോകാൻ.

പിള്ളേരേം ഒരുക്കി വാതിൽ പൂട്ടി വേഗം ഉറങ്ങി. നന്ദിനിയെ തൊഴുത്തിൽ നിന്ന് മാറ്റിക്കെട്ടി. ” നന്ദിനി അമ്മ പോയേച്ചും വേഗം വരാം ട്ടോ നല്ല എന്തേലുമൊക്കെ തപ്പി തിന്ന് നീ വരുമ്പോ കുറച്ചു പുല്ലു കൊണ്ടേ തരാം ട്ടോ ” കൊണ്ടുവന്നപ്പോ ഉണ്ടായിരുന്ന ക്ഷീണം ഒക്കെ മാറി നന്ദിനി സുന്ദരിയായിട്ടുണ്ട്. നന്ദിനിയുടെ നെറ്റിയിലെ വെളുത്ത പാടിൽ മുത്തിയിട്ട് പിള്ളേരുടെ കൈയും പിടിച്ചു വേഗത്തിൽ നടന്നു. ” വേഗം നടക്കു മക്കളെ. നേരം വൈകി ” രവിയെ സ്കൂളിലാക്കി തിരിച്ചു വരുന്ന വഴി രാമനെ അങ്കണവാടിയിലും ആക്കി പണികളേറ്റ വീട്ടിലേക്കു ജാനു പോയി.

മാസങ്ങൾക്ക് ശേഷം ഒരു ദിവസം… നന്ദിനിയുടെ കരച്ചിൽ കേട്ട് അടുക്കളയിൽ ആയിരുന്ന ജാനു വേഗം പുറത്തേക്ക് ഓടി. പ്രസവം അടുത്തിരിക്കുകയാണ് അവൾക്ക്.”മോളെ നന്ദിനി എന്ത് പറ്റിയെടി. വേദന എടുക്കുന്നുണ്ടോ സാരമില്ല ഇപ്പൊ കഴിയും “പ്രസവ വേദനയാണ് അവൾക്ക്. ദൈവമേ എന്റെ നന്ദിനിക്ക് ഒന്നും വരുത്തരുതേ. നന്ദിനിയുടെ വീർത്ത വയറിൽ തടവിക്കൊണ്ട് ജാനു ദൈവത്തോട് പ്രാർത്ഥിച്ചു. വൈകിട്ട് കുട്ടികൾ സ്കൂൾ വിട്ട് വന്നപ്പോഴാണ് ആ കാഴ്ച കണ്ടത്. സന്തോഷംകൊണ്ട് ഇരുവരും തുള്ളിച്ചാടി.”ദേ ഏട്ടാ നോക്കിയേ. നമ്മുടെ നന്ദിനിടെ അടുത്തു ഒരു പൈക്കിടാവ്’രാമൻ പറഞ്ഞത് കേട്ടു ഇരുവരും പൈക്കിടാവിന്റെ അടുത്തേക്ക് ഓടിച്ചെന്നു തോന്നും നോക്കാൻ തുടങ്ങി.

പൈക്കിടാവ് വഗം തന്നെ പിള്ളേരോട് കൂട്ടായി. അവരുടെ സ്നേഹം കണ്ട് നന്ദിനി അവരെ നക്കിത്തുടച്ചു. “രവി…. രാമാ… രണ്ടാളും വന്നവഴി അവിടെ തന്നെ നിക്കുവാണോ. ഇവിടെ വാ. “”അമ്മാ പൈക്കിടാവ് പെണ്ണാണോ ആണാണോ അമ്മാ. ” രവി അകത്തേക്ക് നടക്കുന്നതിനിടയിൽ തിരക്കി “ഏട്ടാ അത് ആണ് ആവും. അല്ലെ അമ്മാ “”ആണ് മോനെ. കാളക്കുട്ടി ആണ് “”നമുക്കവന് മണിക്കുട്ടൻ എന്ന് പേരിടാംമാ. “”ആം അങ്ങനെ ഇടാം “പിന്നീടുള്ള ദിവസങ്ങളിൽ നന്ദിനി നന്നായി പാല് ചുരത്തി. അയൽവക്കത്തെ കുറച്ചു വീടുകളിലും പാല് സൊസൈറ്റിയിലും പിള്ളേർക്ക് കുടിക്കാനുമുള്ള പാലും നന്ദിനി തന്നിരുന്നു. സ്കൂൾ വിട്ടുവരുന്ന വൈന്നേരങ്ങളിൽ രവിയും രാമനും മണിക്കുട്ടനോടൊപ്പമായി കളിചിരികൾ. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ കാളകുട്ടനായത് കൊണ്ട് മണികണ്ഠനെ വിൽക്കേണ്ടി വന്നു. കയറു പിടിച്ചു അവനെ കൊണ്ടുപോകുന്നതുകണ്ടു കുട്ടികൾ വാവിട്ടു കരഞ്ഞു. ഇതിനകം വല്ലാത്തൊരു ആത്മബന്ധം അവരിൽ ഉടലെടുത്തിരുന്നു.

നാളുകൾക്ക് ശേഷം ഇന്നീ വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോ ജാനുവിന്റെ ഓർമ്മകൾ പുറകോട്ട് സഞ്ചരിച്ചു. പഠിത്തമൊക്കെ രവി ഒന്നാംതരത്തിൽ തന്നെയാണ് പാസായത്. ജോലികിട്ടി പുറം രാജ്യത്തേക്ക് പോകുമ്പോഴും ഇളയവൻ പഠിക്കുകയായിരുന്നു. നന്ദിനിയുടെ പാല് വിറ്റു കിട്ടിയ പൈസയും അല്ലറചില്ലറ പുറംപണികളും എടുത്തു പട്ടിണിയിൽ മുണ്ടുമുറുക്കി ഉടുത്താണ് പിള്ളേരെ ഈ കാണുന്ന നിലയിലേക്ക് എത്തിച്ചത്. രാമുവിന്റെ പഠിത്തമൊക്കെ കഴിഞ്ഞു രവി അവനേം കൂടി കൂടെ കൊണ്ടോയി. രണ്ടാളേം കല്യാണം കഴിഞ്ഞു അവർക്കും പിള്ളേരൊക്കെ ആയി. അവരും അങ്ങ് ദുബായിലാണ്. ജാനുവിനെ കൂടെ വിളിച്ചെങ്കിലും പോയില്ല. കെട്ട്യോൻ ഉറങ്ങുന്ന മണ്ണുവിട്ടു എങ്ങോട്ടും പോകാൻ ജാനു കൂട്ടാക്കിയില്ല. തൊടിയിൽ നന്ദിനിയുടെ കരച്ചിൽ കേട്ടാണ് ജാനു അങ്ങോട്ട് നോക്കിയത്.

അവളുടെ പൈക്കിടാവ് ഓടി വരുന്നുണ്ടായിരുന്നു. അത് വന്നു ജാനുവിനെ മുട്ടി നിന്നു. “മണിക്കുട്ടിയെ ഇന്ന് രവിയും രാമുവും മരുമക്കളും പിള്ളേരുമൊക്കെ വരുവാ. അവുടുത്തെ ജോലിയൊക്കെ നിർത്തി പോരാ രണ്ടാളും. ഇവിടെ ഇവിടെ ഉണ്ടാകും എല്ലാരും. ആകെ ഒരു മേളം ആവും. നന്ദിനിയെ നീ ഇത്തിരി പാല് കൂടുതൽ തരണേ.. ല്ലാരും ഉള്ളെ അല്ലെ.”മുറ്റത്തേക്ക് വന്നു നിന്ന കാറുകൾ കണ്ട് ജാനുവിന്റെ കണ്ണ് നിറഞ്ഞു. കാറിൽ നിന്നിറങ്ങിയ മക്കളേം മരുമക്കളേം കണ്ട് ജാനു ഓടിച്ചെന്നു. ” എന്റെ മക്കളെ” സന്തോഷം കൊണ്ട് നിറഞ്ഞ മിഴികൾ ഒപ്പിക്കൊണ്ട് മക്കളെ ചേർത്തു പിടിച്ചു. മരുമക്കളേം പേരക്കിടാങ്ങളേം കൂട്ടി ജാനു അകത്തേക്ക് നടന്നു. ആഴ്ചകൾ വേഗം കടന്നു പോയി. പിള്ളേര് നാടുമായിട്ട് വേഗമിണങ്ങി. ഒരു ദിവസം പിള്ളേര് മുറ്റത്തു മണികുട്ടിയുമായി ഓടിക്കളിക്കുന്നത് നോക്കിയിരിക്കുവായിരുന്നു ജാനു. മക്കള് വന്നു അടുത്തിരുന്നപ്പോൾ തലതിരിച്ചു മക്കളോടായി പറഞ്ഞു.

” നിങ്ങളും ഇതുപോലെ അല്ലായിരുന്നോ. മണിക്കുട്ടന്റേം നന്ദിനിയുടെയും കൂടെ ഓടി കളിക്കണതും ഇന്നലെ പോലെ നിക്ക് ഓർമ്മ ഉണ്ട്. “”അമ്മ ഇപ്പൊ നന്ദിനിയെ കറക്കുന്നുണ്ടോ അമ്മ “രവി തിരക്കി ” അയലോക്കത്തെ രണ്ട് മൂന്ന് വീടുകളിൽ കൊടുക്കാനുള്ളത് കിട്ടും അത്രതന്നെ. പിള്ളേരൊക്കെ വന്നതുകൊണ്ട് ഇപ്പൊ അവിടെ കൊടുക്കാറില്ല. ഇവിടെ തന്നെ എടുക്കും “”നന്ദിനിക്ക് പ്രായം ആയില്ലേ അമ്മാ അതാണ്. ഇനി കൂടുതൽ പാലൊന്നും കിട്ടാൻ പോകുന്നില്ല. നാളെ ആ രാഘവൻ ചേട്ടൻ വരും നന്ദിനിയെ കൊണ്ടുപോകാൻ “രാമു പറഞ്ഞത് കേട്ടു ജാനു ഞെട്ടിത്തിരിഞ്ഞു മക്കളെ നോക്കി. “എന്തിനാ നന്ദിനിയെ കൊണ്ടുപോകുന്നത്. ആർക്കും കൊടുക്കുന്നില്ല ഇപ്പൊ അവളിവിടെ നിക്കട്ടെ. “”അതിനെ കൊണ്ട് വല്യ ഉപകാരമൊന്നും ഇല്ല ഇപ്പൊ. പാലും തരുന്നില്ല. പുല്ലിനും വൈക്കോലിനും ഉള്ള കാശു കളയുന്നത് മിച്ചം “”അതിന്റെ കണക്കൊന്നും നിങ്ങള് പറയരുത്.

അവളുടെ പാല് വിറ്റു കിട്ടിയ കാശുകൂടി കൊണ്ടാണ് നിങ്ങൾ ഈ കാണുന്ന നിലയിൽ എത്തിയത്. മറക്കരുത് മക്കളെ”ജാനു കണ്ണുതുടച്ചു. “നിങ്ങൾ എന്നെ ഒറ്റക്കായി നിങ്ങളുടെ മേച്ചിൽ പുറങ്ങൾ തേടിപ്പോയപ്പോഴും എനിക്ക് ഇവിടെ ഒരു കൂട്ട് അവള് മാത്രമായിരുന്നു. ന്റെ കണ്ണടയുന്ന കാലത്തോളം അവളെ ആർക്കും വിക്കാൻ ഞാൻ സമ്മതിക്കില്ല.”” അമ്മ ഒന്നും പറയണ്ട. അതൊക്കെ കഴിഞ്ഞു പൊയ കാര്യങ്ങളാണ്. ഇനി ഇതിങ്ങനെ ഒരു അപശകുനമായിട്ട് ഇവിടെ വേണ്ട.. കണ്ടില്ലേ കോലംകെട്ടു. നാളെ രാഘവൻ ചേട്ടൻ വന്ന്കൊണ്ടുപോകും ” രാമൻ പറഞ്ഞു ” അതിനെ വിറ്റിട്ട് ആ തൊഴുത്തു നിൽക്കുന്ന ഭാഗം ഒന്ന് ക്ലീൻ ചെയ്യ്തു അവിടൊരു കാർപോർച്ച് പണിയാൻ. എന്തൊരു മണമാണ് ഇവിടെ ചാണകത്തിന്റെ ഒക്കെ. ” രവി മൂക്ക് പൊത്തിക്കൊണ്ട് പറഞ്ഞത് കേട്ടു ജാനുവിന് സങ്കടം സഹിച്ചില്ല.”പഴയതൊന്നും മറക്കരുത് മക്കളെ “മിഴികൾ തുടച്ചു കൊണ്ട് ജാനു അകത്തേക്ക് നടന്നു. കട്ടിലിൽ ചെന്ന് കിടന്നു.

എങ്ങനെ ആണ് മക്കളെ നിങ്ങൾക്ക് ഇങ്ങനയെക്കൊക്കെ ചിന്തിക്കാൻ പറ്റുന്നത്. കുട്ടികളായിരുന്നപ്പോ നന്ദിനിയോട് എന്ത് സ്നേഹമായിരുന്നു. ഇപ്പൊ പണം നിങ്ങളുടെ കണ്ണ് മഞ്ഞളിയിച്ചോ. എനിക്കാവില്ലത്തിനു നന്ദിനി ഇല്ലാത്തൊരു വീട് എനിക്ക് ചിന്തിക്കാൻ പോലുമാവില്ല. ഓർമ്മകളുടെ തീരത്തുവെച്ചു ജാനു മയക്കത്തിയേക്ക് വഴുതി വീണു. പിറ്റേദിവസം രാഘവൻചേട്ടൻ വന്നു. രാമൻ തൊഴുത്തിൽ നിന്നും നന്ദിനിയെയും മണികുട്ടിയുടെയും കയറുകളഴിച്ചു കൊണ്ടുവന്നു അങ്ങേരെ ഏൽപ്പിച്ചു. പറഞ്ഞു ഉറപ്പിച്ച കാശും എണ്ണി വാങ്ങി കീശയിൽ ആക്കി. തന്നെ ഇവിടുന്നു കൊണ്ടുപോകാൻ വന്നതാണ് ആ മനുഷ്യൻ എന്ന് മനസിലാക്കി നന്ദിനി ചുറ്റുമൊന്നു നോക്കി. തന്റെ എല്ലാം എല്ലാമായ ആ മുഖം ഒരിക്കൽ കൂടിയൊന്നു കാണാൻ.നന്ദിനിയെ എന്ന വിളികേക്കാൻ. തലകുടഞ്ഞു തന്റെ സമ്മതക്കുറവ് അറിയിച്ചു നോക്കി നന്ദിനി. പക്ഷെ ആരും നോക്കിയില്ല. രാഘവൻ ചെട്ടന്റെ കൂടെ ആ പടികടന്നു ഇറങ്ങിയപ്പോൾ ആ മിണ്ടാപ്രാണിയുടെ മനസും നൊന്തിരുന്നു.. എന്നാൽ ആ വലിയ വീടിന്റെ അകത്തെ മുറിയിൽ ഇതൊന്നും കാണാനാവാതെ ജാനുവിന്റെ ജീവൻ നേരത്തെ പടിയിറങ്ങിയിരുന്നു.

സായ ജെറി സാമുവൽ

By ivayana