ചിങ്ങം വെളുത്തെടീ പെണ്ണാളേ കതിര്‍
കൊയ്യുവാന്‍ പോകണ്ടേ കണ്ണാളേ,
പാട്ടൊന്നു പാടണ്ടേ,കറ്റമെതിക്കണ്ടേ,
കൂലിക്കിടങ്ങഴി നെല്ലു വാങ്ങേണ്ടേ?
അന്തിക്കതിരവന്‍ ചെഞ്ചായം പൂശുമ്പോ-
ളന്തിക്കള്ളിത്തിരി മോന്തീടണ്ടേ?
താളംപിടിക്കണം, വെറ്റമുറുക്കണം
നേരം വെളുക്കുന്നു കുഞ്ഞിപ്പെണ്ണേ .
കുട്ടത്തിപ്പെണ്ണിനു കുപ്പിവള വേണം
കൊച്ചുകിടാത്തനു കുപ്പായവും ,
അമ്മയ്ക്കുടുക്കാന്‍ കൈലിവേണ്ടേ , പിന്നെ
നിന്റപ്പനു മുണ്ടൊന്നു വാങ്ങണ്ടേ പെണ്ണേ ?
നാലഞ്ചു കറിയെന്നു കുട്ട്യോളേക്കാട്ടണ്ടേ ,
നാലുനാളെങ്കിലുമത്താഴവും വേണ്ടേ,
നാറാത്ത, കീറാത്ത ചേലവേണ്ടേ പെണ്ണേ,
നാലാളു കാണെ നമുക്കും നടക്കണ്ടേ ?
ഹാ,കഷ്ടമെന്തിന്നു മാരനെ നിങ്ങള്‍ ,
സ്വപ്നങ്ങള്‍ വല്ലതും കണ്ടിരുന്നോ ?
വയലില്ല, വിതയില്ല, കതിരെങ്ങുമില്ലിന്നു
വയലിന്റെ മക്കള്‍ക്കു പഷ്ണിതന്നെ .
അന്തിക്കു റേഷന്‍കടയ്‌ക്കൊന്നു പോയിട്ട്
വല്ലതുമുണ്ടെങ്കില്‍ വാങ്ങിവായോ.
കഞ്ഞിക്കരിയില്ല, കാലണത്തുട്ടില്ല,
കാലക്കേടിന്നോ കുറവൊട്ടുമില്ലേ !
കഞ്ഞിക്കലത്തിനു ചുറ്റും തിരിയുന്ന
പൈതങ്ങളോടിനിയെന്തു ചൊല്ലാന്‍ !
കണ്ണുനീര്‍സ്സദ്യയൊരുക്കുവാനെന്തിനായ്
വന്നണയുന്നു നീ പൊന്നോണമേ…!!

ശിവരാജന്‍ ,കോവിലഴികം,
മയ്യനാട്…

By ivayana