രചന : മേരിക്കുഞ്ഞ്✍️
നമ്മളെന്ന മെഴു-
തിരികളൊന്നായി
കത്തിയുരുകിയ
തേതു തീയിനാൽ?
ഞങ്ങളെന്ന് വായ്ത്താരി.
നിങ്ങളെന്ന് മറുചേരി.
ഉലയൂതുന്നു കാപട്യം.
പടരുന്നു…. തീക്കാറ്റ്.
വെറുപ്പുകൾ പെറ്റു
കൂട്ടിടും കറുത്ത
മാർജ്ജാരി തൻഈറ്റു
നോവിൻഅലർച്ചകൾ
അകലെയുയരുന്നു
അരികിലണയുന്നു.
സിരകളിൽ കെട്ടു
മങ്ങിടുന്നൂർജ്ജ
ജീവരക്തത്തിൻ
ശോണശോഭകൾ!
സ്വാർത്ഥ നാഗംചുറ്റി
വരിഞ്ഞ മന്ഥരം
മർത്ത്യനാഭിയിൽ
തിരിഞ്ഞു പൊന്തുന്നു;
അമർന്നു താഴുന്നു.
കടഞ്ഞെടുക്കും
വിഷം ;
മണ്ണിൽ വീഴാതെ
വിഴുങ്ങുവാൻ വീണ്ടും
ഉയിരെടുക്കുമോ
നീലകണ്ഠനായ്
ഒരുവനിവിടെയീ
പുണ്യഭൂമിയിൽ ?
ഇല്ലെന്ന്
നിരാശാ തപ്തമാനസം!
നടനരാജ നായവൻ
ചുവടുകൾ സർവ്വം
മറവിതൻ പൊക്കണ
ക്കെട്ടിലാക്കി ചുമ-
ലേറ്റി മാമഹാ
തമസ്സിലാണ്ടുപോയ്!