ഇല്ല എന്നൊന്നെങ്ങുമില്ല, സുഭിക്ഷത
ഉണ്ടെങ്ങുമെല്ലാർക്കുമൊപ്പ – മീ ദർശനം,
ഭാവാത്മകത്വം തുളുമ്പുന്ന പൊന്നൊളി-
പ്പൂനിലാ ചിന്തു പാടുന്നുവോ തുമ്പികൾ!
ശുഭ്റവസ്ത്രം ധരിച്ചെത്തുന്ന വാമനർ –
പാദം പതിച്ച കൃഷിസ്ഥലം പാതയായ്,
പഞ്ഞമാസത്തിലെ തോരാപെരുമഴ –
ക്കാട്ടിൽ ചുരുണ്ടിരിപ്പാണിങ്ങ് കർഷകർ !
എന്തിനായിങ്ങ് പുറപ്പെടുന്നൂ ബലി –
പീഠങ്ങളിൽ ഞങ്ങൾ കാത്തിരിപ്പാ-ണെന്ന്
വീഴും കൊലക്കയർ എന്നറിയാതെയീ
നാട്ടിൻ പ്രജകളായിന്നു ജീവിക്കവെ!
കോട്ടുസൂട്ടിട്ട വ്യാപാരതന്ത്രങ്ങളാൽ
വാഴുന്നു ഭൂമി സുതലമാക്കി ഇവർ,
നാടുവാഴി പ്രഭുത്വം കൊണ്ട വൈദിക –
വൈഭവച്യൂതം ഭുജിച്ചു മൃഷ്ടാന്നമായ്!
നാട്ടിൻ പ്രജകളായ് ഞങ്ങളെ കാണുവാൻ
സന്മാർഗബോധം വെടിഞ്ഞ മാവേലികൾ
തേടുന്നു തന്മയീഭാവത്തിൽ ചൂഷണം –
ചെയ്ത് സ്വതന്ത്രം പരിലസിച്ചീടുവാൻ!
നിന്നെ വഞ്ചിക്കുവാൻ തന്ത്രം മെനയുന്ന
മന്ത്രിമാർ രാജ്യാധിപന്മരായ് നൽകുന്ന
ഭിക്ഷയാം ഈ ഓണക്കിറ്റുകൾ തേങ്ങുന്നു,
എന്തിനീ കോഴ, കാപട്യം മറയ്ക്കുവാൻ!
നീ സുതലത്തിലും ഞങ്ങൾ പുറത്തുമായ്
വാഴുന്നവർ നമ്മളെന്നും പ്രവാസികൾ,
ഏറെ പ്രകീർത്തമാം നിൻ പ്രജാ വത്സല –
സൌഭഗം തേടുന്ന നിന്നഭികാമികൾ!
നീ നിൻ പ്രജകളെകാണുവാൻ മോഹിച്ചു
തുമ്പയും തുമ്പിയും ചിങ്ങനിലാവുമായ്
പെണ്ണിൻ പുലരികൾ പീഡനാവർത്തമാം
ഈ ദൈവഭൂമിയിലേക്കെഴുന്നെള്ളിയോ?!
എത്രയാണെങ്കിലും നിൻ കാമ്യ സംസ്കൃതി
ധന്യമെന്നും കുടി കൊണ്ടൊേരാത്മാവുമായ്
കാത്തിരിപ്പൂ ഞങ്ങളെന്നും പ്രതിക്ഷയായ്
ഭാവാത്മദീപ്തമാം നിൻ ശ്രഷ്ഠ ദർശനം!!
ജനാർദ്ദനൻ കേളത്

By ivayana