രചന : കെ.ആർ.സുരേന്ദ്രൻ✍️
ക്ഷോഭത്തിന്റെ
കടൽ പോലെ
അശാന്തമായ
യുദ്ധഭൂമിയിൽ നിസ്സംഗന്റെ
മുഖപടമണിഞ്ഞ് യുദ്ധകാര്യലേഖകൻ.
അന്ധനായ ശത്രു
തൊടുക്കുന്ന
മിസ്സൈൽ ശരങ്ങളേറ്റുടഞ്ഞുവീഴുന്ന
അപ്പാർട്ടുമെന്റുകളുടെ
കൂനകളിൽ
ജീവനോടെ ഒടുങ്ങിയ
ജന്മങ്ങൾക്ക് എണ്ണമില്ലെന്നറിയുമ്പോഴും
തന്റെ മാധ്യമത്തിനായി
റിപ്പോർട്ടുകളുടെ
നീണ്ട പട്ടിക നിരത്തുന്ന
യുദ്ധകാര്യലേഖകൻ.
നാശങ്ങളുടെ
കൂമ്പാരങ്ങൾക്കിടയിൽ
നിന്ന്
വക്ക് കരിഞ്ഞ
ഒരു കുടുബ ഫോട്ടോ
ചോരയുടെ
അരുവികളൊഴുകി,
രക്ഷിക്കൂയെന്ന്
നിലവിളിക്കുമ്പോഴും,
തൊണ്ട കടഞ്ഞ്,
നിസ്സംഗന്റെ
മുഖപടമണിഞ്ഞ്
യുദ്ധകാര്യലേഖകൻ,
ഫോട്ടോയെടുത്തുയർത്തി
ലോകത്തിൻ്റെ
കണ്ണുകളിലേക്ക്
ആനയിക്കുമ്പോഴും,
നിസ്സംഗന്റെ
മുഖപടമണിഞ്ഞ്
യുദ്ധകാര്യലേഖകൻ.
പ്രസ്സിന്റെ പടച്ചട്ടക്കും,
ശിരോകവചത്തിനും
ശത്രുവിന്റെ
തീശരങ്ങളെ
തടുക്കാനാവില്ലെന്നറിഞ്ഞ്,
മൃത്യുഭയത്തെ
അകമേയൊളിപ്പിച്ച്,
നിസ്സംഗന്റെ
മുഖപടമണിഞ്ഞ്
യുദ്ധകാര്യലേഖകൻ.
അപായത്തിൻ്റെ
സൈറണുകളുടെ
ഹുങ്കാരങ്ങൾക്കമ്പടിയായി
സ്ഫോടനങ്ങളും,
വെടിയൊച്ചകളും
വേട്ടയാടുമ്പോൾ
ഒളിയിടം തേടി
കുനിഞ്ഞോടുമ്പോഴും,
നിസ്സംഗൻ്റെ
മുഖപടമണിഞ്ഞ്
യുദ്ധകാര്യലേഖകൻ.
അസ്തിത്വം
എത്രയോ ലോലമായ
ഇതളുകളോടുകൂടിയ
പനിനീർപ്പൂവെന്നറിയുന്ന
നിസ്സംഗന്റെ
മുഖപടമണിഞ്ഞ
യുദ്ധകാര്യലേഖകൻ.