ഓണക്കിനാവേറി
വന്നോരു ഓർമ്മയ്ക്ക്
ആരോ ഇന്ന് ശ്രാദ്ധമൂട്ടി
ദുരിതവും ദുഖവും
പ്രാണനും നേദിച്ച്
ഓർമ്മകൾക്കെല്ലാം ബലിയിടുന്നു
പൊൻചിങ്ങത്തേരേറി
വന്നോരു മന്നനെ
ചാക്കാലചൊല്ലി പടിയടച്ചു
കൈകൊട്ടിയാർക്കുന്നു
ചാവുപാട്ടോതുന്നു
ഓർമ്മകളെല്ലാം കെട്ടകാലം
ഹൃദയത്തിൻ നാക്കില
ചീന്തിൽ ഒരു തുള്ളി
കണ്ണുനീരർപ്പിച്ച് പിൻവാങ്ങുന്ന
മാവേലിമന്നന്റെ നിലവിളിപ്പാട്ടുകൾ
നാട്ടകമാകെ ഉലച്ചീടുന്നു
ഹർഷമോർമ്മകൾ
ഏറെയില്ലെങ്കിലും
ഓർമ്മകൾ നമ്മൾ
പാടെ മറക്കൊലാ
ജീവിതംപൂക്കും കാലംവരും സത്യം
അത്രമേൽ സ്നേഹം പൂ ചൂടുമേ
അന്നെന്റെ മാവേലി
ഈ നാട്ടുപന്തലിൽ
ഒത്തുചേർന്നൊന്നായ് നമുക്കുംപാടാം….

By ivayana