വിദേശത്ത് കുടുങ്ങി കിടക്കുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചതോടെ നിരവധി പേരാണ് നോര്‍ക്ക വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് നോര്‍ക്കയില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഇതുവരെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 1,65,631 പേരാണ്. പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം വേണമെന് കേന്ദ്രത്തോട് നോര്‍ക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

161 രാജ്യങ്ങളില്‍ നിന്ന് രജിസ്ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യു.എ.ഇയില്‍ നിന്നാണ്.വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങി വരുന്നവരുടെ കണക്ക് തയ്യാറാക്കി ക്വാറന്റൈന്‍ സൌകര്യം ഒരുക്കാന്‍ വേണ്ടിയാണ് നോര്‍ക്ക വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ ആരംഭിച്ചത്.‘ഒരു കുടുംബത്തിന് മുഴുവനായിട്ട് രജിസ്റ്റര്‍ ചെയ്യുന്നത് നിലവില്‍ സംവിധാനമില്ല. വ്യക്തികളെ മാത്രമാണ് രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തുന്നത്. രജിസ്ട്രര്‍ ചെയ്യുന്നവരെ വെരിഫൈ ചെയ്യുന്നതിനായി ഫോണ്‍ വഴിയോ മറ്റോ ബന്ധപ്പെടും. അതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.‘രോഗലക്ഷണം ഒന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വീടുകളില്‍ അതിനുള്ള സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ഒരുക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ കഴിയണം. വിദേശ രാജ്യത്ത് യാത്രാസൗകര്യമില്ലാതെ കുടുങ്ങിപ്പോയവര്‍ നാട്ടിലേക്ക് വരാന്‍ വലിയതോതില്‍ ആഗ്രഹിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി നിരന്തരം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്’,മുഖ്യമന്ത്രി പറഞ്ഞു.

By ivayana