കവിയും സാമൂഹ്യപ്രവർത്തകനുമായ റോയ് കെ ഗോപാൽ, സമൂഹ മാധ്യമങ്ങളുടെ പ്രാരംഭ ദിശയിൽത്തന്നെ എഴുത്തിന്റെ വഴിയിൽ ശ്രദ്ധ്യേയമായ സാന്നിദ്ധ്യം ഉറപ്പിച്ച വ്യക്തിയാണ്. സമൂഹമാധ്യമങ്ങളിലും, അവയുടെ കൂട്ടായ്മകളിലും സജീവ സാന്നിദ്ധ്യം ഉറപ്പിച്ചിരുന്ന റോയ്, തന്റെ കവിതകളിലൂടെ ആശയപ്രചരണവും, നിലപാടുകളും ശക്തമായി വ്യക്തമാക്കുന്നതിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ വ്യക്തികൂടിയാണ്. അനാചാരങ്ങൾക്കും, അധാർമ്മികതയ്ക്കും എന്നും എതിരായിരുന്നു ഈ ക്ഷുഭിത യവ്വനം. ശരിപക്ഷം ചേർന്നുകൊണ്ട് തന്റെ നിലപാടുകളെ കവിതകളാക്കി റോയ് സമൂഹത്തിനുമുന്നിൽ സമർപ്പിച്ചു.സമൂഹമാദ്ധ്യമ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി റോയ് നടത്തിയിട്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ എണ്ണമറ്റതാണ്. അസുഖബാധിതരെയും, അതിജീവനത്തിനായി കഷ്ടപ്പെടുന്നവരെയും കണ്ടെത്തി അവർക്ക് അർഹമായ സഹായം സ്വന്തം നിലയിൽ എത്തിക്കുന്നതിലും, അവരുടെ വിഷമതകൾ സമൂഹമദ്ധ്യത്തിൽ എത്തിക്കുകയും, ആവും വിധം സഹായിക്കുവാൻ സന്നദ്ധരായ സമാന മനസ്ക്കരായ വ്യക്തികളെ സംയോജിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളിൽ എന്നും റോയ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു.റോയ്-യുടെ ഇടപെടലുകൾ മൂലം ഭാവനരഹിതരായ പലവ്യക്തികൾക്കും സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുവാൻ സാധിച്ചിച്ചിട്ടുണ്ട്.കേരളമാകമാനം പടർന്നുപന്തലിച്ചിട്ടുള്ള സൗഹൃദ വടവൃക്ഷം റോയ് സ്വന്തമാക്കിയത് തന്റെ കലർപ്പില്ലാത്ത നിലപാടുകളിലൂടെയായിരുന്നു. സഹ ജീവികളോട് സഹാനുഭൂതിയുള്ള കവിമാത്രമായിരുന്നില്ല റോയ് കെ ഗോപാൽ, സാധുക്കളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിലും ആവും വിധം റോയ് സജീവമായി ഇടപെട്ടിരുന്നു. “പെണ്ണാണ് മണ്ണല്ല” എന്ന നവമാധ്യമ കൂട്ടായ്മയിലൂടെ ലോക മലയാളികളെ ഒരുകുടക്കീഴിൽ സംഘടിപ്പിക്കുകയും, സ്ത്രീകൾക്കെതിരെ ഉയരുന്ന അതിക്രമങ്ങൾക്ക് നേരെ ശക്തിയുക്തം പ്രതിരോധം സൃഷ്ടിക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് നെടുനായകത്വം വഹിച്ചുവരുകയും ചെയ്തിരുന്ന സമയത്താണ് വിധി വൈപരീത്യമെന്നോണം, മൂന്നു വർഷങ്ങൾക്ക് മുൻപ് പ്രവാസ ജീവിതത്തിനിടയിൽ റോയ് കെ ഗോപാലിന് പക്ഷാഘാതം സംഭവിക്കുകയും, ശയ്യാവലംബനാവുകയും ചെയ്തത്.ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു റോയ് കെ ഗോപാൽ. വാടകവീട്ടിൽ കഴിയുന്ന റോയ്ക്ക് സ്വന്തമായി ഭൂമിയോ, വീടോ ഉണ്ടായിരുന്നില്ല. ഈ അവസരത്തിലാണ് “റോയ്ക്കൊരു വീട്” എന്ന ലക്ഷ്യവുമായി റോയ് കെ ഗോപാലിന്റെ സുഹൃത്തുക്കളുടെ കൂട്ടായ്മ മുന്നോട്ടു വരുന്നത്.സുഹൃത്തുക്കളുടെ സഹായത്തോടെ “പുള്ളിക്കണക്കന്റെ കവിതകൾ”, ” വെയിൽക്കുത്ത്” എന്നീ രണ്ട് കവിത സമാഹാരങ്ങൾ ഇതിനോടകം പുറത്തിറക്കുവാനും റോയ് കെ ഗോപാലിന് കഴിഞ്ഞിട്ടുണ്ട്.സാമൂഹിക നവോഥാനത്തിന് വേണ്ടിയും, പ്രബുദ്ധതയ്ക്കുവേണ്ടിയും തന്റെ കവിതകളിലൂടെ ശബ്ദമുയർത്തിയ കവിയ്ക്ക് കൈത്താങ്ങേകുക എന്ന ലക്ഷ്യവുമായി ആരംഭിച്ച “റോയ്‌ക്കൊരു വീട്” പദ്ധതിയുടെ വിജയത്തിനായി എല്ലാ സുമനസ്സുകളുടെയും സഹായസഹകരണങ്ങൾ സാദരം പ്രതീക്ഷിക്കുന്നു.വിശ്വസ്തതയോടെ,പ്രമോദ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)സതീഷ് (ഭാരതീയ ജനതാ പാർട്ടി)ശ്രീജിത്ത് (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ [മാർക്സിസ്റ്റ്])