ശ്രാവണം വന്നുനിന്നു പുഞ്ചിരിക്കുന്നൂ
ചിങ്ങപ്പെണ്ണിന്റെ താലോലം കണ്ട്,
ചിങ്ങപ്പെണ്ണിൻ പൊന്നാവണിവാടിയിൽ തുമ്പപ്പൂ നിന്നു ചിരിക്കുന്നൂ,
പൂക്കളത്തിന് താരാട്ടാകുവാൻ.
കോളാമ്പിയും കാശിത്തുമ്പയും അരിപ്പൂക്കളും
നിറങ്ങളുടുത്തു വമ്പുന്നു,
പൂത്താലത്തിൽ കുമിഞ്ഞുനിവരാൻ.
ചെങ്കദളിയും രാജമല്ലിയും ചിറ്റാരംചൊല്ലി ചിരിക്കുന്നു,
പൂക്കളത്തിൽ നിറങ്ങൾ
വിതാനിക്കുവാൻ.
ചെത്തിയും ചെമ്പരത്തിയും വാടാമല്ലിയും
ചെറുകാറ്റോളങ്ങളിൽ ചാഞ്ചാടുന്നൂ,
വർണ്ണങ്ങൾ വാരിവിതറുവാൻ.
തുളസികതിരും മുക്കുറ്റിപ്പൂവും
തത്തികത്തരികിട തത്തുന്നൂ
അവരില്ലാതെയൊണപ്പൂക്കളമില്ലെന്നഹന്ത മൂത്ത്.
ഓണംവന്നോണംവന്നോണം വന്നേ
മഞ്ഞണിഞ്ഞ ഓണത്തുമ്പികൾ
മാനത്തുപാറിക്കളിക്കുന്നൂ,
മാലോകരേ ഓണത്തെവരവേൽക്കൂ
എന്നാഹ്വാനമോടെ.
മഞ്ഞക്കിളികൾ പാടുന്നൂ
ഓണപ്പൂക്കളമൊരുക്കാറായ്
ചിങ്ങപ്പെണ്ണേ പൊന്നാ വണിയേ ഓണപ്പൂക്കളമൊരുക്കാമോ
അത്തംപത്തിനു പൊന്നോണം… !

ബിനു. ആർ.

By ivayana