ടാപ്പിങ്തൊഴിലാളിയായ വറീത് പെണ്ണുകെട്ടിയത് ഏതാണ്ട് അമ്പതുവയസ്സ് കഴിഞ്ഞിട്ടാണ്… അപ്പനു ശേഷം അമ്മച്ചിയും പോയേപ്പിന്നെയാണ് അയാൾക്കൊരു തുണ വേണമെന്ന് തോന്നിയത്. അങ്ങനെയാണ്, രണ്ടാംകെട്ടാണേലും സുന്ദരിയായ കൊച്ചുത്രേസ്യയെ മിന്നുകെട്ടിയത്. അവളുടെ ആദ്യഭർത്താവിന് ഭ്രാന്തായിരുന്നത്രേ!പുതിയ ദാമ്പത്യം തുടങ്ങിയിട്ടിപ്പോൾ കൊല്ലം നാലായി, അതിനിടെയാണ്, വറീതിനെ ആമവാതം പിടികൂടിയത്… അവർക്കൊരു കുഞ്ഞുണ്ടാവാനും യോഗമുണ്ടായില്ല.

ദീനവേദന വിട്ടുമാറാത്ത അയാൾക്കിപ്പോൾ റബ്ബർപ്പാലെടുക്കാനൊന്നും വയ്യാതായി. ആയിടയ്ക്കാണ് ഇടവകയിലെ ഗൾഫുകാരനായ ആൻ്റണിയുടെ ഭാര്യ പ്രസവിച്ചതും കൊച്ചിനെ നോക്കാൻ അയാളുടെ അപ്പൻ ഔസേപ്പച്ചൻവന്ന് കൊച്ചുത്രേസ്യയെ വിളിച്ചതും. ആദ്യമൊന്നു നീരസം കാണിച്ചെങ്കിലും വറീതും സമ്മതിച്ചു.തുടക്കമൊക്കെ ത്രേസ്യ ദിവസവും കിടക്കാൻനേരം വരാറുണ്ടായിരുന്നു… ഇപ്പോൾ വല്ലപ്പോഴുമൊക്കെവന്ന്, എന്തേലും വച്ചുണ്ടാക്കിക്കൊടുത്ത്, കൊച്ചിനെ നോക്കാൻ പോകും. വളഞ്ഞുതുടങ്ങിയ വറീത്, ഔസേപ്പച്ചൻ അവളുടെ കൈയിൽ കൊടുത്തുവിട്ട ഊന്നുവടിയിൽതാങ്ങി വീടിനുള്ളിൽ ദിവസങ്ങൾ നീക്കി!ഒരു ദിവസം രാവിലെ മുല്ലപ്പൂവിൻ്റെ സെൻ്റുമണത്തോടെ കൈയിലൊരു അറബിക്കവറുംപിടിച്ച് കയറിവന്ന കൊച്ചുത്ര്യേസ്യയെക്കണ്ടപ്പോൾ…

‘ഇവൾക്ക് ഭംഗി കൂടിവരുന്നല്ലോ’ എന്നൊരാത്മഗതത്തോടെ വറീത് ചോദിച്ചു: “നിനക്കെന്താ അവിടത്തെ വേലയങ്ങ് വല്ലാതെ പിടിച്ചോ…മാസം അഞ്ചാറുകഴിഞ്ഞു? അവിടെത്തന്നെയാണല്ലോ തീറ്റയും പൊറുതിയും! ഇങ്ങനൊരു പ്രാണനിവിടെക്കിടക്കണ കാര്യം ഓർക്കണൊണ്ടോ നീ? ങ്ഹാ… അതുപോട്ടേ, എന്തുവാടീ ആ കവറില്?””ആൻ്റണി ഗൾഫീന്നു വന്നപ്പോൾ കൊണ്ടുവന്നതാ, നിങ്ങക്കു തരാൻ ഒരൂട്ടണ്ട്!”കവർ തുറന്ന്, ജോണിവാക്കറിൻ്റെ ഒരു കുപ്പിയിൽ പാതിയോളം മദ്യവും ടൈഗർബാമും സ്പ്രേയും സാരിയും പുറത്തെടുത്ത്, ബാമും കുപ്പിയും അയാൾക്കരികിൽ വച്ച്, സാരിയും സെൻ്റുമെടുത്തലമാരയിൽവച്ച് അവൾ കുളിക്കാൻപോയി.”കുപ്പിയിൽനിന്ന് മദ്യം കുറച്ചു ഗ്ലാസിലൊഴിച്ചു മോന്തി, ടൈഗർബാമെടുത്തൊന്ന് മണത്തുകൊണ്ട് കട്ടിലിൽ മലർന്ന വറീതിനെ ചിന്തകൾ കാടുകയറ്റുകയാണ്…

പെട്ടന്നാണ് ത്രേസ്യയുടെ നിറുത്താതെയുള്ള ഓക്കാനം ‘കേട്ട് അയാളാ കാടിറങ്ങിയത്.”എന്താട്യേ?” എന്നുചോദിച്ച്, വേച്ചുവേച്ചങ്ങോട്ടു ചെല്ലുമ്പോൾ അവൾ കുളികഴിഞ്ഞീറൻമാറാതെ വരാന്തയിൽനിന്ന് ഛർദ്ദിക്കുകയാണ്.”എന്താടീ? എന്നാ പറ്റീ? എന്തുവാ ഉച്ചയ്ക്ക് വലിച്ചുകേറ്റിയത്? അല്ലേലും നീയിപ്പോൾ നല്ല തീറ്റയാ… കണ്ടില്ലേ പോത്തുപോലെ കൊഴുത്തത്!”അവളുടെ നനഞ്ഞ പുറം പതുക്കെ തലോടി അയാൾ ‘സാരല്യാ’ എന്നുപറഞ്ഞപ്പോൾ… അവളാ കൈയ് തട്ടിമാറ്റി മുറിയിലേക്കോടി!വറീത് നേരത്തേ കയറിയ കാട് പതുക്കെ കത്തുവാൻ തുടങ്ങി! അയാൾ കട്ടിലിലേക്കു ചേക്കേറി വിയർത്തുകിടന്നു…

കുറച്ചുകഴിഞ്ഞ് അവൾ പുതിയ ഗൾഫുസാരിയുമെടുത്ത്, സെൻ്റടിച്ച് അയാൾക്കരികിലെത്തി!”ഞാനങ്ങോട്ട് പോകുവാ… കൊച്ചിൻ്റെ മാമോദീസയാണിന്ന്. ആൻ്റണിക്ക് ലീവില്ല അവൻ പെണ്ണിനേം കൊച്ചിനേംകൊണ്ട് നാളെത്തന്നെ ഗൾഫിലേക്കുപോകും. അവൾക്കവിടെ ജോലി ശരിയായിട്ടുണ്ടത്രേ! ഔസേപ്പച്ചൻ ഒറ്റയ്ക്കാണെന്നറിയാലോ? ഒരറ്റാക്ക് കഴിഞ്ഞ മനുഷ്യനല്യോ? എന്നോടവിടെ ഹോംനേഴ്സായി നില്ക്കാൻ പറഞ്ഞേക്കുവാ… പതുക്കെ ഞങ്ങളേം ഗൾഫിലോട്ട്, കൊണ്ടുവാന്ന് പറഞ്ഞേക്കണ്! നിങ്ങക്കിവിടെ തിന്നാനും കുടിക്കാനും മരുന്നിനും ഒരു ബുദ്ധിമുട്ടും ഈ ത്രേസ്യാമ്മ വരുത്തില്ല.” മുഖത്തുനോക്കാതെ ഇത്രയൊക്കെപ്പറഞ്ഞ്, ബാഗുമെടുത്തവളിറങ്ങുമ്പോൾ…

കൊച്ചുത്രേസ്യയിൽനിന്ന് ത്രേസ്യാമ്മയിലേക്കുള്ള ആറുമാസത്തെ ദൂരത്തെ അയാൾക്കളക്കുവാനായോ?സമയം ഇരുട്ടാകുന്നു. ഇന്നാ മദ്യം അവൾ കൊടുത്ത വിഷവീഞ്ഞാണ്! അയാളതിൻ്റെ അവസാനതുള്ളിയിൽ മുഴുവനായും നീലിച്ചു! ഗ്ലാസിൽ അലിയാതെ കിടന്ന ഫ്യൂരുടാൻ്റെ തരികളിലേക്ക് ചിറകില്ലാതെ വീണ ഒരീയ്യാൻപാറ്റ പിടഞ്ഞു. കട്ടിലിൽ ചുറ്റിലുമായി കത്തിച്ചുവച്ചിരുന്ന മെഴുകുതിരികൾ അവസാനപ്പടർച്ചയിൽ കിടക്കയിലേക്കും വറീതിലേക്കും ആളി! അടുത്തല്ലാത്ത അയൽക്കാരെത്തുമ്പോഴേക്കും ആ തീ പുകയും ചാരവുമൊക്കെയായി, നാട്ടുകാർക്കൊരു കിംവദന്തിയായി പരിണമിച്ചിരുന്നു!

By ivayana