കല്യാണത്തിൻ്റന്ന് രാത്രി
കെട്ടിയോൻ്റെ വിയർപ്പുനാറുന്ന
മുറിയിലേയ്ക്ക് ,
നാത്തൂന്മാർ കല്യാണിയെ
തളളിയാക്കി വാതിലടച്ചതിൻ്റെ
പിന്നാലെയായിരുന്നു പ്രഖ്യാപനം
ഞെട്ടിത്തിരിഞ്ഞ ,
വേലുവിൻ്റെ കക്ഷത്തിൽ നിന്ന്
നീണ്ടു നിൽക്കുന്ന ,
ചെമ്പൻ രോമങ്ങൾ കണ്ട്
കല്യാണിക്ക് ഓക്കാനം വന്നു
കട്ടിലിൽ നിന്ന് ,
കെട്ടിയോൻ കള്ളു കച്ചോടക്കാരൻ
വേലു പിടഞ്ഞെണീറ്റു
വീണ്ടുമിരുന്നു
ആദ്യരാത്രിയല്ലേ …
പെണ്ണിന് പേടിയില്ലേ…
വയറ്റിലെ കള്ള് മുരണ്ടു
പാൽ പാതി കുടിച്ച്,
പെണ്ണിന് കൊടുക്കുമ്പോൾ
അയാളുടെ കണ്ണുകളിൽ
ഒരശ്ലീലച്ചിരി തുറന്നടഞ്ഞു
കല്യാണിക്ക് വീണ്ടും മനംപിരട്ടി
മീശയുടെ അറ്റത്ത്
പറ്റി നിന്ന പാലിൻ്റെ വെളുപ്പിലേക്ക്
നോക്കിയവൾ
പാൽഗ്ലാസ് മാറ്റിവച്ചു
അത് നീ കുടിക്കണം അതാണാചാരം
വേലു വീണ്ടും അശ്ലീലം നുണഞ്ഞു
ഞാൻ കഴിച്ചേൻ്റെ ബാക്കി ,
ഞാൻ കണ്ടേൻ്റെ ബാക്കി ,
ഞാൻ കുടിച്ചേൻ്റെ ബാക്കി ,
എൻ്റെ ബാക്കി മാത്രമാണ് നീയെന്ന്
വേലു മുരണ്ടു
ഞാൻ എങ്ങനെ നിങ്ങടെ ബാക്കിയാകും ?
എൻ്റപ്പൻ ദിവാകരൻ
അമ്മ ഭവാനി …
നിങ്ങടപ്പൻ ദിവാകരനല്ലാത്തൊരാൾ
അമ്മ ഭവാനിയല്ലാത്തൊരാൾ
ഞാനെങ്ങനാ നിങ്ങടെ ബാക്കിയാകുന്നെ ?
അതൊന്നും എനിക്കറിയാമ്മേല
എന്നോടമ്മ പറഞ്ഞിട്ടൊണ്ട്
എന്നോടച്ഛൻ പറഞ്ഞിട്ടൊണ്ട്
വേലു ഉരുവിട്ടു
ഗ്ലാസിൽ ബാക്കി വന്ന പാലെടുത്ത്
ജനലിലൂടെ കളഞ്ഞ്
കല്യാണി വീണ്ടും പറഞ്ഞു
ഞാൻ പെറത്തില്ല
വീട്ടുസഭ കൂടി
തോന്ന്യാസക്കാരിയെ
ഞങ്ങടോന് വേണ്ട
അമ്മായിയമ്മ തീർത്തു പറഞ്ഞു
എല്ലാത്തിനും പരിഹാരമില്ലേ !
നാത്തൂൻമാർ കച്ചമുറുക്കി ,
കല്യാണിയെ വളഞ്ഞു പിടിച്ചു
ഞാൻ പെറഞ്ഞില്ല ,
ഇല്ല … ഇല്ല…
പെണ്ണിന് ബാധ കേറിയതാ
മന്ത്രവാദി വന്നു
മന്ത്രക്കളം ഒരുങ്ങി
നീ പെറുവോടീ …?
പെറത്തില്ല …
ചൂരലടി ഒന്ന് പുറംവഴി
പെറാവോടീ …?
ഇല്ല …
ചൂരൽപ്രയോഗം തൊടയ്ക്കിട്ട് രണ്ട്
നീ പെറത്തില്ലേ …?
കല്യാണി ചാടിയെണീറ്റു
കണ്ണു ചുവന്നു
സാരിയുയർത്തി കുത്തി
ചൂരൽപ്രയോഗം
മന്ത്രവാദിയുടെ പുറത്ത് മൂന്ന്
പെറണോടാ ഞാൻ ?
വേണ്ടേ … വേണ്ടേ…
മന്ത്രവാദി കണ്ടംവഴി വെരണ്ടോടി
പിറ്റേന്ന് ,
പെറന്ന വീട്ടിൽ കല്യാണി വന്നു
വേലുവാ പടി ചവിട്ടിയില്ല
കല്യാണിയാരുടേം കുഞ്ഞിനെ പെറ്റില്ല …
കല്യാണി മുല ചുരത്തിയില്ല
കല്യാണി പെണ്ണായിത്തന്നെയിരുന്നു.
വൈഗ ക്രിസ്റ്റി