ഇരുട്ടിലേക്ക് അമ്പെയ്യുന്നവർ
മുറിവുകളെ
വസന്തമാക്കുന്നവർ
ഒരു തരി ഉപ്പിൽ
ഉൾക്കടൽ നിറയ്ക്കുന്നവർ
ഒരു തുള്ളി മഞ്ഞിൽ
ഹിമാലയം കീഴടക്കുന്നവർ
കൽപ്പാന്തകാല പ്രണയ സംജ്ഞകൾക്ക്
ജീവിതം ബലി കൊടുത്തവർ
മരണത്തേക്കാളും
ഭയാനകമായ മൗനങ്ങളുടെ
കൂട്ടുകാർ
ഏകാന്തതകളുടെ
സെമിത്തേരിയിൽ
അവസാനത്തെ സ്വപ്നവും
മെഴുകുതിരിയാക്കുന്നവർ
കള്ളിമുള്ളുകളുടെ
കടവിൽ
കാലത്തെ
അലക്കി വെളുപ്പിക്കുന്നവർ
കാത്തിരിപ്പുകളുടെ
രാജ്യത്ത്
കാണാതായവർ
ഇടിമിന്നലുകളുടെ
ഘോഷയാത്രയിൽ
മുന്നേനടപ്പവർ
എഴുതി തീരാത്ത
ഒരു താളിൽ
ഒരു മരം ഉറങ്ങാതിരിക്കുന്നുവെന്ന്
തിരിച്ചറിഞ്ഞവർ
മാനിഷാദയിൽ
നിന്ന്
കവിതയുടെ പിടച്ചിലുകളിലേക്ക്
നാടുകടത്തപ്പെട്ടവർ
ഭൂമി
ഒരു തോന്നലാണെന്നും
ആകാശം
ആത്മാവിലേക്കുള്ള ആഴമാണെന്നും
ജീവിതത്തിന്റെ
ഭാഗപത്രത്തിൽ ഒപ്പിട്ടവർ
കവികൾ
യാത്രകൾക്ക് അന്നമായവർ
മാറ്റങ്ങൾക്ക്
രക്തസാക്ഷികളായവർ
കവികൾ
പിറവിക്കു മുമ്പേ
മരിച്ചു പോയവർ !

By ivayana