ആഴങ്ങളുടെയാകാശം
പരന്നുകിടക്കുന്ന മരുപ്പച്ച
പിരാനകളുടെ ചെങ്കടൽ .
മയിൽപ്പീലി കെട്ടിയ
കഴുകന്മാരുടെ
ഒളിഞ്ഞ ചുണ്ടുകൾ .
ചാകുവോളം നീണ്ട് നീണ്ട്
ചൂണ്ടക്കൊളുത്തുകൾ .
തിളയ്ക്കുന്ന
ജലപ്പരപ്പിലേയ്ക്ക്
കണ്ണുകളെരിഞ്ഞ
പരൽക്കുഞ്ഞുങ്ങൾ .
അടഞ്ഞുപോയ
ഭണ്ഡാരങ്ങൾക്കുള്ളിൽ
വിശപ്പിൻ്റെ ദേവരോദനം
അലറുന്ന പെരുമലകൾ
കുത്തിയൊലിയ്ക്കുന്ന
മരണച്ചാലുകൾ .
നാവരിഞ്ഞ്
കണ്ണുകൾ ചൂഴ്ന്ന്
വന്യരതികളുടെ
മാംസഭോജനം .
അഴുക്കുചാലുകളിൽ
റബ്ബറുറകൾക്കുള്ളിൽ
ചീഞ്ഞുകിടക്കുന്ന
കുടുംബാസൂത്രണങ്ങളിലേയ്ക്ക്
തൊഴിലില്ലായ്മയുടെ
മുഷ്ടിമൈഥുനം .
വർണ്ണസങ്കരങ്ങളിലേയ്ക്ക്
കൂർപ്പിച്ച് കുലച്ച
അസ്ത്രമുനകൾക്ക്
രക്തശിലകളിൽ
അഗ്നിപ്രതിഷ്ഠ .
മഴവില്ല് കെട്ടിയ
വാഗ്ദാനങ്ങളിലേയ്ക്ക്
പറന്നുവീണവരുടെ
വെന്തമരണങ്ങൾ .
നീന്തിത്തളർന്ന്
അവയവങ്ങളടർന്നലിഞ്ഞ
മരണങ്ങളിലൂടെ
പൊന്നുകെട്ടിയ
പള്ളിയോടങ്ങളിൽ
സ്വപ്നങ്ങളുടെ
കച്ചവടക്കാർ .
തീയിലെഴുതിയെഴുതി
വെന്തsർന്ന
വിരൽത്തുമ്പുകളിൽ
ഉരുകിയിറ്റുവീഴുന്ന
ജനാധിപത്യം .
മരണമേ ,
നീയെപ്പോഴും
ജീവിതത്തെ
തുറിച്ചുനോക്കുന്നതെന്തേ ?

By ivayana